June 18, 2025 |

“ഈ ചരിത്രനേട്ടം എസ്എഫ്‌ഐയുടെതാണ്”

യൂണിവേഴ്‌സിറ്റി കോളേജിലെ ആദ്യ വനിത ചെയര്‍പേഴ്‌സണ്‍ ഫരിഷ്ത സംസാരിക്കുന്നു

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിന്റെ ആദ്യ വനിത ചെയര്‍പേഴ്‌സണ്‍ എന്ന ഖ്യാതിയിലാണ് എന്‍ എസ് ഫരിഷ്ത. എന്നാല്‍ ഈ ചരിത്രനേട്ടം വ്യക്തിപരമായല്ല, പ്രസ്ഥാനത്തിന്റെ നേട്ടമായി മാത്രമാണ് എസ്എഫ്‌ഐ നേതാവ് സംശയലേശമന്യേ പറയുന്നത്. 1’58 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി’ എന്നൊരു ആഖ്യാനത്തിലേക്ക് കടക്കുമ്പോള്‍, ഫരിഷ്ത ഓര്‍മിപ്പിക്കുന്ന കാര്യമുണ്ട്;

‘കോളേജ് നിലവില്‍ വന്നിട്ട് 158 വര്‍ഷമായി. യൂണിയന്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് പിന്നെയും വര്‍ഷങ്ങള്‍ കഴിഞ്ഞാണ്, എസ്എഫ്‌ഐ നിലവില്‍ വന്നിട്ട് 54 കൊല്ലമേ ആകുന്നുള്ളു. ഈ കാലത്തിനിടയില്‍ ഇങ്ങനെയൊരു സ്ഥാനം സാധ്യമാക്കാന്‍ പ്രസ്ഥാനത്തിന് സാധിച്ചു എന്നതാണ് എസ്എഫ്‌ഐയുടെ നേട്ടം. അതൊരിക്കലും വ്യക്തിപരമായി കാണേണ്ടതില്ല’.

ഒരു വ്യക്തത കൂടി ഫരിഷ്ത നല്‍കുന്നുണ്ട്; ‘ആദ്യത്തെ ചെയര്‍പേഴ്‌സണ്‍ ആയി തെരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാനെങ്കിലും, ഇതാദ്യമായല്ല സംഘടന, ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് വനിതയെ നിര്‍ത്തുന്നത്. ലിഡിയ മറിയം എന്ന സഖാവിനെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് നിര്‍ത്തിയിരുന്നു. ആ വര്‍ഷം കെഎസ്‌യുവിന്റെ നേതൃത്വത്തില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കാതെ പോയി, ആ വര്‍ഷം യൂണിയന്‍ ഉണ്ടായിരുന്നില്ല’.

ഇത്തവണയും കെഎസ്‌യുവും ഫ്രറ്റേണിറ്റിയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പലവഴിക്കും നോക്കി, എന്നിട്ടും തെരഞ്ഞെടുപ്പ് നടക്കുകയും, എസ്എഫ്‌ഐ വിജയിക്കുകയും ചെയ്തുവെന്നും ഫരിഷ്ത പറയുന്നു. എസ് എഫ്‌ഐ തകര്‍ക്കാന്‍ സംഘടിതമായി നടക്കുന്ന പ്രവര്‍ത്തനങ്ങളുണ്ട്, അതില്‍ മാധ്യമങ്ങളും ഉള്‍പ്പെടുന്നു, അവരെല്ലാവരും ചേര്‍ന്ന് പണിയുന്ന നുണക്കോട്ടകളെ തച്ചുടച്ചാണ് സംഘടന വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ന്നു നില്‍ക്കുന്നതെന്നാണ് ചെയര്‍പേഴ്‌സണ്‍ പറയുന്നത്.

തകര്‍ന്ന നുണക്കോട്ടകള്‍
‘എസ്എഫ്‌ഐ ശക്തമായ കോളേജുകളെക്കുറിച്ച്, പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റി കോളേജിനെ കുറിച്ച് മാധ്യമങ്ങള്‍ പുറത്തു സൃഷ്ടിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ പുതുമയില്ല. കാലങ്ങളായി അവരിത് തന്നെയാണ് ചെയ്യുന്നത്. യൂണിവേഴ്‌സിറ്റികോളേജില്‍ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കെഎസ്‌യുക്കാര്‍ പുറത്തു നിന്നും യൂത്ത് കോണ്‍ഗ്രസുകാരെ കാമ്പസിലേക്ക് കൊണ്ടു വന്നു. ഓള്‍ പാര്‍ട്ടി മീറ്റിംഗില്‍ ഉള്‍പ്പെടെ, പുറത്തു നിന്നുള്ളവരെ കാമ്പസില്‍ കയറ്റരുതെന്ന് തീരുമാനം എടുത്തതാണ്. ഈ തീരുമാനം ലംഘിച്ചാണ് യൂത്ത് കോണ്‍ഗ്രസുകാരെയും ഒപ്പം ഫോട്ടോഗ്രാഫര്‍മാരെയുമൊക്കെ കൊണ്ടുവന്നത്. അതും അവധി ദിവസത്തില്‍. കാമ്പസില്‍ സംഘര്‍ഷം എന്നൊരു കഥ മെനഞ്ഞ് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുകയാണ് അവര്‍ ചെയ്തത്. കെഎസ്‌യുക്കാര്‍ കാമ്പസില്‍ കയറുന്നത് തന്നെ ഫോണിലെ കാമറ ഓണാക്കിയാണ്. അവര്‍ പറയുന്നതെന്തും ഇവിടുത്തെ മുഖ്യധാര ചാനലുകള്‍ക്ക് ബ്രേക്കിംഗ് ന്യൂസ് ആണല്ലോ!

കാമ്പസുകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്തെല്ലാം കെഎസ്‌യുവും, ഫ്രറ്റേണിറ്റിയും പല പ്രശ്‌നങ്ങളും ഇതുപോലെ ഉണ്ടാക്കും. എസ്എഫ് ഐയെ അതുവഴി തകര്‍ക്കാമെന്നാണ് അവരുടെ വിശ്വാസം. മാധ്യമങ്ങള്‍ അവരുടെ കൂടെ ഉണ്ടെന്ന ധൈര്യമായിരിക്കാം. ഇവിടുത്തെ മുഖ്യധാര പത്ര-ദൃശ്യ മാധ്യമങ്ങള്‍ ഏകപക്ഷീയമായി എസ്എഫ്‌ഐക്കെതിരേ പ്രവര്‍ത്തിക്കുകയാണ്. ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍, രണ്ട് ഭാഗവും കേള്‍ക്കുക എന്ന അടിസ്ഥാന മാധ്യമ ധര്‍മംപോലും പാലിക്കാറില്ല. കെഎസ്‌യു പറയുന്നതെന്തോ അതു മാത്രം കേട്ട് വാര്‍ത്തകള്‍ കൊടുക്കുകയാണ്.

ഇത് വെല്ലുവിളിയല്ല, അവസരമാണ്
ചെയര്‍പേഴ്‌സണ്‍ സ്ഥാനം വെല്ലുവിളിയല്ല, അതൊരു അവസരം ആണെന്നാണ് ഫരിഷ്ത പറയുന്നത്. 14 അംഗ യൂണിയനില്‍ 9 പേരും വനിതകളാണ്. ഒരുപാട് കാര്യങ്ങള്‍ ഞങ്ങള്‍ക്ക് ചെയ്യാനുണ്ട്. ഷീ ഫെസ്റ്റ് പോലെ, കഴിഞ്ഞ യൂണിയന്‍ ചെയ്ത പല കാര്യങ്ങളുടെയും തുടര്‍ച്ച ഉണ്ടാക്കണം, വെബ്ബിനാറുകള്‍, സെമിനാറുകള്‍, വര്‍ക് ഷോപ്പുകള്‍ അങ്ങനെ പലതും.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തം
നേതാക്കളെ ഉണ്ടാക്കാനോ, പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ സൃഷ്ടിക്കാനോ അല്ല കാമ്പസ് രാഷ്ട്രീയം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ അവകാശബോധം ഉണ്ടാക്കിയെടുക്കല്‍ അതിന്റെ ലക്ഷ്യമാണ്. സംഘടിതമായി ആ അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് ബോധ്യം ഉണ്ടാക്കിയെടുക്കണം. പൗരബോധം ഉണ്ടാക്കണം. കേവലം നാല് ചുമരുകള്‍ക്കുള്ളിലിരുന്ന് സിലബസിലുള്ളത് മാത്രം പഠിക്കുക എന്നതല്ല വിദ്യാഭ്യാസം. സമകാലിക വിഷയങ്ങളെ സംബന്ധിക്കുന്ന രാഷ്ട്രീയ ചലനങ്ങളോടുള്ള പ്രതികരണങ്ങള്‍ ഉണ്ടാകണം. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രീയത്തില്‍ ഇടപെടുക വഴി മാത്രമാണ് ഈ മാറ്റങ്ങള്‍ ഉണ്ടാവുക. അതിനെപ്പറ്റി അവരെ ബോധവാന്മാരാക്കുക എന്നത് കാമ്പസ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്തമാണ്.

ഈ കാര്യങ്ങള്‍ തന്നെയാണ് ഞങ്ങള്‍ വിദ്യാര്‍ത്ഥികളോട് പങ്കുവച്ചതും. അവര്‍ക്ക് കാര്യങ്ങള്‍ മനസിലായി. അവര്‍ എസ്എഫ്‌ഐയ്‌ക്കൊപ്പം നിന്നു. മാധ്യമങ്ങളടക്കം കെട്ടിപ്പൊക്കിയ നുണക്കോട്ടകള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് തകര്‍ത്തത്. നാല് പേരുമായി കെഎസ് യു ഒരു മാര്‍ച്ച് നടത്തിയാല്‍ അതിന് ലൈവ് കവറേജ് നല്‍കുന്ന, അതേസമയം കര്‍ഫ്യു പ്രഖ്യാപിച്ചാല്‍പോലും അതിനെ വെല്ലുവിളിച്ചു എസ്എഫ്‌ഐ പ്രകടനം നടത്തിയാല്‍ കാണാതെ പോകുന്ന ചാനലുകളെയും, എസ്എഫ്‌ഐക്കെതിരേ, പ്രത്യേകിച്ച് യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐക്കെതിരേ നിരന്തരം കള്ളത്തരമെഴുതി കൊണ്ടിരുന്നവരെയും കൂടി തോല്‍പ്പിച്ചാണ് ഈ പ്രസ്ഥാനം വിജയം നേടിയിരിക്കുന്നത്. 1,500 ഓളം വോട്ടിന്റെ ഭൂരിപക്ഷം വരെയാണ് എസ്എഫ്‌ഐക്ക് കിട്ടിയത്. നുണകള്‍ കൊണ്ട് അവര്‍ കെട്ടിയുയര്‍ത്തിയതെല്ലാം വിദ്യാര്‍ത്ഥി ശക്തിയിലൂടെ ഞങ്ങള്‍ തകര്‍ത്തെറിഞ്ഞിരിക്കുന്നു… university college first women chairperson sfi leader farishta ns talking 

Content Summary; University college first women chairperson sfi leader Farishta NS talking

 

Leave a Reply

Your email address will not be published. Required fields are marked *

×