July 13, 2025 |
Share on

‘സന്തോഷത്തോടെ ഞങ്ങൾ ലണ്ടണിലേക്ക് മടങ്ങുന്നു, ഗുഡ്ബൈ ഇന്ത്യ’; വേദനയായി സ്വവര്‍ഗ ദമ്പതിമാരുടെ ഇൻസ്റ്റ​ഗ്രാം വീഡിയോ

ഇന്ത്യയിലെത്തിയത് മുതലുള്ള അനുഭവങ്ങൾ ദമ്പതിമാർ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളായി പങ്കുവെച്ചിരുന്നു

ബ്രിട്ടീഷ് പൗരനായ ജെമീ മീക്ക് തന്റെ പങ്കാളിയായ ഫിയോം​ഗൽ ​ഗ്രീൻലോയ്ക്കൊപ്പം ഇന്ത്യയിൽ വെച്ചെടുത്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അഹമ്മദാബാദിൽ തകർന്നടിഞ്ഞ എയർ ഇന്ത്യ വിമാനത്തിൽ കയറുന്നതിന് മുൻപ് ഇരുവരും ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ അവരുടെ അവസാന നിമിഷങ്ങളാകുമെന്ന് അവർ ഒരിക്കൽ പോലും ചിന്തിച്ച് കാണില്ല.

വെൽനെസ് ഫൗണ്ടറി എന്ന ഇൻസ്റ്റ​ഗ്രാം പേജിലെ സ്റ്റോറിയിലാണ് തങ്ങൾ ഇന്ത്യയിൽ നിന്നും തിരികെ പോകുന്നുവെന്ന് സന്തോഷത്തോടെ പറയുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ‘ഞങ്ങൾ ഇപ്പോൾ വിമാനത്താവളത്തിലാണുള്ളത്. വിമാനത്തിലേക്ക് കയറാൻ പോകുന്നതേയുള്ളൂ, ഞങ്ങൾ രണ്ട് പേരും ഇം​ഗ്ലണ്ടിലേക്ക് മടങ്ങുകയാണ്. ​ഗുഡ് ബൈ ഇന്ത്യ..’​ഗ്രീൻലോയ്ക്കൊപ്പം പുഞ്ചിരിച്ച് കൊണ്ട് ജെമീ പറഞ്ഞു. സന്തോഷത്തോടെ, ശാന്തമായാണ് ഞങ്ങൾ തിരികെ പോകുന്നതെന്ന് ​ഗ്രീൻലോയും പറയുന്നതായി വീഡിയോയിൽ കാണാം. വെൽനെസ് ഫൗണ്ടറിയുടെ സ്ഥാപകരാണ് ജെമിയും ​ഗ്രീൻലോയും.

ബുധനാഴ്ച രാത്രി പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ ജെമീ ഇന്ത്യയിലെ തങ്ങളുടെ മനോഹരമായ അനുഭവങ്ങളെക്കുറിച്ച് പങ്കുവെച്ചിരുന്നു. അഹമ്മദാബാദിലെ ഹെറിറ്റേജ് ഹോട്ടലായ ദി ഹൗസ് ഓഫ് എംജെയിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇന്ത്യയിലെ തങ്ങളുടെ അവസാന രാത്രിയാണ് എന്നാണ് വീഡിയോയിൽ ജെമീ പറഞ്ഞത്.

ഇന്ത്യയിലെത്തിയത് മുതലുള്ള അനുഭവങ്ങൾ ദമ്പതിമാർ ഇൻസ്റ്റ​ഗ്രാം സ്റ്റോറികളായി പങ്കുവെച്ചിരുന്നു. ​ഗുജറാത്തിലെ രുചികരമായ താലി ഭക്ഷണം കഴിച്ചതും യാത്രയിൽ കണ്ടെതുമെല്ലാം ഇരുവരും വീഡിയിൽ പകർത്തിയിരുന്നു. തങ്ങളുടെ യാത്രയിലെ അനുഭവങ്ങൾ ചേർത്ത് വെച്ചുകൊണ്ട് ഒരു വ്ലോ​ഗ് ചെയ്യാനും പദ്ധതിയുള്ളതായി ജെമീയും ഗ്രീൻലോയും പറഞ്ഞിരുന്നു.

എന്നാൽ ജെമീക്കും ഗ്രീൻലോക്കും ലണ്ടണിലെത്താൻ സാധിച്ചില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് അഹമ്മദാബാദിൽ നിന്നും ലണ്ടണിലെ ​ഗാറ്റ്വിക്കിലേക്ക് തിരിച്ച എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനം ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ കത്തിയമരുകയായിരുന്നു. വിമാനപകടത്തിൽ മരിച്ചവരുടെ കണക്കുകൾ ഇപ്പോഴും കൃത്യമായി പുറത്തുവിട്ടിട്ടില്ല. മരിച്ചവരിൽ മെഡിക്കൽ വിദ്യാർത്ഥികളും നാട്ടുകാരും യാത്രക്കാരും ഉൾപ്പെടുന്നുണ്ട്.

അപകടത്തെ ദേശീയ ദുരന്തമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവിനോട് നിർദ്ദേശിച്ചതായി ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. അപകടകാരണമെന്തെന്നത് ഇപ്പോഴും വ്യക്തമല്ല. ഡിജിസിഎയും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നേതാക്കളും അപകടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. “വിനാശകരം” എന്നാണ് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ സംഭവത്തെക്കുറിച്ച് പറഞ്ഞത്. അതേസമയം, യൂറോപ്യൻ കമ്മീഷനും അയൽ രാജ്യങ്ങളിലെ നേതാക്കളും ഇന്ത്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Content Summary: Goodbye India: British gay couple in last video before boarding Air India

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×