ഹോര്‍മുസില്‍ ഇറാന്‍ ഡ്രോണുകള്‍ വെടിവെച്ചിട്ട് യുഎസ്

സമാധാന ചര്‍ച്ചകള്‍ക്കിടയിലും മിഡില്‍ ഈസ്റ്റില്‍ വീണ്ടും സംഘര്‍ഷം

hormuz

മിഡില്‍ ഈസ്റ്റിന്റെ യുദ്ധഭീതി വര്‍ദ്ധിപ്പിക്കുന്ന വാര്‍ത്തകള്‍ വീണ്ടും വരുന്നു. ഹോര്‍മുസ് കടലിടുക്കിലേക്ക് ഇറാന്‍ അയച്ച ഒന്നിലധികം ഡ്രോണുകള്‍ യുഎസ് സൈന്യം വെടിവെച്ചിട്ടുവെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ഏറ്റവും പുതിയ വിവരമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹോര്‍മുസിലൂടെയുള്ള അന്താരാഷ്ട്ര വാണിജ്യ കപ്പലുകള്‍ ആക്രമിക്കാന്‍ ശ്രമിച്ച ഇറാന്റെ ഡ്രോണുകളാണ് തകര്‍ത്തതെന്നാണ് അമേരിക്കന്‍ സൈന്യത്തിന്റെ വാദം.

യുഎസ് സൈന്യത്തിന്റെ മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ‘സെന്‍ട്രല്‍ കമാന്‍ഡ്’ തങ്ങളുടെ ഔദ്യോഗിക ‘എക്‌സ്’ ഹാന്‍ഡിലിലൂടെ ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വ്യാപാര ഇടനാഴിയിലൂടെയുള്ള കപ്പല്‍ ഗതാഗതം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും, സുരക്ഷാ ഭീഷണിയായ എല്ലാ ഡ്രോണുകളെയും യുഎസ് സേന വിജയകരമായി തകര്‍ത്തതായും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഇറാനും ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ടെഹ്റാന്‍ കാര്യങ്ങള്‍ എത്രയും വേഗം മനസ്സിലാക്കി ശരിയായ വഴിക്ക് വരുന്നതാണ് നല്ലത്, അത് പെട്ടെന്ന് തന്നെ വേണം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. ഇതിന് തൊട്ടുപിന്നാലെയാണ് നാടകീയമായി ഇറാന്റെ ഭാഗത്തുനിന്ന് ഡ്രോണ്‍ നീക്കമുണ്ടായതും യുഎസ് അത് പ്രതിരോധിച്ചതും. ഇതിനിടെ, ഇറാനുമായുള്ള പുതിയ സമാധാന കരാറിലെത്താനുള്ള ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡൊണാള്‍ഡ് ട്രംപ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

അമേരിക്കയും ഇറാനും തമ്മില്‍ നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, ആദ്യം ഇറാന്‍ അവരുടെ വാഗ്ദാനങ്ങള്‍ പാലിക്കട്ടെ, അതിന് ശേഷം മാത്രം അവര്‍ക്ക് ഇളവുകളോ ആനുകൂല്യങ്ങളോ നല്‍കുന്ന കാര്യം പരിഗണിക്കൂ എന്ന് അമേരിക്ക ഇസ്രയേലിന് വാക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി അവസാന വാരം അമേരിക്കയ്ക്കൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേല്‍, നിലവിലെ ഈ സമാധാന ചര്‍ച്ചകളുടെ ഭാഗമല്ല. തങ്ങള്‍ ഈ കരാറില്‍ കക്ഷിയാകില്ലെന്ന് നെതന്യാഹു ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ടെഹ്റാനുമായി ഒരു സമാധാന ഉടമ്പടിയില്‍ ഒപ്പുവെക്കുന്നതിനായി ലെബനനിലെ സൈനിക നടപടികള്‍ ഇസ്രയേല്‍ അല്പം കുറയ്ക്കണമെന്ന് ട്രംപ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇത് ട്രംപും നെതന്യാഹുവു തമ്മില്‍ വലിയ അസ്വാരസ്യങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇറാനുമായി ഉണ്ടാക്കുന്ന പുതിയ കരാറിലൂടെ ലെബനനിലെ യുദ്ധം അവസാനിക്കുമെന്നും അധിനിവേശ പ്രദേശങ്ങളില്‍ നിന്ന് ഇസ്രയേല്‍ സൈന്യം പിന്മാറേണ്ടി വരുമെന്നും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി സൂചിപ്പിച്ചിരുന്നു.

എന്നാല്‍ ഇറാന്റെയും യുഎസിന്റെയും നിലപാടുകളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പ്രതികരണമാണ് ഇസ്രയേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ലെബനനില്‍ നിന്നും തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഉണ്ടാകുന്ന ഏത് സുരക്ഷാ ഭീഷണികള്‍ക്കെതിരെയും സ്വതന്ത്രമായി നടപടിയെടുക്കാനുള്ള അധികാരം ഇസ്രയേലില്‍ തന്നെ നിലനില്‍ക്കുമെന്നാണ് ഉയര്‍ന്ന ഇസ്രയേലി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. നയതന്ത്ര തലത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ട് പോകുമ്പോഴും ഭൂമിശാസ്ത്രപരമായി മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന യുദ്ധസമാനമായ അന്തരീക്ഷം ആഗോളതലത്തില്‍ വലിയ ആശങ്കകള്‍ക്ക് കാരണമാകുന്നുണ്ട്.

Content Summary; US forces down multiple Iranian attack drones in the Strait of Hormuz amid rising tensions, as Donald Trump issues a stern warning to Tehran. Read details

This post was last modified on June 13, 2026 11:05 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment