അഴിമുഖം പ്രതിനിധി
രണ്ട് ജല പദ്ധതികളുടെ കരാര്‍ നേടിയെടുക്കാന്‍ ഗോവയിലേയും ഗുവഹാത്തിയിലേയും ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് അമേരിക്കന്‍ കമ്പനി. ന്യൂജഴ്‌സിയിലെ ലൂയിസ് ബര്‍ജര്‍ കമ്പനിയാണ് കോഴ നല്‍കിയത്. കോഴ പണത്തില്‍ 976,630 ഡോളര്‍ നല്‍കിയത് ഗോവയിലെ ഒരു മന്ത്രിക്കാണെന്ന് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസിന് മുന്നില്‍ കമ്പനി സമര്‍പ്പിച്ച രേഖകള്‍ വെളിപ്പെടുത്തുന്നു. എന്നാല്‍ ഏത് മന്ത്രിക്കാണ് കൈക്കൂലി നല്‍കിയതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇന്ത്യയിലേയും ഇന്തോനേഷ്യയിലേയും വിയറ്റ്‌നാമിലേയും കുവൈറ്റിലേയും സര്‍ക്കാരുകളുടെ നിര്‍മ്മാണ കരാറുകള്‍ നേടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് കമ്പനി 17.1 മില്ല്യണ്‍ പിഴ അടയ്ക്കാമെന്ന് ഇന്നലെ സമ്മതിച്ചിരുന്നു. കമ്പനിയുടെ മുന്‍ ഉദ്യോഗസ്ഥരായ റിച്ചാര്‍ഡ് ഹിര്‍ഷ്, ജെയിംസ് മക് ക്ലഗ് എന്നിവരാണ് കൈക്കൂലി നല്‍കിയെന്ന ആരോപണം നേരിടുന്നത്. ഇന്ത്യയിലേയും വിയറ്റ്‌നാമിലേയും പ്രവര്‍ത്തനങ്ങളുടെ ചുമതലയായിരുന്നു കമ്പനിയുടെ വൈസ് പ്രസിഡന്റായിരുന്ന മക് ക്ലഗിന് ഉണ്ടായിരുന്നത്. ഇരുവരുടേയും ശിക്ഷയുടെ വാദം ഈ വര്‍ഷം അവസാനം നവംബര്‍ അഞ്ചിന് കേള്‍ക്കും. ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഇന്ത്യാ സര്‍ക്കാരാണ് ഗോവയിലെ അഞ്ചുവര്‍ഷത്തെ ജല വിതരണ സ്വീവറേജ് പദ്ധതിയുടെ വികസനവും പുനരുദ്ധാരണവും മറ്റും തുടക്കമിട്ടത്. ഗോവയിലെ പദ്ധതിക്ക് വേണ്ടിയുള്ള കണ്‍സോര്‍ഷ്യത്തിന്റെ ഭാഗമായിരുന്നു ലൂയിസ് ബെര്‍ജര്‍. ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ കൈക്കൂലിയുടെ വിശദാംശങ്ങള്‍ അടങ്ങിയ ഡയറി കമ്പനി സൂക്ഷിച്ചിരുന്നുവെന്ന് ഫെഡറല്‍ പ്രോസിക്യൂട്ടര്‍ പതിനൊന്ന് പേജുള്ള കുറ്റപത്രത്തില്‍ പറയുന്നു.