ഗള്‍ഫ് മേഖല വീണ്ടും ഒരു യുദ്ധത്തിലേക്ക് വീഴുന്നുവെന്ന് ഉറപ്പിച്ച് ഇറാനെതിരേ തുടര്‍ച്ചയായ മൂന്നാം രാത്രിയും അമേരിക്കയുടെ ശക്തമായ വ്യോമാക്രമണം. കൂടാതെ, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളുടെ സുരക്ഷ പരിഗണിച്ച് 20 ശതമാനം തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. ഇതോടൊപ്പം ചൊവ്വാഴ്ച രാത്രി മുതല്‍ ഇറാനെതിരെ സമ്പൂര്‍ണ്ണ സമുദ്ര ഉപരോധം ഏര്‍പ്പെടുത്തുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര കപ്പല്‍ ഗതാഗത നിയമങ്ങളെ പൂര്‍ണ്ണമായി ലംഘിക്കുന്നതും അമേരിക്കയുടെ മുന്‍കാല നയങ്ങളില്‍ നിന്നുള്ള പിന്മാറ്റവുമാണ് പുതിയ നീക്കങ്ങള്‍.
‘നിരപരാധികളായ സിവിലിയന്മാര്ക്കും ഹോര്‍മുസ് കടലിടുക്കിലെ വാണിജ്യ കപ്പലുകള്‍ക്കും നേരെയുള്ള ആക്രമണം അവസാനിപ്പിക്കാനും ഇറാന് കനത്ത തിരിച്ചടി നല്‍കാനും വ്യോമാക്രമണങ്ങള്‍ തുടരുമെന്നാണ് യു.എസ് മിലിട്ടറിയുടെ സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിറക്കിയിരിക്കുന്നത്. റേഡിയോ അവതാരകനായ ഹഗ് ഹെവിറ്റിനോട് സംസാരിക്കവെ, ‘ഞങ്ങള്‍ ഇന്ന് രാത്രിയും നാളെയും ഇറാനെ കനത്ത രീതിയില്‍ ആക്രമിക്കും, ഇതിനെതിരെ ഒന്നും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. വലിയ വായുണ്ടെന്നതല്ലാതെ അവരുടെ കൈവശം ഒന്നുമില്ല,’ എന്നായിരുന്നു ട്രംപ് പരസ്യമായ വെല്ലുവിളി.
തിങ്കളാഴ്ച ഒമാന്‍ തീരക്കടലില്‍ വെച്ച് യു.എ.ഇയുടെ രണ്ട് എണ്ണക്കപ്പലുകള്‍ക്ക് നേരെ ഇറാന് ക്രൂയിസ് മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഒരു ഇന്ത്യന്‍ ജീവനക്കാരന്റെ മരണത്തിനും എട്ട് പേരുടെ പരിക്കിനും ഇടയാക്കിയ ഈ സംഭവത്തോടെയാണ് മേഖലയില്‍ സംഘര്‍ഷം കൊടുമ്പിരി കൊണ്ടിരിക്കുന്നത്. ഇതിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില 7.8 ശതമാനം വര്‍ധിച്ച് ബാരലിന് 81.92 ഡോളറായി ഉയര്‍ന്നു.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി നടത്തിയ പ്രതികരണത്തില്‍, അമേരിക്ക ഇനി മുതല്‍ ‘ഹോര്‍മുസ് കടലിടുക്കിന്റെ കാവല്ക്കാര്’ എന്നറിയപ്പെടണമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്. ഈ ജലപാതയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നും അതിന്റെ ചെലവ് കപ്പലുകളില്‍ നിന്ന് ഈടാക്കുമെന്നും ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, അന്താരാഷ്ട്ര ജലപാതകളില്‍ കപ്പലുകളില്‍ നിന്ന് പണമോ നികുതിയോ ഈടാക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന രാജ്യാന്തര നിയമങ്ങള്‍ നിലനില്‍ക്കെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ നീക്കം. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഉള്‍പ്പെടെയുള്ളവര്‍ മുന്‍പ് ഈ നിലപാട് ആവര്‍ത്തിച്ചിട്ടുള്ളതുമാണ്. ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷനും (ഐഎംഒ) ട്രംപിന്റെ ഈ താരിഫ് നിര്‍ദ്ദേശത്തിനെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. പ്രവേശന ഫീസ് ഈടാക്കാന്‍ യാതൊരുവിധ നിയമപരമായ അടിത്തറയുമില്ലെന്ന് സംഘടന വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കാന്‍ രൂപീകരിച്ച 60 ദിവസത്തെ താല്‍ക്കാലിക സമാധാന കരാറിന്റെ കാലാവധി പകുതി പിന്നിടുമ്പോഴാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ശക്തമാക്കിയത്. ഇതോടെ സമാധാന കരാര്‍ പൂര്‍ണ്ണമായി തകരുകയും മേഖലയില്‍ വന്‍തോതിലുള്ള യുദ്ധം പുനരാരംഭിക്കുകയും ചെയ്യുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍ എത്തിനില്‍ക്കുകയാണ്.
ജൂലൈ 7 മുതല്‍ ഇറാനെതിരെയുള്ള സൈനിക നടപടികള്‍ പുനരാരംഭിച്ചതായി ട്രംപ് കോണ്‍ഗ്രസിനെ ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. അമേരിക്കന്‍ ഭരണഘടനയനുസരിച്ച് കോണ്‍ഗ്രസിനാണ് യുദ്ധം പ്രഖ്യാപിക്കാന്‍ അധികാരമെങ്കിലും, ‘വാര് പവേഴ്സ് ആക്ട്’ പ്രകാരം രാജ്യസുരക്ഷ മുന്‍നിര്‍ത്തി സൈന്യത്തെ ഉപയോഗിക്കാന്‍ പ്രസിഡന്റിന് 60 ദിവസത്തെ അനുവാദമുണ്ട്. എന്നാല്‍ ട്രംപ് ഭരണകൂടം നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് ഡെമോക്രാറ്റുകളും യുദ്ധവിരുദ്ധരായ റിപ്പബ്ലിക്കന്മാരും കുറ്റപ്പെടുത്തുന്നു.
അമേരിക്കന്‍ നാവികസേനയുടെ നേതൃത്വത്തിലുള്ള ജോയിന്റ് മാരിടൈം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, ഇറാന്റെ എല്ലാ തുറമുഖങ്ങളും എണ്ണ ടെര്‍മിനലുകളും ഉള്‍പ്പെടുന്ന തീരപ്രദേശങ്ങളില്‍ ചൊവ്വാഴ്ച രാത്രി മുതല്‍ ഉപരോധം ഏര്‍പ്പെടുത്തും. അനുമതിയില്ലാതെ ഈ മേഖലയില്‍ പ്രവേശിക്കുന്ന കപ്പലുകള്‍ പിടിച്ചെടുക്കുമെന്നും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ സൈനിക ശക്തി ഉപയോഗിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം, ഇറാന് ഇതര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന കപ്പലുകള്‍ക്ക് തടസ്സമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കന്‍ നീക്കങ്ങള്‍ ആഗോള ഇന്ധന-വാതക വിതരണത്തെ അപകടത്തിലാക്കുമെന്ന് ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് (ഐആര്‍ജിസി) കുറ്റപ്പെടുത്തി. അമേരിക്കന്‍ നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ഹോര്‍മുസ് കടലിടുക്കിന്റെ മേല്‍നോട്ടവും പരമാധികാരവും ഇറാന് തന്നെ തുടരുമെന്നും ഐ.ആര്.ജി.സി വക്താവ് ഹൊസൈന്‍ മൊഹെബി വ്യക്തമാക്കി. ‘ഏകപക്ഷീയമായ കരാറുകളുടെ കാലം കഴിഞ്ഞു. വാക്ക് പാലിക്കുക, അല്ലെങ്കില്‍ അതിന്റെ വില ഒടുക്കുക,’ എന്ന് ഇറാന്റെ ചീഫ് നെഗോഷ്യേറ്റര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫും സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്കി.
ഖത്തര്‍, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് താവളങ്ങള്‍ക്ക് നേരെയും ഇറാന് മിസൈല്‍ ആക്രമണം നടത്തിയിട്ടുണ്ട്. വരാനിരിക്കുന്ന യു.എസ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ട്രംപിന് രാഷ്ട്രീയമായി വലിയ തിരിച്ചടിയാകാന്‍ സാധ്യതയുള്ള ഒന്നാണ് ഇന്ധനവില വര്‍ദ്ധനവ്. എണ്ണവില വര്‍ദ്ധനവും ആഗോള പണപ്പെരുപ്പവും ലോക സമ്പദ്വ്യവസ്ഥയെ വലിയൊരു പ്രതിസന്ധിയിലേക്കാണ് ഇപ്പോള്‍ തള്ളിവിട്ടിരിക്കുന്നത്.
Content Summary; The US launches a third night of strikes on Iran as Donald Trump announces a maritime blockade and a controversial 20% tariff on ships transiting the Strait of Hormuz
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.