ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആപ്പായ മാനസ്(Manus)നെ 200 കോടി ഡോളറിന് മെറ്റാ ഏറ്റെടുത്ത നടപടി റദ്ദാക്കാന്‍ ചൈന ഉത്തരവിട്ടു. ആഗോളതലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ അമേരിക്കയും ചൈനയും തമ്മിലുള്ള മത്സരം മുറുകുന്നതിനിടയിലാണ് ബീജിംഗിന്റെ ഈ അസാധാരണ ഇടപെടല്‍.
രണ്ട് വിദേശ കമ്പനികള്‍ തമ്മിലുള്ള ഇടപാടില്‍ ചൈനീസ് അധികൃതര്‍ ഇടപെടുന്നത് അത്യപൂര്‍വമായ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ചൈനയില്‍ സ്ഥാപിതമായെങ്കിലും കഴിഞ്ഞ വര്‍ഷം ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റിയ കമ്പനിയാണ് മാനസ്. ഇതിനോടകം തന്നെ മെറ്റാ തങ്ങളുടെ സോഫ്റ്റ്വെയറുകളില്‍ മാനസിനെ സംയോജിപ്പിച്ചു കഴിഞ്ഞതിനാല്‍, ഈ ഘട്ടത്തില്‍ കരാര്‍ എങ്ങനെ റദ്ദാക്കാനാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, ഭാവിയിലെ ഇത്തരം ഇടപാടുകള്‍ക്കുള്ള ശക്തമായ മുന്നറിയിപ്പായാണ് ഈ നീക്കത്തെ വിദഗ്ധര്‍ കാണുന്നത്.
സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാന്‍ ശേഷിയുള്ള ‘ഓട്ടോണമസ് എഐ ടൂളുകള്‍’ നിര്‍മ്മിക്കുന്ന മാനസിനെ മെറ്റാ ഏറ്റെടുത്തത് ചൈനയുടെ നിക്ഷേപ നിയമങ്ങള്‍ ലംഘിച്ചാണോ എന്നതിനെക്കുറിച്ച് ജനുവരി മുതല്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. മാനസിലെ വിദേശ നിക്ഷേപം നിരോധിച്ചതായും ഏറ്റെടുക്കല്‍ നടപടികള്‍ റദ്ദാക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് നിര്‍ദ്ദേശിച്ചതായും ചൈനയുടെ നാഷണല്‍ ഡെവലപ്മെന്റ് ആന്‍ഡ് റീഫോം കമ്മീഷന്‍ (എന്‍ഡിആര്‍സി) തിങ്കളാഴ്ച അറിയിച്ചു.
ഈ ഉത്തരവ് നടപ്പിലാക്കണമെങ്കില്‍ മെറ്റാ തങ്ങളുടെ ഏറ്റെടുക്കല്‍ നടപടിയില്‍ നിന്നും പിന്മാറി മാനസിനെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുകയോ, പഴയ നിക്ഷേപകര്‍ക്ക് തന്നെ തിരിച്ചുനല്‍കുകയോ ചെയ്യേണ്ടി വരും. എന്നാല്‍ മെറ്റാ ഇതിനോടകം തന്നെ മാനസിനെ തങ്ങളുടെ ടൂളുകളുമായി കൂട്ടിയിണക്കിയതിനാല്‍ ഈ പ്രക്രിയ ഏറെ സങ്കീര്‍ണ്ണമായിരിക്കും. തങ്ങള്‍ നിയമപരമായ എല്ലാ നടപടികളും പാലിച്ചാണ് കരാറില്‍ ഏര്‍പ്പെട്ടതെന്നും ഉചിതമായ പരിഹാരം പ്രതീക്ഷിക്കുന്നുണ്ടെന്നുമാണ് മെറ്റാ വക്താവ് പ്രതികരിച്ചത്.
2022-ല്‍ ചൈനയില്‍ ‘ബട്ടര്‍ഫ്‌ളൈ ഇഫക്റ്റ്’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് പിന്നീട് മാനസ് ആയി മാറിയത്. ബെഞ്ച്മാര്‍ക്ക് ക്യാപിറ്റല്‍ എന്ന അമേരിക്കന്‍ വെഞ്ച്വര്‍ ക്യാപിറ്റല്‍ കമ്പനിയുടെ നിക്ഷേപം ലഭിച്ചതോടെ കഴിഞ്ഞ വര്‍ഷം ഇവര്‍ ആസ്ഥാനം സിംഗപ്പൂരിലേക്ക് മാറ്റി. ഡിസംബറില്‍ 200 കോടി ഡോളറിന് മെറ്റാ ഈ കമ്പനിയെ സ്വന്തമാക്കിയെങ്കിലും, ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ ഇപ്പോഴും വികസിപ്പിച്ച കമ്പനിയായി സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തിന്റെ സാങ്കേതിക അടിത്തറ തകര്‍ക്കാനുള്ള ‘ഗൂഢാലോചന’യുടെ ഭാഗമായാണ് ഈ ഏറ്റെടുക്കലിനെ ബീജിംഗ് വിശേഷിപ്പിച്ചത്. ഇതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ മാനസിന്റെ രണ്ട് സ്ഥാപകര്‍ രാജ്യം വിടുന്നത് ചൈന തടഞ്ഞിരുന്നു. ഓപ്പണ്‍ എഐയുടെ ചാറ്റ് ജിപിടിയേക്കാള്‍ വിപുലമായ രീതിയില്‍ സ്വയം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള എഐ ഏജന്റുകളെ നിര്‍മ്മിക്കാന്‍ മാനസിലൂടെ സാധിക്കും.
അടുത്ത കാലത്തായി വിദേശ കരാറുകളില്‍ ചൈന നടത്തുന്ന രണ്ടാമത്തെ വലിയ ഇടപെടലാണിത്. നേരത്തെ സി.കെ ഹച്ചിസണ്‍ തങ്ങളുടെ തുറമുഖങ്ങള്‍ ബ്ലാക്ക്റോക്ക് സഖ്യത്തിന് വില്‍ക്കാന്‍ ശ്രമിച്ചപ്പോഴും ചൈനീസ് കമ്പനികളെ ഉള്‍പ്പെടുത്തണമെന്ന് ബീജിംഗ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. സാങ്കേതിക വിദ്യാരംഗത്തെ ചൈനയുടെ കരുത്ത് ചോര്‍ന്നുപോകാതിരിക്കാനുള്ള ശക്തമായ പ്രതിരോധ നടപടിയായാണ് മാനസ് കേസിനെ ആഗോള സാമ്പത്തിക ലോകം നിരീക്ഷിക്കുന്നത്.
Content Summary: In a major blow to Meta’s AI plans, China halts the $2bn acquisition of AI agent developer Manus. AI race between the US and China
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.