കുഞ്ഞുങ്ങളെ തേടി പായുന്ന അമ്മമാര്‍; ടെഹ്‌റാനെ വിറപ്പിച്ച കറുത്ത ശനി

തെരുവുകളില്‍ ആളുകള്‍ പരക്കം പായുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്നു പോലും പലര്‍ക്കും മനസിലായില്ല

US air strike in Tehran

ടെഹ്‌റാനിലെ ജനങ്ങള്‍ ഒരു പതിവ് ശനിയാഴ്ചയായി മാത്രമായിരുന്നു കരുതിയിരുന്നത്. എല്ലാം ആരംഭിച്ചു വരുന്നതെയുണ്ടായിരുന്നുള്ളൂ. പെട്ടെന്നായിരുന്നു കാര്യങ്ങള്‍ മാറിയത്.അമേരിക്കന്‍-ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ ടെഹ്റാനിലെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി, അവര്‍ തെരുവുകളിലൂടെ പ്രണനും കൈയില്‍ പിടിച്ച് ഓടി. സ്‌കൂളുകളില്‍ തങ്ങളുടെ കുട്ടികളെ കൊണ്ടുവിട്ടു തിരിച്ചു വന്ന മാതാപിതാക്കള്‍ ആകുലതയോടെ തിരിച്ചോടുന്ന കാഴ്ച നഗരത്തില്‍ ഉടനീളം കാണാമായിരുന്നു. ജനസാന്ദ്രതയേറിയ തലസ്ഥാന നഗരിയെ സ്‌ഫോടനങ്ങള്‍ പിടിച്ചുലച്ചു. ദ ന്യൂയോര്‍ക്ക് ടൈംസിനോട് സംസാരിച്ച സാക്ഷികള്‍ പറഞ്ഞ കാര്യങ്ങളാണിവ.

‘ഞാന്‍ ഓഫീസിലിരിക്കുമ്പോഴാണ് രണ്ട് വലിയ സ്‌ഫോടനശബ്ദങ്ങള്‍ കേട്ടത്, തൊട്ടുപിന്നാലെ യുദ്ധവിമാനങ്ങള്‍ ആകാശത്ത് ഇരമ്പിപ്പായുന്നതും കണ്ടു’; ടെഹ്റാനിലെ ബിസിനസുകാരനായ അലി പറയുന്നു. കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുകയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ തന്റെ പൂര്‍ണ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയ്യാറാകാതെ അലി പറയുന്നു.

മിര്‍ദാമാദ് മേഖലയില്‍ പത്തോളം യുദ്ധവിമാനങ്ങള്‍ താഴ്ന്നുപറക്കുന്നത് കണ്ടുവെന്നാണ് ഹമീദ്റേസ സന്ദ് എന്നയാള്‍ പറഞ്ഞത്. സന്ദ് ഇവിടുത്തെ താമസക്കാരനാണ്. ആംബുലന്‍സുകള്‍ സൈറണ്‍ മുഴക്കി പായുകയായിരുന്നു. പലരും തങ്ങളുടെ വാഹനങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചാണ് ഓടിയത്. മിഡില്‍ സ്‌കൂളില്‍ പഠിക്കുന്ന മകളെ കൂട്ടാന്‍ താന്‍ ഓടിച്ചെന്നപ്പോള്‍ കണ്ട കാഴ്ച ഭയാനകമായിരുന്നുവെന്ന് അലി സൈനാലിപ്പൂര്‍ എന്നയാള്‍ ക്ലബ്ഹൗസ് വഴി പങ്കുവെച്ച വിവരത്തില്‍ ടൈംസിനോട് പറയുന്നു. ‘കുട്ടികള്‍ ഗോവണികള്‍ക്ക് താഴെ ഒളിച്ചിരുന്ന് കരയുകയായിരുന്നു. പ്രിന്‍സിപ്പലിന് പോലും എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു- എല്ലാവരും അത്രമാത്രം ഭയപ്പെട്ടിരുന്നു,’ അദ്ദേഹം പറഞ്ഞു.

നഗരത്തിന്റെ വടക്കന്‍ ഭാഗത്തുള്ള വെലഞ്ചാക്കില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന്റെ മട്ടുപ്പാവിലിരുന്നപ്പോള്‍ ആകാശത്തു കൂടി യുദ്ധവിമാനങ്ങളുടെ രണ്ടാമത്തെ നിര പറക്കുന്നത് കണ്ടുവെന്നാണ് ഗോള്‍ഷാന്‍ ഫാത്തി എന്ന യുവതി ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞത്. ‘ആളുകള്‍ മേല്‍ക്കൂരകളില്‍ നിന്ന് ആകാശത്തേക്ക് നോക്കി താഴേക്ക് വിരല്‍ ചൂണ്ടുകയാണ്. സ്ത്രീകളുടെ നിലവിളികള്‍ കേള്‍ക്കാം. അയല്‍ക്കാര്‍ പലരും കാറുകളിലേക്ക് ഓടുകയാണ്. എല്ലാം ഒരു സിനിമയിലാണെന്ന് തോന്നിപ്പോകുന്നു,’ അവര്‍ തന്റെ അനുഭവം വിവരിച്ചതങ്ങനെയാണ്.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സിന്റെ താവളങ്ങള്‍ സ്ഥിതി ചെയ്യുന്ന പാസ്ദാരന്‍ മേഖലയില്‍ വീടുകള്‍ വിറച്ചു പോയ വിധമുള്ള ശക്തമായ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് എന്‍ജിനീയറായ എസ്ഫന്ദിയാര്‍ പറയുന്നു. ‘എന്റെ കുട്ടികള്‍ പേടിച്ച് കരയുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ഞങ്ങള്‍ ബാത്ത്‌റൂമിനുള്ളില്‍ ചുരുണ്ടുകൂടിയിരന്നു, അദ്ദേഹം അയച്ച സന്ദേശത്തില്‍ പറയുന്നു.

മറ്റ് നഗരങ്ങളിലും ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായി. താന്‍ എവിടേക്കാണ് പോകുന്നതെന്ന് പ്രിയപ്പെട്ടവരെ അറിയിക്കാന്‍ പോലും കഴിയാതെയാണ് മഹ്‌സ എന്ന യുവതി പാസ്ദാരന്‍ വിട്ടുപോയത്. കഴിഞ്ഞ ജൂണില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയപ്പോള്‍ സൈനിക-ആണവ കേന്ദ്രങ്ങളെയായിരുന്നു ലക്ഷ്യം വെച്ചിരുന്നത്. എന്നാല്‍ ഇത്തവണത്തെ ആക്രമണം കൂടുതല്‍ വിപുലമാണ്. രഹസ്യാന്വേഷണ മന്ത്രാലയം, നീതിന്യായ വകുപ്പ്, പ്രസിഡന്റും പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയും താമസിക്കുന്ന പാസ്ചര്‍ കോമ്പൗണ്ട് തുടങ്ങിയ രാഷ്ട്രീയ കേന്ദ്രങ്ങളെയും ആക്രമിച്ചതായാണ് വിവരം.

ഭരണകൂടത്തിനെതിരായ പ്രതിഷേധങ്ങള്‍ രാജ്യത്ത് നടക്കുമ്പോള്‍ തന്നെയാണ് പുറത്തു നിന്നുള്ള ആക്രമണവും. ചിലയിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ നടക്കുമ്പോള്‍ ആളുകള്‍ ആഹ്ലാദിക്കുന്നതായും മുന്‍പത്തെ ഭരണകൂടത്തെ (ഷാ) അനുകൂലിച്ച് മുദ്രാവാക്യം വിളിക്കുന്നതായും എക്തേബാന്‍ നഗരത്തിലെ താമസക്കാരനായ ആര്യന്‍ പറഞ്ഞു. ആക്രമണത്തിനിടെ പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പ്രസിഡന്റ് ട്രംപ് ഇറാനികളോട് പ്രതികരിക്കാന്‍ ആഹ്വാനം ചെയ്തു. ‘നിങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ നാഴിക അടുത്തിരിക്കുന്നു,’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. എന്നാല്‍ ഈ ആഹ്വാനത്തെ പലരും പരിഹസിച്ചു. ‘നിലവില്‍ ഞങ്ങളുടെ ചിന്ത സുരക്ഷിതസ്ഥാനത്ത് എത്തുക എന്നത് മാത്രമാണ്. ആരും ഇപ്പോള്‍ പ്രതിഷേധത്തെക്കുറിച്ച് ചിന്തിക്കുന്നില്ല,’ എന്ന് ലാലെ എന്ന അഭിഭാഷക അഭിപ്രായപ്പെട്ടു.

Content Summary; U.S. and Israeli air strikes; Chaos and uncertainty set in as explosions shook the densely populated Tehran

This post was last modified on February 28, 2026 6:10 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment