യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിന് സമ്മതിച്ചില്ലെങ്കില്‍ ബോംബാക്രമണം നടത്തി ഇറാനെ ‘ശിലായുഗത്തിലേക്ക്’ എത്തിക്കുമെന്ന ഭീഷണിക്ക്ു പിന്നാലെ, രാജ്യത്തെ ഏറ്റവും വലിയ പാലം തകര്‍ത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വാദം. ടെഹ്റാനും കരജിനും ഇടയിലുള്ള, പുതുതായി നിര്‍മ്മിച്ച 136 മീറ്റര്‍ ഉയരമുള്ള ബി1 സസ്പെന്‍ഷന്‍ പാലം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ട്രംപിന്റെ അവകാശവാദം. ഏകദേശം 400 മില്യണ്‍ ഡോളര്‍ ചിലവില്‍ നിര്‍മ്മിച്ച ഈ പാലം കറുത്ത പുക ഉയരുന്നതിനിടെ തകര്‍ന്നടിയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
പാലത്തിന് നേരെ നടന്ന രണ്ട് ആക്രമണങ്ങളില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 95 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളില്‍ ഒന്നായ ഈ പാലത്തിന്റെ മധ്യഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ‘ഇറാനിലെ ഏറ്റവും വലിയ പാലം നിലംപൊത്തിയിരിക്കുന്നു, ഇനി ഒരിക്കലും ഇത് ഉപയോഗിക്കാന്‍ കഴിയില്ല,’ എന്ന് ട്രൂത്ത് സോഷ്യലില്‍ കുറിച്ച ട്രംപ്, സമാധാന ഉടമ്പടിക്ക് തയ്യാറായില്ലെങ്കില്‍ ഇതിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ് നല്‍കി.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ ആരംഭിച്ച യുദ്ധം വലിയ വിജയമാണെന്നും തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും തലേദിവസം വൈറ്റ് ഹൗസില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതോടൊപ്പം ഇറാന്റെ വൈദ്യുതി നിലയങ്ങള്‍ ഒരേസമയം തകര്‍ക്കുമെന്ന ഭീഷണിയും അദ്ദേഹം ആവര്‍ത്തിച്ചു. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടതിനാല്‍ ഇറാനില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തെത്താന്‍ പ്രയാസമാണെങ്കിലും, ഇസ്ഫഹാനിലെ മിസൈല്‍ താവളത്തിന് നേരെ നടന്ന വലിയ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഇറാന്റെ യുറേനിയം ശേഖരം സൂക്ഷിച്ചിരിക്കുന്ന ഇസ്ഫഹാനിലെ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ നിന്ന് ആണവ സാമഗ്രികള്‍ പിടിച്ചെടുക്കാന്‍ ട്രംപ് ആലോചിക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് ആഴത്തില്‍ കുഴിച്ചിട്ടിരിക്കുകയാണെന്നും തനിക്ക് അതില്‍ ആശങ്കയില്ലെന്നുമാണ് ബുധനാഴ്ച ട്രംപ് പ്രതികരിച്ചത്. യുദ്ധം തുടങ്ങിയ ദിവസം തന്നെ ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിയെയും സഹായികളെയും വധിച്ച അമേരിക്കന്‍ നടപടിക്ക് പിന്നാലെ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായിരിക്കുകയാണ്.
അതേസമയം, ടെഹ്റാനിലെ പാസ്ചര്‍ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് നേരെയും ആക്രമണം നടന്നതായി ഇറാന്‍ ആരോപിച്ചു. എന്നാല്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ ആസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യം വെച്ചതെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ശത്രുക്കളുടെ കീഴടങ്ങല്‍ വരെ തിരിച്ചടി തുടരുമെന്ന് ഇറാന്‍ സൈനിക വക്താവ് ഇബ്രാഹിം സോള്‍ഫാഖാരിയും പ്രഖ്യാപിച്ചു.
യുദ്ധം തുടങ്ങിയ ശേഷം 15,000-ത്തോളം ബോംബാക്രമണങ്ങളാണ് ഇറാനില്‍ നടന്നത്. റെഡ് ക്രോസിന്റെ കണക്കനുസരിച്ച് ഇതുവരെ 1,900 പേര്‍ കൊല്ലപ്പെടുകയും 20,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുദ്ധം മൂലം ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില 7 ശതമാനം വര്‍ധിച്ച് ബാരലിന് 108 ഡോളറിലെത്തി. ലോകം ഒരു മഹാദുരന്തത്തിന്റെ വക്കിലാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.
Content Summary: US destroys Iran’s largest bridge and Trump issues threat to force a peace deal. American President wants deal to end the five-week-long war
This post was last modified on April 3, 2026 2:44 pm
Leave a Comment