ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി ഇറാനും യുഎസും തമ്മിലുള്ള സംഘര്‍ഷം വീണ്ടും രൂക്ഷമായി. വെടിനിര്‍ത്തല്‍ കരാറിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തരത്തിലാണ് മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമായിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കന്‍ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച ടാങ്കര്‍ കപ്പലിനെതിരേ ചൊവ്വാഴ്ച യു.എസ് സൈന്യം ഹെല്‍ഫയര്‍ മിസൈല്‍ പ്രയോഗിച്ചതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. ഇതിന് പിന്നാലെ ഇറാന്‍ പ്രത്യാക്രമണങ്ങള്‍ നടത്തി. എന്നാല്‍ ഈ പ്രത്യാക്രമണങ്ങളെ പ്രതിരോധിച്ചതായും ഇറാന്റെ ക്വിഷ്ം ദ്വീപിലെ താവളങ്ങള്‍ക്ക് നേരെ തിരിച്ചടിച്ചതായും യു.എസ് അധികൃതര്‍ അവകാശപ്പെട്ടു.
ക്വിഷ്ം ദ്വീപിലെ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യു.എസ് അഞ്ചാം ഫ്‌ലീറ്റ് ആസ്ഥാനത്തിന് നേരെ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം യു.എസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡ് നിഷേധിച്ചിട്ടുണ്ട്. ചൊവ്വാഴ്ച അന്താരാഷ്ട്ര ജലാതിര്‍ത്തിയിലൂടെ ഇറാന്റെ ഖാര്‍ഗ് ദ്വീപിലേക്ക് നീങ്ങുകയായിരുന്ന ബോട്‌സ്വാന പതാകയേന്തിയ ‘എം/ടി ലെക്‌സി’ എന്ന ഒഴിഞ്ഞ ടാങ്കര്‍ കപ്പലിനെയാണ് യു.എസ് ആദ്യം ലക്ഷ്യമിട്ടത്. 24 മണിക്കൂറിലധികം നല്‍കിയ മുന്നറിയിപ്പുകള്‍ കപ്പല്‍ ജീവനക്കാര്‍ അവഗണിച്ചതിനെത്തുടര്‍ന്ന് വിമാനത്തില്‍ നിന്ന് മിസൈല്‍ തൊടുത്ത് കപ്പലിന്റെ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കുകയായിരുന്നുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഏപ്രില്‍ 13-ന് ഇറാനെതിരെയുള്ള ഉപരോധം ആരംഭിച്ചതിനുശേഷം യു.എസ് സൈന്യം തടയുന്ന ആറാമത്തെ കപ്പലാണിത്. ഇതുവരെ ഇറാനിയന്‍ തുറമുഖങ്ങളിലേക്ക് പ്രവേശിക്കാനോ പുറത്തുപോകാനോ ശ്രമിച്ച 122 ഓളം കപ്പലുകളെ യു.എസ് സൈന്യം തിരിച്ചുവിട്ടിട്ടുണ്ട്.
കപ്പലിന് നേരെയുള്ള ആക്രമണത്തിന് തൊട്ടുപിന്നാലെ കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍-ഡ്രോണ്‍ ആക്രമണ മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശത്രുതാപരമായ മിസൈലുകളും ഡ്രോണുകളും തടയുകയാണെന്ന് കുവൈറ്റ് സൈന്യം അറിയിക്കുകയും, അവശിഷ്ടങ്ങളോ തിരിച്ചറിയാത്ത വസ്തുക്കളോ തൊടരുതെന്ന് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. കുവൈറ്റിന് നേരെ ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ ലക്ഷ്യത്തിലെത്താതെ തകര്‍ന്നുവീണതായും ബഹ്റൈനെ ലക്ഷ്യമിട്ടെത്തിയ മൂന്ന് മിസൈലുകള്‍ യു.എസും ബഹ്റൈനും ചേര്‍ന്ന് തകര്‍ത്തതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഇതുകൂടാതെ, പ്രാദേശിക ജലാതിര്‍ത്തിയിലൂടെ നിയമപരമായി സഞ്ചരിക്കുകയായിരുന്ന സിവിലിയന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വിക്ഷേപിച്ച മൂന്ന് ഡ്രോണുകളും യു.എസ് സൈന്യം വെടിവെച്ചിട്ടു. ഇതിന് പിന്നാലെയാണ് ഇറാന്റെ ക്വിഷ്ം ദ്വീപിലെ സൈനിക ഗ്രൗണ്ട് കണ്‍ട്രോള്‍ സ്റ്റേഷന് നേരെ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ വാരാന്ത്യത്തിലും ഇറാനിയന്‍ റഡാര്‍, ഡ്രോണ്‍ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ആക്രമണം നടത്തിയിരുന്നു. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ നടപടികളില്‍ പങ്കാളിയായ കുവൈറ്റിലെ സൈനിക താവളത്തിന് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.
ഇറാനുമായി യു.എസും ഇസ്രയേലും യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായി സെനറ്റ് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്ന് അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സംഘര്‍ഷങ്ങള്‍ ഉടലെടുത്തത്. ഇറാനുമായി ഒരു കരാറിലെത്താന്‍ സാധിക്കുമെന്നും ഒരു മാസം മുമ്പ് വരെ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചിരുന്ന ആണവ പദ്ധതിയുടെ ചില വശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ ഇറാന്‍ ഭരണകൂടം തയ്യാറായിട്ടുണ്ടെന്നും റൂബിയോ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇറാന്റെ ഔദ്യോഗിക നിലപാട് ഇതിന് തികച്ചും വിപരീതമാണ്. ലെബനനിലെ ഇസ്രയേലിന്റെ സൈനിക നടപടികളില്‍ പ്രതിഷേധിച്ച് യു.എസുമായുള്ള സമാധാന ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുമെന്നാണ് ഇറാന്‍ സൂചിപ്പിക്കുന്നത്. ലെബനന്‍ ഉള്‍പ്പെടെയുള്ള എല്ലാ മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പാക്കിയാല്‍ മാത്രമേ ചര്‍ച്ചകളുമായി മുന്നോട്ട് പോകൂ എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഏതെങ്കിലും ഒരു മേഖലയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കപ്പെട്ടാല്‍ അത് കരാറിന്റെ പൂര്‍ണ്ണമായ ലംഘനമായി കണക്കാക്കുമെന്നും അതിന്റെ അനന്തരഫലങ്ങള്‍ക്ക് യു.എസും ഇസ്രയേലുമാണ് ഉത്തരവാദികളെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
അതേസമയം, ലെബനനിലെ വെടിനിര്‍ത്തല്‍ ശക്തമാക്കാന്‍ ലക്ഷ്യമിട്ട് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ച പുതിയ കരാറുകള്‍ നിലനില്‍ക്കെത്തന്നെ, ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ തെക്കന്‍ ലെബനനില്‍ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങള്‍ നടത്തി. ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്താനിരുന്ന വന്‍ ആക്രമണം താന്‍ ഇടപെട്ട് തടഞ്ഞതാണെന്നും, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായും ഹിസ്ബുള്ള പ്രതിനിധികളുമായും സംസാരിച്ച് വെടിനിര്‍ത്തലിന് ഇരുവിഭാഗവും സമ്മതിച്ചതാണെന്നും കഴിഞ്ഞ ദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ അവകാശവാദങ്ങള്‍ കാറ്റില്‍പ്പറത്തിക്കൊണ്ട് ചൊവ്വാഴ്ച മാത്രം തെക്കന്‍ ലെബനനില്‍ 30 ഓളം ഇസ്രയേലി ആക്രമണങ്ങളാണ് ഉണ്ടായതെന്ന് ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സിദോന്‍ നഗരത്തിന് സമീപമുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ രണ്ട് കുട്ടികളും ഒരു സ്ത്രീയും ഉള്‍പ്പെടെ ഒരേ കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ആരോപിച്ച്, തെക്കന്‍ നഗരമായ നബാത്തിയയില്‍ പുതിയ ആക്രമണങ്ങള്‍ നടത്തുന്നതിന് തൊട്ടുമുമ്പ് ജനങ്ങളോട് അവിടം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം ഉത്തരവിട്ടിട്ടുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂവിന്റെ ഇത്തരം നിലപാടുകള്‍ യു.എസും ഇറാനും തമ്മിലുള്ള സമാധാന ശ്രമങ്ങള്‍ക്ക് വലിയ തടസ്സമായി തുടരുകയാണ്.
Content Summary: US-Iran tensions escalate as fresh missile and drone strikes hit the Gulf, jeopardizing Washington’s peace efforts and threatening the fragile Lebanon ceasefire agreement.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.