ഇറാനെതിരായ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ അമേരിക്കന്‍ സൈന്യം വന്‍തോതില്‍ ആയുധങ്ങള്‍ ഉപയോഗിച്ചുതീര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ആക്രമണം ആരംഭിച്ച് ആദ്യ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം 5.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 51,400 കോടി രൂപ) വിലമതിക്കുന്ന അത്യാധുനിക യുദ്ധോപകരണങ്ങള്‍ യുഎസ് സൈന്യം ഉപയോഗിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മിസൈലുകളുടെയും ബോംബുകളുടെയും വില മാത്രം കണക്കാക്കിയുള്ള തുകയാണിത്. വ്യോമ പ്രതിരോധ ഇന്റര്‍സെപ്റ്ററുകള്‍, ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ എന്നിവയുള്‍പ്പെടെ നൂറുകണക്കിന് അത്യാധുനിക ആയുധങ്ങളാണ് ഇതിനോടകം അമേരിക്ക ചെലവഴിച്ചത്. മേഖലയിലെ സൈനിക വിന്യാസം, വിമാനങ്ങള്‍, കപ്പലുകള്‍ എന്നിവയുടെ പ്രവര്‍ത്തനച്ചെലവ് കൂടി കൂട്ടുമ്പോള്‍ യഥാര്‍ത്ഥ സംഖ്യ ഇതിലും എത്രയോ മുകളിലാകാനാണ് സാധ്യത.
അപ്രതീക്ഷിതമായ ഈ ഭാരിച്ച ചെലവ് യുഎസ് സൈന്യത്തിന്റെ സന്നദ്ധതയെ ബാധിക്കുമെന്ന ആശങ്ക വാഷിംഗ്ടണില്‍ ഉയര്‍ന്നിട്ടുണ്ട്. ഇറാനിലെ 5,000 ത്തിലധികം ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ 2,000-ത്തിലധികം യുദ്ധോപകരണങ്ങളാണ് സെന്‍ട്രല്‍ കമാന്‍ഡ് ഉപയോഗിച്ചത്. ദീര്‍ഘകാലം യുദ്ധം തുടര്‍ന്നാല്‍ അത്യാധുനിക ആയുധങ്ങളുടെ ലഭ്യത കുറയുമെന്ന് നിയമനിര്‍മ്മാതാക്കള്‍ ഭയപ്പെടുന്നുണ്ടെങ്കിലും, ദൗത്യം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ പെന്റഗണിന്റെ പക്കലുണ്ടെന്ന് വക്താവ് ഷോണ്‍ പാര്‍നെല്‍ വ്യക്തമാക്കി.

ആയത്തുള്ള അലി ഖമേനി ഉള്‍പ്പെടെയുള്ള ഇറാനിയന്‍ നേതൃത്വത്തെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങള്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് യുഎസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, ഖമേനിയുടെ മകന്‍ മൊജ്തബ ഖമേനിയെ പിന്‍ഗാമിയായി പ്രഖ്യാപിച്ചുകൊണ്ട് ടെഹ്റാന്‍ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണ് ചെയ്തത്. ഹോര്‍മുസ് കടലിടുക്ക് തടഞ്ഞും തന്ത്രപ്രധാനമായ താവളങ്ങള്‍ ലക്ഷ്യമിട്ടും ഇറാന്‍ പ്രതിരോധം തുടരുന്നു. അതേസമയം, ഇറാനിയന്‍ മിസൈലുകളെയും ഡ്രോണുകളെയും ഗള്‍ഫ് രാജ്യങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചത് യുഎസിന് ആശ്വാസമായിട്ടുണ്ട്.
യുദ്ധം നീണ്ടുപോകുന്ന സാഹചര്യത്തില്‍ ചെലവ് കുറയ്ക്കുന്നതിനായി അത്യാധുനിക മിസൈലുകളില്‍ നിന്ന് ലേസര്‍ ഗൈഡഡ് ബോംബുകളിലേക്ക് മാറാന്‍ യുഎസ് ആലോചിക്കുന്നുണ്ട്. ഇത് ഓരോ ആക്രമണത്തിന്റെയും ചെലവ് ദശലക്ഷം ഡോളറുകളില്‍ നിന്ന് ഒരു ലക്ഷം ഡോളറില്‍ താഴെയായി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സൂചിപ്പിച്ചു.
ഇറാന്‍ പ്രതിസന്ധി നേരിടാന്‍ പസഫിക് മേഖലയില്‍ നിന്നും ദക്ഷിണ കൊറിയയില്‍ നിന്നും മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക് മാറ്റുകയാണ് ട്രംപ് ഭരണകൂടം. ചൈനയെ പ്രതിരോധിക്കാന്‍ നീക്കിവെച്ചിട്ടുള്ള ആസ്തികള്‍ ഇപ്രകാരം മാറ്റുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമേരിക്കയുടെ ആഗോള സൈനിക സ്വാധീനത്തെ ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
യുദ്ധം തുടരുന്നതിനായി വന്‍ തുകയുടെ അനുബന്ധ ബജറ്റ് ഈ ആഴ്ച കോണ്‍ഗ്രസില്‍ അവതരിപ്പിക്കാന്‍ ഭരണകൂടം പദ്ധതിയിടുന്നുണ്ടെങ്കിലും ഡെമോക്രാറ്റുകളില്‍ നിന്ന് ഇതിന് ശക്തമായ എതിര്‍പ്പുണ്ടാകാനാണ് സാധ്യത.
Content Summary: US spends ₹51,400 crore on weapons against Iran in the first two days