ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി യുഎസിലെ വിദ്യാഭ്യാസ വകുപ്പ്. 1300ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. അമേരിക്കയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ മഹത്വം വീണ്ടെടുക്കാനുള്ള ഒരു സുപ്രധാന നീക്കമാണിതെന്ന് വിദ്യാഭ്യാസ സെക്രട്ടറി ലിൻഡ മക്മഹോൺ പറഞ്ഞു. .
വെട്ടിക്കുറയ്ക്കൽ നടപ്പിലാക്കുമ്പോൾ ജീവനക്കാരുടെ എണ്ണം പകുതിയായി ചുരുങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 572ഓളം ജീവനക്കാർ ഈ കഴിഞ്ഞ ഏഴ് ആഴ്ചകളിലായി സ്വയം വിരമിക്കൽ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പിരിച്ചുവിടുന്ന ജീവനക്കാർ അഡ്മിനിസ്ട്രേറ്റീവ് അവധിയിൽ പ്രവേശിച്ചതായാവും രേഖപ്പെടുത്തുക. സ്കൂളുകൾക്കുള്ള സഹായ വിതരണം, വിദ്യാർത്ഥികൾക്കുള്ള വായ്പാ സംവിധാനം എന്നിവ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഡിപ്പാർട്ട്മെന്റുകൾ അടച്ചു പൂട്ടുമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. കാബിനറ്റ് അംഗങ്ങൾക്ക് മാത്രമാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കാനുള്ള അധികാരമുള്ളതെന്ന് മക്മഹോൺ വ്യക്തമാക്കി. കോടീശ്വരൻമാരുടെ നികുതി കുറയ്ക്കാൻ വിദ്യാർത്ഥികളിൽ നിന്ന് പിടിച്ചുവാങ്ങുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ടെക്സസ് പ്രതിനിധി ഗ്രഗ് കാസർ എക്സിൽ കുറിച്ചു. തങ്ങൾക്കെതിരെ അന്വേഷണം നേരിടുന്നുവെന്ന് പരാമർശിച്ചു കൊണ്ട് 60ഓളം യൂണിവേഴ്സിറ്റികൾക്ക് മക്മഹോൺ ഇമെയിൽ അയച്ചു. പൌരാവകാശ നിയമലംഘനം നടത്തിയെന്ന് ആരോപിച്ചായിരുന്നു അന്വേഷണം. ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന് എതിരെ നടത്തിയ പ്രതിഷേധത്തെ മുൻനിർത്തി ആയിരുന്നു ആരോപണം.
വെട്ടിക്കുറയ്ക്കൽ നയത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ട്രംപ്. അധ്യാപക പരിശീലനത്തിനായി ഏർപ്പെടുത്തിയിരിക്കുന്ന തുക വെട്ടികുറയ്ക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ പദ്ധതിയ്ക്ക് എതിരെയും വ്യാപകമായ എതിർപ്പ് ഉയരുന്നുണ്ട്. രാജ്യത്ത് നിലനിൽക്കുന്ന വൈവിധ്യം, തുല്യത എന്നിവ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്ന ആരോപണങ്ങൾ ശക്തമാണ്. വിഭ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാനുള്ള ഉത്തരവിൽ ട്രംപ് ഒപ്പിടാനൊരുങ്ങുന്നുവെന്ന വാർത്ത ഈ മാസം ആദ്യമാണ് പുറത്തുവരുന്നത്. സെനറ്റിൽ വച്ച് നടന്ന ചർച്ചയിൽ വകുപ്പ് നിർത്തലാക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ മക്മഹോൺ അനുകൂലിച്ചിരുന്നു. അടച്ചുപൂട്ടൽ പ്രഖ്യാപനം ട്രംപ് നടത്തിയെങ്കിലും നിയമനിർമ്മാതാക്കൾ വകുപ്പിന്റെ ഫണ്ടിംഗ് നിയന്ത്രിക്കുന്നതിനാൽ കാബിനറ്റിന്റെ അംഗീകാരവും ഇക്കാര്യത്തിൽ ആവശ്യമാണ്. വിദ്യാഭ്യാസ വകുപ്പ് നിർത്തലാക്കണമെന്ന ആവശ്യം പല തവണയായി ട്രംപ് മുന്നോട്ട് വച്ചിട്ടുണ്ട്. തന്റെ ആദ്യ ഭരണകാലത്ത് അതിനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു. എന്നാൽ കോൺഗ്രസ് അന്ന് ട്രംപിന്റെ ആവശ്യം അനുകൂലിച്ചിരുന്നില്ല. വകുപ്പ് അടച്ചുപൂട്ടിയാലും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കും പ്രദേശങ്ങൾക്കുമുള്ള ഫെഡറൽ ധനസഹായം തുടരുമെന്ന് മക്മഹോൺ സെനറ്റ് അംഗങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ രാജ്യവ്യാപകമായി വിദ്യാഭ്യായ നിലവാരം ഉയർത്തുന്നതിൽ വകുപ്പിന് പ്രാധാന്യമുണ്ടെന്ന വിമർശനങ്ങളുമുണ്ട്. അടിയന്തര അടച്ചുപൂട്ടൽ കോടിക്കണക്കിന് ധനസഹായത്തെ തടസപ്പെടുത്തുമെന്ന് മുന്നറിയിപ്പുകളുണ്ട്.
content summary: The U.S. Department of Education is preparing to lay off 1,300 employees, as former President Donald Trump has vowed to shut down the agency