ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ ഭയത്തില്‍, ട്രംപ് പറയുന്നു; ‘എല്ലാം നന്നായി പോകുന്നു’

ജനം ജീവിത ചെലവോര്‍ത്ത് നട്ടംതിരിയുമ്പോള്‍, അമേരിക്ക സുവര്‍ണ കാലഘട്ടത്തിന്റെ വക്കിലാണെന്നാണ് ട്രംപ് ഭരണകൂടത്തിന്റെ അവകാശം

ലോകം നേരിടാനൊരുങ്ങുന്ന സാമ്പത്തിക മാന്ദ്യവും. ചൈനയില്‍ നിന്നുണ്ടാകുന്ന വ്യാപര ഭീഷണിയും തലയ്ക്കു മുകളില്‍ വാളായി നില്‍ക്കുമ്പോഴും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവേശത്തിലാണ്! താന്‍ തുടങ്ങിവച്ച് വ്യാപര യുദ്ധം ‘ ശരിക്കും നന്നായി നടക്കുന്നു’ എന്നാണ് ട്രംപ് പ്രസ്താവനയില്‍ പറയുന്നത്. ഭയനാകമാം വിധം വര്‍ദ്ധിക്കുന്ന പണ്ണപ്പെരുപ്പം ഉണ്ടാക്കുന്ന ആശങ്കകള്‍ നിലനില്‍ക്കെയാണ്, തന്റെ താരിഫ് തന്ത്രം വേഗത്തില്‍ തന്നെ പുരോഗമിക്കുന്നുണ്ടെന്ന് ട്രംപ് അവകാശപ്പെടുന്നത്.

അടുത്തിടെ നടത്തിയ ഒരു സാമ്പത്തിക സര്‍വേയില്‍ പറയുന്നത്, വിലക്കയറ്റം കുത്തനെ ഉയരമെന്നും 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നുമുള്ള പേടിയിലാണ് അമേരിക്കന്‍ ഉപഭോക്തൃ സമൂഹം. ഉയര്‍ന്ന പണപ്പെരുപ്പത്തെ നേരിടാന്‍ ആളുകള്‍ തയ്യാറെടുക്കുകയാണ്. ജീവിത ചെലവിന്റെ ശീലങ്ങള്‍ തന്നെ അവര്‍ മാറ്റാന്‍ തീരുമാനിച്ചിരിക്കുകയാണ്. യാഥാര്‍ത്ഥ്യങ്ങള്‍ ഇതുപോലെ കടുപ്പമേറിയതാണെന്നിരിക്കെ, വൈറ്റ് ഹൗസ് അവകാശമുന്നയിക്കുന്നത്, യുഎസ് സമ്പദ് വ്യവസ്ഥ ഒരു സുവര്‍ണഘട്ടത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണെന്നാണ്.

ഉയര്‍ന്ന താരിഫുകള്‍ പ്രഖ്യാപിച്ചത് ജൂലൈ വരെ(90 ദിവസത്തേക്ക്) ട്രംപ് മരവിപ്പിച്ചിരുന്നു. നിലവില്‍ 10% യുഎസ് താരിഫ് നേരിടുന്ന ഡസന്‍ കണക്കിന് രാജ്യങ്ങള്‍ അമേരിക്കയുമായി വ്യാപര കരാറുകള്‍ക്ക് ശ്രമിക്കുകയാണെന്നാണ് ഭരണകൂടം പറയുന്നത്. ‘കരാറുകള്‍ ഉറപ്പിക്കാനായി ഫോണുകള്‍ നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്,’ എന്നായിരുന്നു പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. സാമ്പത്തിക ശാസ്ത്രജ്ഞനായ കാര്‍ലോട്ട പെരസിന്റെ സാങ്കേതിക-സാമ്പത്തിക മാറ്റവുമായി ബന്ധപ്പെട്ട ലോംഗ്-വേവ് സിദ്ധാന്തം പോലുള്ള സാമ്പത്തിക സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങളാണ് ട്രംപ് ഭരണകൂടവും മുന്നോട്ടു വയ്ക്കുന്നത്. പെരസിന്റെ അഭിപ്രായത്തില്‍, സാങ്കേതിക വിപ്ലവങ്ങളും സമര്‍ത്ഥമായ നയ തീരുമാനങ്ങളും കാരണമാകുന്ന പ്രക്ഷോഭങ്ങളുടെയും പ്രതിസന്ധികളുടെയും കാലം അവസാനിച്ചു കഴിഞ്ഞാല്‍, മനുഷ്യകുലത്തിന് വിശാലമായ സാമ്പത്തിക വളര്‍ച്ചയുടെ ഗുണം അനുഭവിക്കാനും അതുവഴി ഒരു ‘സുവര്‍ണ്ണ കാലഘട്ടത്തിലേക്ക്’ പ്രവേശിക്കാനും കഴിയും. ഇതേ സിദ്ധാന്തമാണ് ഇപ്പോള്‍ ട്രംപും കൂട്ടരും പറയുന്നത്. ഇപ്പോഴത്തെ പ്രശ്‌നങ്ങഴളൊക്കെ മാറുമെന്നും അമേരിക്ക കൂടുതല്‍ മെച്ചപ്പെടുമെന്നും.

പക്ഷേ, ഇത്തരം സിദ്ധാന്തങ്ങള്‍ പറയുമ്പോഴും, അന്തരീക്ഷം ഇപ്പോള്‍ ഏറ്റവും മോശമായ അവസ്ഥയിലാണ്. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ വര്‍ദ്ധിപ്പിച്ചുകൊണ്ട് ചൈന യുഎസുമായുള്ള വ്യാപാര യുദ്ധം കുറിച്ചിരിക്കുകയാണ്. മൂന്നുമാസത്തെ താരിഫ് ഇളവ് ചൈനയ്ക്ക് മാത്രമായിരുന്നു യു എസ് നല്‍കാതിരുന്നത്. മാത്രമല്ല, 125 ശതമാനമായി പകരച്ചുങ്കം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതിനു പ്രതികാരമാണ് ചൈനയില്‍ നിന്നുണ്ടായത്. യുഎസ് ഇറക്കുമതിയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് ചൈന. ” ഏകപക്ഷീയമായ ഭീഷണിയും നിര്‍ബന്ധവുമാണ്’ അമേരിക്കയില്‍ നിന്നുണ്ടാകുന്നതെന്നാണ് ചൈനയുടെ ആരോപണം. ‘യുഎസ് ഇനിയും ഉയര്‍ന്ന താരിഫുകള്‍ ചുമത്തുന്നത് തുടര്‍ന്നാല്‍ പോലും, അതിന് ഇനി സാമ്പത്തിക പ്രാധാന്യമൊന്നും ഉണ്ടാകില്ല, ലോക സാമ്പത്തിക ചരിത്രത്തില്‍ ഒരു തമാശയായി അവശേഷിക്കും,’ എന്നായിരുന്നു ട്രംപിന്റെ ഭീഷണിയെ തള്ളിക്കൊണ്ട് ചൈനയുടെ ധനകാര്യ മന്ത്രിയുടെ പ്രതികരണം.

യുഎസ് നിക്ഷേപകര്‍ ട്രംപിന്റെ വാഗ്ദാനങ്ങളില്‍ മയങ്ങി നില്‍ക്കുന്നില്ല. അവര്‍ ആശങ്കയിലാണ്. ആ ആശങ്ക വിപണികളിലും പ്രതിഫലിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സാമ്പത്തിക ആസ്തികളില്‍ ഒന്നായി കണക്കാക്കപ്പെടുന്ന യുഎസ് ഗവണ്‍മെന്റ് ബോണ്ടുകള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുകയാണ്. 2019 ന് ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നഷ്ടത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഡോളറിനും ഇടിവു നേരിടുകയാണ്. യൂറോ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങി മറ്റ് പ്രധാന കറന്‍സികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞിട്ടുണ്ട്. ഈ ഇടിവ് ഡോളറിന് നേരിടുന്ന ദുര്‍ബലതയെയാണ് കാണിക്കുന്നത്. വിവിധ രൂപത്തിലുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കാണ് ഇത് കാരണമാകുന്നത്. അതായത്, ട്രംപും കൂട്ടരും പറയുന്നതുപോലെയല്ല കാര്യങ്ങള്‍ നീങ്ങുന്നത്. ലോകത്തിന് മാത്രമല്ല, സ്വന്തം രാജ്യത്തും സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുന്ന നടപടികളുമായാണ് ട്രംപ് ഇപ്പോള്‍ പോകുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നത്.  US Trade War: Trump’s Confidence Amidst Recession Fears

Content Summary; US Trade War: Trump’s Confidence Amidst Recession Fears

This post was last modified on April 12, 2025 1:41 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment