July 03, 2026 |
Share on

എല്‍ നിനോ എത്തി; മഴ കുറയുമോ?

എല്‍ നിനോ പ്രതിഭാസം സ്ഥിരീകരിച്ചുകൊണ്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (കാലവര്‍ഷം) സജീവമായിരിക്കെ ‘എല്‍ നിനോ’ പ്രതിഭാസത്തിന്റെ വരവ് സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി). പസഫിക് സമുദ്രത്തിലെ താപനിലയിലുണ്ടായ വ്യതിയാനങ്ങളെ തുടര്‍ന്ന് എല്‍ നിനോ ഔദ്യോഗികമായി ആരംഭിച്ചതായും, വരും മാസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമാകാന്‍ സാധ്യതയുണ്ടെന്നും ഐഎംഡി പുറത്തിറക്കിയ ഏറ്റവും പുതിയ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു. ഇന്ത്യയില്‍ സാധാരണഗതിയില്‍ മണ്‍സൂണ്‍ മഴ കുറയുന്നതിനും, കടുത്ത ചൂടിനും, വരള്‍ച്ചാ സമാനമായ സാഹചര്യങ്ങള്‍ക്കും എല്‍ നിനോ കാരണമാകാറുണ്ട് എന്നതിനാല്‍ അതീവ ജാഗ്രതയോടെയാണ് കാലാവസ്ഥാ നിരീക്ഷകര്‍ ഈ നീക്കത്തെ നോക്കിക്കാണുന്നത്.

മധ്യ-കിഴക്കന്‍ പസഫിക് സമുദ്രോപരിതലത്തിലെ താപനില എല്‍ നിനോ രൂപീകരണത്തിന് ആവശ്യമായ പരിധി കടന്നതായി കാലാവസ്ഥാ വകുപ്പിന്റെ ജൂണിലെ ഇഎന്‍എസ്ഒ ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. സമുദ്രത്തിലെ ഈ ചൂടുപിടിക്കലിനോട് അന്തരീക്ഷവും അനുകൂലമായി പ്രതികരിച്ചു കഴിഞ്ഞു. ഇത് സമുദ്ര-അന്തരീക്ഷ സംവിധാനം പൂര്‍ണ്ണമായും എല്‍ നിനോ അവസ്ഥയിലേക്ക് മാറിയതിന്റെ വ്യക്തമായ സൂചനയാണ്. ജൂണ്‍ മാസത്തില്‍ സമുദ്രോപരിതല താപനില അളക്കുന്ന നിര്‍ണായക സൂചികയായ ‘നിനോ 3.4 ഇന്‍ഡക്‌സ്’ ശരാശരിയേക്കാള്‍ +0.5 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് ഉയര്‍ന്നതോടെയാണ് എല്‍ നിനോയുടെ ഔദ്യോഗിക തുടക്കം സ്ഥിരീകരിച്ചത്. വരും മാസങ്ങളില്‍ സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നുള്ള ചൂടുള്ള ജലം മുകളിലേക്ക് ഉയരുന്നതോടെ ഈ പ്രതിഭാസം കൂടുതല്‍ ശക്തമാകുമെന്നാണ് പ്രവചനം.

മണ്‍സൂണിനെ എങ്ങനെ ബാധിക്കും?

പസഫിക് സമുദ്രത്തിലെ ജലം സാധാരണയേക്കാള്‍ കൂടുതല്‍ ചൂടാകുന്ന പ്രകൃതിദത്ത പ്രതിഭാസമാണ് എല്‍ നിനോ. ചരിത്രപരമായി നോക്കിയാല്‍, ഇന്ത്യയിലെ കാലവര്‍ഷത്തെ ദുര്‍ബലപ്പെടുത്തുന്നതില്‍ ഇതിന് വലിയ പങ്കുണ്ട്. എല്‍ നിനോ ശക്തമാകുന്ന വര്‍ഷങ്ങളില്‍ രാജ്യത്ത് ദീര്‍ഘകാലം മഴ മാറിനില്‍ക്കുന്ന വരണ്ട കാലാവസ്ഥയും ഉയര്‍ന്ന താപനിലയും അനുഭവപ്പെടാറുണ്ട്. എന്നാല്‍, ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്ന ഒരേയൊരു ഘടകം എല്‍ നിനോ മാത്രമല്ലെന്ന് കാലാവസ്ഥാ വകുപ്പ് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ അന്തരീക്ഷാവസ്ഥ സാധാരണ നിലയിലാണ്. അതുകൊണ്ട് തന്നെ ഇത് എല്‍ നിനോയുടെ ആഘാതം കൂട്ടാനോ കുറയ്ക്കാനോ വലിയ രീതിയില്‍ കാരണമാകില്ലെന്നാണ് ഐഎംഡിയുടെ വിലയിരുത്തല്‍.

അതേസമയം, ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയും (ജെഎംഎ) ജൂണ്‍ 11-ഓടെ എല്‍ നിനോയുടെ വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജപ്പാന്റെ പ്രവചനമനുസരിച്ച് ജൂലൈ മാസത്തോടെ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഒരു ‘പോസിറ്റീവ് ഐഒഡി’ രൂപപ്പെടാന്‍ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍, ഒരു ‘സൂപ്പര്‍ എല്‍ നിനോ’ ആയി മാറാന്‍ സാധ്യതയുള്ള ഈ പ്രതിഭാസം ഇന്ത്യന്‍ മണ്‍സൂണില്‍ ഉണ്ടാക്കാന്‍ ഇടയുള്ള ദോഷകരമായ പ്രത്യാഘാതങ്ങളെ ഒരു പരിധി വരെ തടഞ്ഞുനിര്‍ത്താന്‍ അതിന് സാധിച്ചേക്കും. പസഫിക് സമുദ്രത്തിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും മണ്‍സൂണ്‍ സീസണ്‍ പുരോഗമിക്കുന്നതിനനുസരിച്ച് ഓരോ മാസവും കൃത്യമായ വിവരങ്ങള്‍ പുറത്തുവിടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Summary; IMD issues a warning as the El Nino phenomenon arrives, threatening to weaken the southwest monsoon in India.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Tags:

Leave a Reply

Your email address will not be published. Required fields are marked *

×