ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള കരാറില്‍ യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഒപ്പുവെച്ചു. കരാറിന്റെ ആകെ മൂല്യം 3.4 ബില്യൺ പൗണ്ട് ആണെന്നും കരാർ പ്രകാരം ബ്രിട്ടൻ പ്രതിവർഷം ശരാശരി 101 മില്യൺ പൗണ്ട് നൽകണമെന്നും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു. കരാർ തടഞ്ഞുകൊണ്ടുള്ള അവസാന നിമിഷം ഹൈക്കോടതിയുടെ ഉത്തരവ് വ്യാഴാഴ്ച പുലർച്ചെ പിൻവലിച്ചതിനെത്തുടർന്ന് ഒരു വെർച്വൽ ഒപ്പിടൽ ചടങ്ങിലൂടെയാണ് കരാർ അന്തിമമാക്കിയത്. യുകെക്കും യുഎസിനും സൈനിക താവളം ഉപയോഗിക്കുന്നത് തുടരാനുള്ള അനുമതി കൂടിയാണിത്.
ചെങ്കടലിലെയും ഇന്തോ-പസഫിക്കിലെയും സൈനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനും ദേശീയ സുരക്ഷയ്ക്ക് ഡീഗോ ഗാർസിയ താവളം നിർണായകമാണെന്ന് കരാർ ഒപ്പുവെച്ചുകൊണ്ട് കെയർ സ്റ്റാർമർ പറഞ്ഞു മൗറീഷ്യസുമായുള്ള ഉടമ്പടി മാത്രമാണ് താവളത്തിന്റെ ഭാവി സുരക്ഷിതമാക്കാനുള്ള ഏക മാർഗമെന്നും അല്ലാത്തപക്ഷം രാജ്യം അന്താരാഷ്ട്ര നിയമപരമായ വെല്ലുവിളികൾ നേരിടേണ്ടി വരുമെന്നും സ്റ്റാർമർ പറഞ്ഞു.
ഇന്ത്യൻ സമുദ്രത്തിൽ ഏകദേശം 60 ദ്വീപുകൾ ചേർന്നതാണ് ചാഗോസ്. ഇതിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർസിയ 99 വർഷത്തേക്ക് ബ്രിട്ടന്റെ ഉടമസ്ഥതയിൽ തുടരും. ബ്രിട്ടന്റെയും അമേരിക്കയുടേയും സംയുക്ത വ്യോമ – നാവിക താവളവും ഇവിടെയുണ്ട്. യുകെ, യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് ഡീഗോ ഗാർസിയ ഒരു പ്രധാന താവളമാണ്.
അതേസമയം, കരാറിനെ കൺസർവേറ്റീവ് പാർട്ടി വിമർശിക്കുകയാണ് ചെയ്തത്. ബ്രിട്ടന്റെ തന്തപ്രധാനമായ ആസ്തിയാണ് കിയര്‍ സ്റ്റാര്‍മര്‍ ഉപേക്ഷിക്കുന്നതെന്നാണ് കണ്‍സര്‍വേറ്റുകള്‍ ആരോപിക്കുന്നത്. ഡീഗോ ഗാര്‍ഷ്യയുടെ പാട്ടത്തിനായി വലിയൊരു തുക നല്‍കുന്നതിലൂടെ രാജ്യത്തെ നികുതിദായകരുടെ ചുമലില്‍ ഭാരം കൂട്ടുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
ചാഗോസ് ദ്വീപുകളുടെ ഔപചാരിക നിയന്ത്രണം മൗറീഷ്യസിന് യുകെ വിട്ടുകൊടുത്തു, പക്ഷേ തന്ത്രപ്രധാനമായ ഡീഗോ ഗാർസിയ താവളത്തിന്റെ ദീർഘകാല സൈനിക ഉപയോഗം ഉറപ്പാക്കി. ഈ കരാർ ചെലവേറിയതും വിവാദപരവുമാണ്, പക്ഷേ സുരക്ഷയ്ക്കും നിയമപരമായ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും യുകെ സർക്കാർ ഇത് ആവശ്യമാണെന്ന് കാണുന്നു.
ചാഗോസ് ദ്വീപുകള്‍ മൗറീഷ്യസിന് കൈമാറാനുള്ള തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തതായി ദി വയർ റിപ്പോർട്ട് ചെയ്തു. ഈ ഉഭയകക്ഷി ഉടമ്പടിയിലൂടെ ദീർഘകാലമായി നിലനിൽക്കുന്ന ചാഗോസ് തർക്കത്തിന് ഔപചാരിക പരിഹാരം കാണാൻ കഴിഞ്ഞത് ഒരു നേട്ടമാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു .
1814 മുതൽ ബ്രിട്ടനാണ് ചാഗോസ് ദ്വീപുകളും മൗറീഷ്യസും ഭരിച്ചിരുന്നത്. 1965ൽ മൗറീഷ്യസിനെയും ചാഗോസ് ദ്വീപുകളെയും രണ്ടായി വിഭജിച്ചു. 1968ൽ മൗറീഷ്യസിനു സ്വാതന്ത്ര്യം നൽകി. ചാഗോസ് ദ്വീപുകൾ ‘ബ്രിട്ടിഷ് ഇന്ത്യൻ ഓഷ്യൻ ടെറിട്ടറി’ എന്ന പേരിൽ കൈവശം വച്ചു. രാജ്യാന്തര നീതിന്യായ കോടതിയാണ് 2019ൽ ചാഗോസ് ദ്വീപ് മൊറീഷ്യസിനു തിരിച്ചുകൊടുക്കണമെന്നു നിർദേശിച്ചത്. എഴുപതുകളുടെ തുടക്കത്തിൽ ചാഗോസിയൻസ് എന്നറിയപ്പെടുന്ന ഇവിടത്തെ രണ്ടായിരത്തോളം നാട്ടുകാരെ ഡീഗോ ഗാർസിയ സൈനികത്താവളം നിർമിക്കുന്നതിനായി മൗറീഷ്യസിലേക്കും സെയ്ഷൽസിലേക്കും മാറ്റി. കുടിയൊഴിക്കപ്പെട്ടവർ യുകെ കോടതിയിൽ നിയമപോരാട്ടം നടത്തിവരികയായിരുന്നു.
കരാര്‍ പ്രകാരം ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിനായിരിക്കും. അതേസമയം അവിടെ പ്രവര്‍ത്തിക്കുന്ന യുകെ-യുഎസ് സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയുടെ അവകാശം 99 വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നിലനിര്‍ത്തും. പാട്ടത്തുകയായി വലിയൊരു സംഖ്യ യുകെ മൗറീഷ്യസിന് നല്‍കുകയും ചെയ്യും. ഈ തുക ചാഗോസ് നിവാസികളുടെ പുനരധിവാസത്തിന് ഉപയോഗിക്കാം. പക്ഷേ ഡീഗോ ഗാര്‍ഷ്യ ഒഴികെയുള്ള പ്രദേശത്ത് മാത്രമായിരിക്കും പുനരധിവാസം നടക്കുക.
Content Summary: Uk hands over Chagos Islands to Mauritius; India welcomes agreement