ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ, സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള നയതന്ത്ര സംഘം ചൊവ്വാഴ്ച പാകിസ്താന് തലസ്ഥാനമായ ഇസ്ലാമാബാദിലെത്തും. സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകന് ജാരെഡ് കുഷ്നര്‍ എന്നിവരും വാന്‍സിനൊപ്പമുണ്ടാകും. ഇറാന് ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് അറിയിച്ചാല്‍ ബുധനാഴ്ച രണ്ടാം ഘട്ട ചര്‍ച്ചകള്‍ നടന്നേക്കും.
അവിശ്വാസം പ്രകടിപ്പിച്ച് ഇറാന്
അമേരിക്കയുമായി ചര്‍ച്ചകള്‍ക്ക് സാധ്യത നിലനില്‍ക്കുമ്പോഴും, വാഷിംഗ്ടണോട് ആഴത്തിലുള്ള ചരിത്രപരമായ അവിശ്വാസമുണ്ടെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെസെഷ്കിയാന് മുന്നറിയിപ്പ് നല്കി. അമേരിക്കന്‍ ഉദ്യോഗസ്ഥരില്‍ നിന്ന് വൈരുദ്ധ്യവും നിഷേധാത്മകവുമായ സൂചനകളാണ് ലഭിക്കുന്നതെന്നും ഇത് ഇറാനെ കീഴടങ്ങാന്‍ പ്രേരിപ്പിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഇറാന് ഒരിക്കലും ബലപ്രയോഗത്തിന് മുന്നില്‍ കീഴടങ്ങില്ല,’ അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ചര്‍ച്ചകളില്‍ ഇറാന് പങ്കെടുക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന് റോയിട്ടേഴ്സിനോട് പറഞ്ഞു. വാന്‍സ് എത്തുകയാണെങ്കില്‍ ഇറാന് പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് തന്നെയാകും ഇറാന്റെ സംഘത്തെ നയിക്കുക. എന്നാല്‍ ഭീഷണിക്ക് മുന്നില്‍ ചര്‍ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയ ഘാലിബാഫ്, യുദ്ധക്കളത്തില്‍ പുതിയ തന്ത്രങ്ങള്‍ പയറ്റാന്‍ ഇറാന് സജ്ജമാണെന്ന് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു. ചര്‍ച്ചാ മേശയെ കീഴടങ്ങാനുള്ള വേദിയാക്കി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധവും എണ്ണവിലയും
ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം അവസാനിപ്പിക്കണമെന്ന് ഇറാന് ആവശ്യപ്പെട്ടു. എന്നാല്‍ ഇറാനെ ഒരിക്കലും ആണവായുധം നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിച്ച ഡൊണാള്‍ഡ് ട്രംപ്, ആവശ്യമെങ്കില്‍ ഇറാന് നേതാക്കളെ നേരിട്ട് കാണാന്‍ തയ്യാറാണെന്നും അറിയിച്ചു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ഇറാന്റെ ‘തൂസ്ക’ എന്ന കണ്ടെയ്നര്‍ കപ്പല്‍ അമേരിക്കന്‍ സൈന്യം പിടിച്ചെടുത്തത് മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 95 ഡോളറിന് മുകളിലെത്തി.
വെടിനിര്‍ത്തല്‍ നീട്ടി ട്രംപ്
ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ കാലാവധി ബുധനാഴ്ച വൈകുന്നേരം വരെ ട്രംപ് നീട്ടിയിട്ടുണ്ട്. ഇസ്ലാമാബാദ് ചര്‍ച്ചകള്‍ക്കായി 24 മണിക്കൂര്‍ അധിക സമയം നല്‍കുകയായിരുന്നു അദ്ദേഹം. എന്നാല്‍ ഇത് ഇനിയും നീട്ടാന്‍ സാധ്യതയില്ലെന്നും ചര്‍ച്ച പരാജയപ്പെട്ടാല്‍ ബോംബിങ് പുനരാരംഭിക്കുമെന്നും ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, മോശം കരാറുകളില്‍ ഒപ്പിടാന്‍ താന്‍ തിടുക്കം കാണിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ നടന്ന 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന അമേരിക്കയുടെ ആവശ്യം ഇറാന് തള്ളിയതായിരുന്നു കാരണം. തങ്ങള്‍ പരാജയപ്പെട്ടുവെന്ന് ഇറാന് കരുതുന്നില്ലെന്നും ഭാവിയില്‍ ആക്രമണം ഉണ്ടാവില്ലെന്ന ഉറപ്പാണ് അവര്‍ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പാകിസ്താനിലെ ഒരുക്കങ്ങള്‍
നയതന്ത്ര ചര്‍ച്ചകള്‍ക്കായി കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇസ്ലാമാബാദില് ഒരുക്കിയിരിക്കുന്നത്. നഗരത്തില്‍ പൊതുഗതാഗതം നിര്‍ത്തിവെക്കുകയും സുരക്ഷാ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ചര്‍ച്ചകള്‍ തടസ്സമില്ലാതെ നടക്കാന്‍ നഗരത്തിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഊര്‍ജ്ജക്ഷാമം മൂലം പാകിസ്താനില്‍ പലയിടത്തും ദിവസവും ആറ് മുതല്‍ ഏഴ് മണിക്കൂര്‍ വരെ പവര്‍കട്ട് നിലവിലുണ്ട്.
ഇസ്രയേല്‍ – ലെബനന് ചര്‍ച്ചകള്‍
മറ്റൊരു വശത്ത്, ഇസ്രയേലും ലെബനനും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ വ്യാഴാഴ്ച വാഷിംഗ്ടണില്‍ നടക്കും. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച 10 ദിവസത്തെ വെടിനിര്‍ത്തലിന് ശേഷമുള്ള ആദ്യ ചര്‍ച്ചയാണിത്. എന്നാല്‍ തെക്കന്‍ ലെബനനിലെ ലിതാനി നദിക്ക് സമീപമുള്ള 21 ഗ്രാമങ്ങളില്‍ നിന്ന് മാറിനില്ക്കാന് ഇസ്രയേല്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മേഖലയില്‍ സൈനിക നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
Content Summary: The US delegation led by JD Vance will arrive in Islamabad today; peace talks will be held on Wednesday if Iran agrees
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.