ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ നടന്ന ഡ്രോണ്‍ ആക്രമണത്തിന് തിരിച്ചടിയായി യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ, ഇറാനിലെ കൂടുതല്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക വീണ്ടും ആക്രമണം നടത്തി. വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കുള്ള നേരിട്ടുള്ള മറുപടിയാണ് ഇതെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് (സെന്റകോം) വ്യക്തമാക്കിയത്. ഇറാന്റെ മിലിട്ടറി സര്‍വൈലന്‍സ് സംവിധാനങ്ങള്‍, ആശയവിനിമയ ശൃംഖലകള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, ഡ്രോണ്‍ സംഭരണശാലകള്‍, മൈന്‍ ലെയര്‍ സംവിധാനങ്ങള്‍ എന്നിവയാണ് യു.എസ് പ്രധാനമായും ലക്ഷ്യമിട്ടത്.
അമേരിക്കന്‍ ആക്രമണത്തിന് ശക്തമായ തിരിച്ചടിയെന്നോണം കുവൈറ്റിലെയും ബഹ്റൈനിലെയും എട്ട് യു.എസ് സൈനിക താവളങ്ങള്‍ക്ക് നേരെ സംയുക്ത മിസൈല്‍-ഡ്രോണ്‍ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ഞായറാഴ്ച പുലര്‍ച്ചെ അറിയിച്ചു. ഇനിയൊരു ആക്രമണമുണ്ടായാല്‍ അതി ശക്തമായ മറുപടിയുണ്ടാകുമെന്നും, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് നയതന്ത്ര ചര്‍ച്ചകള്‍ പൂര്‍ണ്ണമായി തടസ്സപ്പെടാന്‍ കാരണമാകുമെന്നും ഐ.ആര്‍.ജി.സി പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നല്‍കി. കുവൈറ്റിലെയും ബഹ്റൈനിലെയും താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതായി യു.എസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, നിലവില്‍ നാശനഷ്ടങ്ങളോ യു.എസ് സൈനികര്‍ക്ക് പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായതും ആയിരക്കണക്കിന് സാധാരണക്കാരുടെ ജീവനെടുത്തതുമായ ഈ യുദ്ധം അവസാനിപ്പിക്കാന്‍ വാഷിംഗ്ടണും ടെഹ്റാനും തമ്മില്‍ ധാരണാപത്രത്തിനായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയിലാണ് നിലവിലെ സംഘര്‍ഷം. ഇരുരാജ്യങ്ങളും പരസ്പരം സൈനിക നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യവസ്ഥ ചെയ്യുന്ന ഇടക്കാല കരാര്‍ ഒപ്പിട്ട് രണ്ടാഴ്ച തികയുന്നതിന് മുന്‍പാണ് പുതിയ ലംഘനങ്ങള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍, യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനു ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും യു.എസിന് സമാധാനത്തിന്റെ പാതയില്‍ മുന്നോട്ട് പോകാനാകാത്ത സാഹചര്യം വന്നാല്‍ സൈനികമായി കാര്യങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും, അങ്ങനെ സംഭവിച്ചാല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ എന്നൊരു രാജ്യം തന്നെ ഇല്ലാതാകുമെന്നും ട്രംപ് കുറിച്ചു.
ഹോര്‍മുസ് പാത വീണ്ടും തുറക്കാനും ഇറാന്റെ ആണവപദ്ധതി ഉള്‍പ്പെടെയുള്ള തര്‍ക്കവിഷയങ്ങളില്‍ ചര്‍ച്ചകള്‍ ആരംഭിക്കാനുമായിരുന്നു 14 ഇന ഇടക്കാല കരാര്‍ ഉണ്ടാക്കിയത്. ഇതിന്റെ ഭാഗമായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖാലിബഫും സ്വിറ്റ്‌സര്‍ലന്‍ഡില്‍ വെച്ച് മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തുകയും യു.എസ് ഇറാനെതിരെയുള്ള ഉപരോധങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ശനിയാഴ്ച പനാമ പതാക ഘടിപ്പിച്ച ടാങ്കറിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായതോടെ സമാധാനശ്രമങ്ങള്‍ വീണ്ടും പാളുകയായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാന്‍ ലഭിച്ച അവസരം ഇറാന്‍ ദുരുപയോഗം ചെയ്‌തെന്നാണ് യു.എസ് സൈന്യത്തിന്റെ ആരോപണം.
Content Summary; US military launches fresh airstrikes on Iran targeting military infrastructure following drone attacks in Hormuz Strait. Iran retaliates by targeting US bases in Kuwait and Bahrain, threatening to halt ongoing diplomatic peace talks.
This post was last modified on June 28, 2026 9:02 am
Leave a Comment