അദാനി കേസ് ഒതുക്കി; ട്രംപ് ഭരണകൂടത്തിനെതിരേ അഴിമതി ആരോപണവുമായി ഡെമോക്രാറ്റുകള്‍

അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ നിന്നും യു.എസ്. നീതിന്യായ വകുപ്പ് പെട്ടെന്ന് പിന്നോട്ട് പോയതിന് പിന്നില്‍ രാഷ്ട്രീയ കളികളുണ്ടെന്നാണ് സെനറ്റര്‍മാരുടെ ആരോപണം

Gautam Adani US case dropped- allegation against trump administration

ഇന്ത്യന്‍ ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയര്‍മാനുമായ ഗൗതം അദാനിക്കെതിരെയുള്ള കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകള്‍ പിന്‍വലിക്കാനുള്ള യു.എസ്. നീതിന്യായ വകുപ്പിന്റെ (ഡിഒജെ) തീരുമാനത്തിനെതിരെ അമേരിക്കയില്‍ വന്‍ രാഷ്ട്രീയ പ്രതിഷേധം. ( 2800 കോടിയിലധികം രൂപയുടെ പിഴയും 96,000 കോടിയുടെ നിക്ഷേപവും; അദാനിയെ കുറ്റവിമുക്തനാക്കി യുഎസ്) വലിയ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഈ നിര്‍ണായക കേസ് പെട്ടെന്ന് റദ്ദാക്കാനുണ്ടായ സാഹചര്യം ചോദ്യം ചെയ്ത് മുന്‍നിര ഡെമോക്രാറ്റിക് സെനറ്റര്‍മാര്‍ രംഗത്തെത്തിയിരിക്കുകയാണ്. കേസ് ഒതുക്കിതീര്‍ത്തതിന് പിന്നില്‍ വലിയ രീതിയിലുള്ള പണമിടപാടുകളും സ്വാധീനങ്ങളും നടന്നിട്ടുണ്ടെന്ന സംശയമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ഈ വിഷയം പ്രതിപാദിച്ച്, പ്രമുഖ ഡെമോക്രാറ്റിക് സെനറ്റര്‍മാരായ എലിസബത്ത് വാറന്‍, റിച്ചാര്‍ഡ് ബ്ലൂമെന്താല്‍ എന്നിവര്‍ ചേര്‍ന്ന് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചിന് ഔദ്യോഗിക കത്തയച്ചിരിക്കുകയാണ്. കേസ് ഉപേക്ഷിക്കാനുള്ള ഈ തീരുമാനത്തിന് പിന്നില്‍ തികച്ചും വ്യക്തിപരമായ ലാഭങ്ങളും ‘ഇടപാടുകളും’ അടങ്ങിയിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചാണ് സെനറ്റര്‍മാരുടെ ഇടപെടല്‍.

ഏകദേശം 100 ബില്യണ്‍ ഡോളറിലധികം ആസ്തിയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ അതിസമ്പന്നരില്‍ ഒരാളായ 63-കാരനായ ഗൗതം അദാനിക്കെതിരെ 2024-ലാണ് ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ യു.എസ്. അധികൃതര്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മിക്കാനുള്ള കരാര്‍ സ്വന്തമാക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ തുക കൈക്കൂലി നല്‍കിയെന്നും, യു.എസ്. നിക്ഷേപകരെ കബളിപ്പിച്ച് പണം തട്ടിയെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. അദാനിയും സംഘവും ചേര്‍ന്ന് 250 മില്യണ്‍ ഡോളറോളം (നിലവിലെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 2,300 കോടിയിലധികം രൂപ) ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. 20 വര്‍ഷം കൊണ്ട് 2 ബില്യണ്‍ ഡോളറിലധികം ലാഭം കൊയ്യാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ അഴിമതി. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന നിലപാടാണ് അദാനി ഗ്രൂപ്പ് സ്വീകരിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മാസം യു.എസ്. നീതിന്യായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ ട്രെന്റ് മക്കോറ്ററും യു.എസ്. അറ്റോര്‍ണി ജോസഫ് നോസെല്ലയും ഡിസ്ട്രിക്റ്റ് ജഡ്ജി നിക്കോളാസ് ഗരാഫിസിന് സമര്‍പ്പിച്ച കോടതി രേഖയില്‍, ഈ കേസിനായി ഇനി കൂടുതല്‍ ‘വിഭവങ്ങളും സമയവും’ നീക്കിവെക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. സാധാരണഗതിയില്‍ കേസ് കൈകാര്യം ചെയ്യുന്ന പ്രോസിക്യൂട്ടര്‍മാര്‍ ഒപ്പിടേണ്ട ഈ അപേക്ഷയില്‍ അവരുടെ ഒപ്പുകള്‍ ഉണ്ടായിരുന്നില്ല എന്നതും കടുത്ത സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഈ പിന്‍വലിക്കല്‍ അപേക്ഷയില്‍ ജഡ്ജി ഇതുവരെ അന്തിമ ഒപ്പുവെച്ചിട്ടില്ല.

അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകളില്‍ നിന്നും യു.എസ്. നീതിന്യായ വകുപ്പ് പെട്ടെന്ന് പിന്നോട്ട് പോയതിന് പിന്നില്‍ രാഷ്ട്രീയ കളികളുണ്ടെന്നാണ് സെനറ്റര്‍മാരുടെ ആരോപണം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വ്യക്തിഗത അഭിഭാഷകരില്‍ ഒരാളായ റോബര്‍ട്ട് ഗിയൂഫ്രയെ അദാനി തന്റെ നിയമസഹായത്തിനായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ നാടകീയ മാറ്റങ്ങള്‍ സംഭവിച്ചത്. കേസ് പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ അമേരിക്കയില്‍ 10 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 95,000 കോടിയിലധികം രൂപ) വന്‍ നിക്ഷേപം നടത്താമെന്നും 15,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാമെന്നും അദാനി ട്രംപ് സര്‍ക്കാരിന് വാഗ്ദാനം നല്‍കിയിട്ടുണ്ടോ എന്ന് കത്തിലൂടെ സെനറ്റര്‍മാര്‍ ആരാഞ്ഞു.

‘കോടിക്കണക്കിന് ഡോളറിന്റെ കൈക്കൂലി കേസില്‍ നിന്നും രക്ഷപ്പെടാന്‍, രാജ്യത്ത് നിക്ഷേപം നടത്താമെന്ന വാഗ്ദാനം നല്‍കി അദാനി ക്രിമിനല്‍ കുറ്റങ്ങളില്‍ നിന്ന് പണം കൊടുത്ത് അനായാസം രക്ഷപ്പെട്ടതായുള്ള പ്രതിച്ഛായയാണ് നീതിന്യായ വകുപ്പിന്റെ ഈ തീരുമാനം നല്‍കുന്നത്,’ എന്ന് സെനറ്റര്‍മാര്‍ കത്തില്‍ കുറ്റപ്പെടുത്തി. ഇത് പ്രസിഡന്റ് ട്രംപിന്റെ ഭരണത്തിന്‍ കീഴിലുള്ള കടുത്ത അഴിമതിയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും, എത്ര വലിയ തട്ടിപ്പ് നടത്തിയാലും ഒടുവില്‍ കൈക്കൂലി നല്‍കി രക്ഷപ്പെടാം എന്ന തെറ്റായ സന്ദേശം ഇത് സമൂഹത്തിന് നല്‍കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. കേസ് ഒതുക്കാന്‍ വൈറ്റ് ഹൗസും നീതിന്യായ വകുപ്പും തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള ആശയവിനിമയം നടന്നിട്ടുണ്ടോ എന്നും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ യു.എസ്. കോണ്‍ഗ്രസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷം എന്നതിനാല്‍ ഈ കത്തിന്മേല്‍ നീതിന്യായ വകുപ്പ് മറുപടി നല്‍കാന്‍ സാധ്യത കുറവാണ്. എങ്കിലും വരും ദിവസങ്ങളില്‍ കൃത്യമായ മറുപടി വേണമെന്നാണ് ഡെമോക്രാറ്റുകളുടെ ആവശ്യം. അദാനിക്കെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ യു.എസ്. ഒഴിവാക്കുന്നുണ്ടെങ്കിലും, സമാന്തരമായി നടന്ന സിവില്‍ തട്ടിപ്പ് കേസില്‍ കുറ്റം സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്യാതെ തന്നെ 18 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അദാനിയും അനന്തരവനും യു.എസ്. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനുമായി ധാരണയിലെത്തിയിട്ടുണ്ട്. കൂടാതെ, ഇറാനെതിരെയുള്ള യു.എസ്. ഉപരോധങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് അദാനി എന്റര്‍പ്രൈസസ് ലിമിറ്റഡ് 275 മില്യണ്‍ ഡോളര്‍ പിഴയൊടുക്കാനും കഴിഞ്ഞ മാസമാണ് ട്രഷറി വകുപ്പുമായി കരാറിലെത്തിയത്.

Content Summary; Democratic senators challenge the US DOJ’s shocking decision to drop fraud and bribery charges against Indian billionaire Gautam Adani under the Trump administration.

This post was last modified on June 13, 2026 3:57 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment