July 01, 2026 |
Share on

ജന്മാവകാശ പൗരത്വം ശരിവച്ച് സുപ്രീം കോടതി; ട്രംപിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടയ്ക്ക് വന്‍ തിരിച്ചടി

ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി

അമേരിക്കയില്‍ ജനിക്കുന്നവര്‍ക്ക് പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാപരമായ അവകാശം (ബര്‍ത്ത് റൈറ്റ് സിറ്റിസണ്‍ഷിപ്പ്) യു.എസ്. സുപ്രീം കോടതി ശരിവെച്ചു. ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ വിരുദ്ധ അജണ്ടകളുടെ പ്രധാന തൂണുകളിലൊന്നിനാണ് ശക്തമായ തിരിച്ചടിയേറ്റിരിക്കുന്നത്. രണ്ടാം ടേമില്‍ അധികാരമേറ്റതിന്റെ ആദ്യ ദിനത്തില്‍ ട്രംപ് പുറപ്പെടുവിച്ച എക്‌സിക്യൂട്ടീവ് ഉത്തരവ് ആയിരുന്നു രേഖകളില്ലാത്ത കുടിയേറ്റക്കാരുടെയും താല്‍ക്കാലിക വിദേശ താമസക്കാരുടെയും മക്കള്‍ക്ക് പൗരത്വം നിഷേധിക്കുന്നത്. എന്നാല്‍ ഈ ഉത്തരവ് ഭരണഘടനയുടെ പതിനാലാം ഭേദഗതിയുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഭൂരിപക്ഷ വിധി പ്രസ്താവിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് കുറിച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്. ‘അന്നും ഇന്നും പൗരത്വം എന്നത് അവകാശങ്ങള്‍ കൈവശം വെക്കാനുള്ള അവകാശമാണ്; നമ്മുടെ രാഷ്ട്രീയ സമൂഹത്തില്‍ സ്വതന്ത്രമായി പങ്കാളികളാകാനുള്ള അവകാശം. പതിനാലാം ഭേദഗതിയുടെ ശില്പികള്‍ ഈ നാട്ടില്‍ ജനിക്കുന്ന ഓരോ സ്വതന്ത്ര വ്യക്തിക്കും ആ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ഇന്ന് നമ്മള്‍ ആ വാഗ്ദാനം പാലിക്കുകയാണ്,’ അദ്ദേഹം വ്യക്തമാക്കി.

ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സിനൊപ്പം ലിബറല്‍ ജഡ്ജിമാരായ സോണിയ സോട്ടോമെയര്‍, എലീന കാഗന്‍, കേതന്‍ജി ബ്രൗണ്‍ ജാക്‌സണ്‍ എന്നിവരും കണ്‍സര്‍വേറ്റീവ് ജഡ്ജിയായ ആമി കോണി ബാരറ്റും ചേര്‍ന്നാണ് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ചത്. മറ്റൊരു കണ്‍സര്‍വേറ്റീവ് ജഡ്ജിയായ ബ്രെറ്റ് കവനോ വിധിയോട് യോജിച്ചെങ്കിലും ചില വിയോജിപ്പുകള്‍ രേഖപ്പെടുത്തി. ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ നിയമത്തെയാണ് ലംഘിച്ചതെന്നും ഭരണഘടനയെയല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. അതേസമയം കണ്‍സര്‍വേറ്റീവ് ജഡ്ജിമാരായ ക്ലാരന്‍സ് തോമസ്, സാമുവല്‍ അലിറ്റോ, നീല്‍ ഗോര്‍സച്ച് എന്നിവര്‍ വിധിയോട് വിയോജിച്ചുകൊണ്ട് പ്രത്യേക കുറിപ്പുകള്‍ രേഖപ്പെടുത്തി. 194 പേജുകളുള്ള വിധിന്യായത്തില്‍ 90 പേജുകളും ജസ്റ്റിസ് തോമസിന്റെ വിയോജനക്കുറിപ്പായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിയോജനക്കുറിപ്പാണിത്.

കോടതി വിധി രാജ്യത്തിന് വന്‍ നഷ്ടമാണെന്ന് വിശേഷിപ്പിച്ച ഡോണള്‍ഡ് ട്രംപ്, ഈ വിഷയം ഇനി കോണ്‍ഗ്രസ് (യു.എസ്. പാര്‍ലമെന്റ്) നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുക്കണമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യല്‍’ വഴി ആവശ്യപ്പെട്ടു. ഭരണഘടനാ ഭേദഗതി ആവശ്യമില്ലെന്നും, രാജ്യത്തിന് സാമ്പത്തിക ബാധ്യതയും അനീതിയുമായ ജന്മനാലുള്ള പൗരത്വ അവകാശം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്നുതന്നെ പ്രവര്‍ത്തനം തുടങ്ങണമെന്നും അതിന് തന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, കണ്‍സര്‍വേറ്റീവ് സ്വാധീനമുള്ള കോടതിയില്‍ നിന്നുണ്ടായ ഈ വിധിയെ ഡെമോക്രാറ്റുകളും മനുഷ്യാവകാശ സംഘടനകളും ആവേശത്തോടെയാണ് സ്വീകരിച്ചത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന് വേണ്ടി കോടതിയില്‍ വാദിച്ച ലീഗല്‍ ഡയറക്ടര്‍ സിസിലിയ വാങ് ഇതിനെ ചരിത്ര വിജയമെന്ന് വിശേഷിപ്പിച്ചു. ഒരു പ്രസിഡന്റിന് വിവേചനാധികാരം ഉപയോഗിച്ച് ഭരണഘടന മാറ്റാന്‍ കഴിയില്ലെന്നും, ഈ മണ്ണില്‍ ജനിച്ചാല്‍ നിങ്ങള്‍ പൗരനാണെന്ന അടിസ്ഥാന വാഗ്ദാനമാണ് കോടതി കാത്തുസൂക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.

ട്രംപ് ഭരണകൂടം ഭരണഘടനയിലെ’ നിയമപരിധിക്ക് വിധേയമായി’ എന്ന പ്രയോഗത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ചത്. രാജ്യത്ത് നിയമവിരുദ്ധമായി കഴിയുന്നവരുടെയോ താല്‍ക്കാലിക വിസയിലുള്ളവരുടെയോ മക്കള്‍ക്ക് ഈ പൗരത്വത്തിന് അര്‍ഹതയില്ലെന്നായിരുന്നു ട്രംപിന്റെ വാദം. 2025 ഫെബ്രുവരി 19 മുതല്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ച ഈ ഉത്തരവ് ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവിയെയാണ് ആശങ്കയിലാക്കിയിരുന്നത്.

വിധിന്യായത്തില്‍, 1857-ലെ ചരിത്രപ്രസിദ്ധമായ ‘ഡ്രെഡ് സ്‌കോട്ട്’ വിധി കറുത്തവര്‍ഗ്ഗക്കാര്‍ക്ക് പൗരത്വം നിഷേധിക്കാന്‍ ശ്രമിച്ചതിനെ ‘അറപ്പുളവാക്കുന്നത്’ എന്നാണ് ചീഫ് ജസ്റ്റിസ് റോബര്‍ട്ട്‌സ് വിശേഷിപ്പിച്ചത്. അന്ന് പൗരത്വം എന്നത് ജനിച്ച മണ്ണല്ല, മറിച്ച് വംശപരമ്പരയാണ് നിശ്ചയിക്കുന്നത് എന്ന വാദമാണ് ഉയര്‍ന്നത്. എന്നാല്‍ ഈ വംശീയ വിവേചനത്തെ മറികടക്കാനാണ് അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിന് ശേഷം പതിനാലാം ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്.

തങ്ങളുടെ മാതാപിതാക്കളുടെ കുടിയേറ്റ പദവി എന്തുതന്നെയായാലും, യു.എസ്. മണ്ണില്‍ ജനിക്കുന്ന കുട്ടികള്‍ പൂര്‍ണ്ണമായും അമേരിക്കയുടെ നിയമപരിധിയില്‍ വരുന്നവരും ജന്മം കൊണ്ട് പൗരത്വത്തിന് അര്‍ഹരുമാണെന്ന് സുപ്രീം കോടതി ഈ വിധിയിലൂടെ അടിവരയിട്ട് ഉറപ്പിച്ചു.

Content Summary; US Supreme Court rejects Donald Trump’s executive order, upholding birthright citizenship under the 14th Amendment in a historic constitutional ruling

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×