യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തുവരണമെന്ന് വിധിയെഴുതിയ ബ്രെക്സിറ്റ് വോട്ടെടുപ്പിനു ശേഷം യുകെയിൽ വംശീയതയ്ക്കും മത അസഹിഷ്ണുതയ്ക്കും വലിയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
ജനങ്ങളുടെ മനോഭാവത്തിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ദൂതൻ ഇ ടെൻഡേയി ആഷിയം വ്യക്തമാക്കി. യുകെയിലെ സ്ഥിതിഗതികൾ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ യുഎൻ ഏർപ്പാടാക്കിയതായിരുന്നു ഇവരെ. 11 ദിവസം ആഷിയം വിവിധയിടങ്ങളിൽ സഞ്ചരിച്ചു.
വംശീയമായ സമത്വത്തിന് വലിയ ഭീഷണിയാണ് ബ്രെക്സിറ്റിനു ശേഷമുള്ള യുകെയിലെ രാഷ്ട്രീയ-സാമൂഹിക കാലാവസ്ഥയെന്നാണ് വിലയിരുത്തൽ. വളരുന്ന ഇസ്ലാമോഫോബിയയ്ക്കും ആന്റ് സെമിറ്റിസത്തിനുമെതിരെ നയപരമായ നടപടികളെടുക്കാൻ ഇടതും വലതുമായ രാഷ്ട്രീയ കക്ഷികൾ പരാജയപ്പെട്ടതായും വിലയിരുത്തലുണ്ട്.
ഇപ്പോഴും തീവ്രവലതു പാർട്ടികൾ അധികാരത്തിലെത്തിയിട്ടില്ലെങ്കിലും യുകെയിലെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് തീവ്രവാദപരമായ കാഴ്ചപ്പാടുകൾ ഇടംനേടുകയാണെന്ന് ആഷിയം നിരീക്ഷിക്കുന്നു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിൽ പെട്ടവർ ഇക്കാര്യത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചതായും ആഷിയം പറഞ്ഞു. 2016 ജൂണിൽ ബ്രെക്സിറ്റ് റെഫറണ്ടത്തിനു പിന്നാലെ വംശീയാക്രമണങ്ങൾ വർധിച്ചു. പൊലീസിന് ലഭിക്കുന്ന വിദ്വേഷ കുറ്റകൃത്യം സംബന്ധിച്ച പരാതികളുടെ എണ്ണവും വൻതോതിൽ കൂടി.
ബ്രെക്സിറ്റിനു ശേഷം വംശീയവും മതപരവുമായ ആക്രമണങ്ങൾ യുകെയിൽ വർധിച്ചു വരുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. കുടിയേറ്റക്കാരോടുള്ള വിദ്വേഷം ഭരണകൂടം തന്നെ ഏറ്റെടുക്കുന്ന കാഴ്ചയും കണ്ടു. ഇതിന്റെ പേരിൽ അന്താരാഷ്ട്ര സമ്മർദ്ദമുയർന്നപ്പോൾ ബ്രിട്ടിഷ് ആഭ്യന്തരമന്ത്രിക്ക് രാജി വെക്കേണ്ടതായും വന്നിരുന്നു.