ആണവായുധ ഭീഷണിയുമായി ട്രംപ്; പ്രകോപനത്തിന് കാരണം റഷ്യ

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് തൊട്ടു മുമ്പായാണ് ആണവായുധ പരീക്ഷണം പുനരാരംഭിക്കുന്ന കാര്യം ട്രംപ് പറയുന്നത്‌

Donald Trump's nuclear weapons threat

ആണവ പരീക്ഷണ ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ബുസാനില്‍ വച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ഏറെ നിര്‍ണായകമായ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പായിരുന്നു ട്രംപിന്റെ ‘ ആണവ ഭീഷണി’.

33 വര്‍ഷത്തിനിടെ ആദ്യമായാണ്, അമേരിക്ക ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കുമെന്ന് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയത്.

ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു; ‘മറ്റ് രാജ്യങ്ങളുടെ പരീക്ഷണ പരിപാടികള്‍ കാരണം, തുല്യമായ അടിസ്ഥാനത്തില്‍ നമ്മുടെ ആണവായുധങ്ങള്‍ പരീക്ഷിക്കാന്‍ ഞാന്‍ യുദ്ധ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.’ നടപടി ഉടന്‍ ആരംഭിക്കും.

അതേസമയം ‘തുല്യമായ അടിസ്ഥാനത്തില്‍’ എന്നതുകൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളും നിരീക്ഷകരും പറയുന്നത്. യഥാര്‍ത്ഥ ആണവ പരീക്ഷണം നടത്താതെ അമേരിക്കന്‍ മിസൈലുകളുടെയോ കടലിനടിയിലെ ആണവ ശേഖരങ്ങളുടെയോ ശക്തി പ്രദര്‍ശിപ്പിക്കുകയാകാം ട്രംപ് ഉദ്ദേശിച്ചതെന്നാണ് ഇവര്‍ അനുമാനിക്കുന്നത്.

ചൈന തങ്ങളുടെ ആണവായുധ ശേഖരം വര്‍ദ്ധിപ്പിക്കുന്നുണ്ടെങ്കിലും, അവര്‍ 1996-ന് ശേഷം ആണവായുധം പരീക്ഷിച്ചിട്ടില്ല.

അതേസമയം ട്രംപിനെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുന്നത് പുടിന്റെ റഷ്യയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആണവശേഷിയുള്ള ക്രൂയിസ് മിസൈലായ ‘ബുറേവസ്റ്റ്‌നിക്’, ആണവശക്തിയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണായ ‘പോസിഡോണ്‍’ എന്നിവ റഷ്യ അടുത്തിടെ വിജയകരമായി പരീക്ഷിച്ചതായി പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നതെന്നതാണ് ശ്രദ്ധേയം.

യു.എസ്. സ്‌കൈഫാള്‍ എന്ന് വിളിക്കുന്ന ആണവ ടോര്‍പ്പിഡോയും റഷ്യ പരീക്ഷിച്ചു. റഷ്യയുടെ കിഴക്കന്‍ തീരത്ത് നിന്ന് അമേരിക്കന്‍ പടിഞ്ഞാറന്‍ തീരത്തേക്ക് പസഫിക് സമുദ്രത്തിലൂടെ സഞ്ചരിച്ച് ലക്ഷ്യത്തിലെത്താന്‍ രൂപകല്‍പ്പന ചെയ്തതാണ് ഈ ടോര്‍പ്പിഡോ. എന്നാല്‍, പ്രസിഡന്റ് പുടിന്‍ പിന്നീട് പറഞ്ഞത്, വാഹക വാഹനങ്ങളുടെ പരീക്ഷണം മാത്രമാണ് നടന്നതെന്നും ആണവായുധങ്ങളുടെതല്ലെന്നുമാണ്.

അമേരിക്ക അവസാനമായി ആണവായുധം പരീക്ഷിച്ചത് 1992-ലാണ്. ട്രംപിന്റെ ഈ നീക്കം പതിറ്റാണ്ടുകള്‍ പഴക്കമുള്ള യു.എസ്. ആണവ നയത്തില്‍ നിന്നുള്ള വ്യതിചലനമായാണ് നിരീക്ഷകര്‍ കാണുന്നത്.

റഷ്യയുടെ ഈ പരീക്ഷണങ്ങളെ ‘അനുചിതം’ എന്നാണ് ട്രംപ് കുറ്റപ്പെടുത്തിയത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ട്രംപ് പുടിനെ ഉപദേശിക്കുകയും ചെയ്തിരുന്നു.

ട്രംപിന്റെ സഖ്യകക്ഷികളില്‍ ചിലരും മുന്‍ ഉദ്യോഗസ്ഥരും രാജ്യം പുതിയ ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ചൈനയുടെയും റഷ്യയുടെയും ഭീഷണിയെ മറികടക്കാന്‍ എന്നാണ് അവര്‍ പറയുന്ന ന്യായം.

ദക്ഷിണ കൊറിയയിലെ ബുസാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ച, അമേരിക്കയ്ക്കും ചൈനയ്ക്കുമിടയില്‍ മാസങ്ങളായി നിലനിന്നിരുന്ന വ്യാപാര തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കമായി ലോകം ഉറ്റുനോക്കിയ ഒന്നായിരുന്നു. ട്രംപിന്റെ രണ്ടാം ഊഴത്തില്‍ ജിപിങ്ങുമായുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ച കൂടിയാണിത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുസ്ഥിരമാക്കുന്നതിനും വ്യാപാര യുദ്ധത്തിന് താത്കാലിക പരിഹാരം കാണുന്നതിനും വേണ്ടിയാണ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്.

മയക്കുമരുന്ന് നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കളുടെ ഒഴുക്ക് തടയുന്നതില്‍ ചൈന സഹകരിച്ചാല്‍, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേലുള്ള 20% താരിഫ് 10% ആയി കുറയ്ക്കുന്നതിനെക്കുറിച്ച് ട്രംപ് സൂചന നല്‍കിയിട്ടുണ്ട്.

അതേപോലെ, അമേരിക്കന്‍ കര്‍ഷകരില്‍ നിന്ന് സോയാബീന്‍സ് ഉള്‍പ്പെടെയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വീണ്ടും വാങ്ങാന്‍ ചൈന സമ്മതിച്ചേക്കുമെന്നും പറയുന്നു. ചൈനയുടെ ‘അപൂര്‍വ ധാതുക്കളുടെ’ കയറ്റുമതി നിയന്ത്രണങ്ങള്‍ക്ക് മറുപടിയായി ട്രംപ് ഉയര്‍ത്തിയ 100% അധിക താരിഫ് ഭീഷണി ഒഴിവാക്കിയിട്ടുണ്ട്.

Content Summary; US president Donald Trump Threatens to Resume Nuclear Weapons Testing for the first time in 33 years

This post was last modified on October 30, 2025 11:28 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment