ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് തടയും, കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകും; നൈജീരിയയില്‍ മുന്നറിയിപ്പുമായി യുഎസ്

ഐഎസ് കേന്ദ്രങ്ങളില്‍ നടത്തിയത് സംയുക്ത ആക്രമണമാണെന്നാണ് നൈജീരിയന്‍ സര്‍ക്കാരും അറിയിച്ചിരിക്കുന്നത്‌

US Attack in Nigeria

വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ലക്ഷ്യങ്ങള്‍ക്കെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ മുന്നറിയിപ്പ്. ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്നത് തടയാനുള്ള നീക്കമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ സൈനിക നടപടിയെ വിശേഷിപ്പിച്ചത്.

ക്രിസ്മസ് ദിനത്തില്‍ നടന്ന ആക്രമണത്തെക്കുറിച്ച് എക്‌സിലൂടെയാണ് ഹെഗ്‌സെത്ത് പ്രതികരണം നടത്തിയത്. ‘നൈജീരിയയിലും മറ്റും നിരപരാധികളായ ക്രിസ്ത്യാനികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പെന്റഗണ്‍ എപ്പോഴും സജ്ജമാണ്, അത് ഐഎസ് ഇന്ന് രാത്രി അറിഞ്ഞു. ഇനിയും വരാനിരിക്കുന്നു.’ നൈജീരിയന്‍ സര്‍ക്കാരിന്റെ സഹകരണത്തിനും അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി നന്ദി അറിയിച്ചു.

അമേരിക്കന്‍ ആക്രമണം സംയുക്ത നീക്കത്തിന്റെ ഭാഗമാണെന്നാണ് നൈജീരിയന്‍ വിദേശകാര്യ മന്ത്രി യൂസഫ് തുഗ്ഗര്‍ പറഞ്ഞത്. ആക്രമണത്തിന് മുന്നോടിയായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി താന്‍ സംസാരിച്ചതായും നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബുവിന്റെ അനുമതി ഉണ്ടായിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ ചെറുക്കാനും നിരപരാധികളെ സംരക്ഷിക്കാനുമുള്ള ശ്രമമാണിതെന്നും തുഗ്ഗര്‍ കൂട്ടിച്ചേര്‍ത്തു.

ബുധനാഴ്ച നടക്കേണ്ടിയിരുന്ന ആക്രമണം തന്റെ നിര്‍ദ്ദേശപ്രകാരം ഒരു ദിവസം വൈകിപ്പിച്ചതാണെന്ന് ട്രംപ് വെളിപ്പെടുത്തി. ‘നമുക്കൊരു ക്രിസ്മസ് സമ്മാനം നല്‍കാം എന്ന് ഞാന്‍ പറഞ്ഞു. ഓരോ ഭീകര ക്യാമ്പും തകര്‍ക്കപ്പെട്ടു,’ പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് തുടര്‍ന്നാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതായും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

നൈജീരിയയിലെ ജനസംഖ്യയില്‍ 53% മുസ്ലീങ്ങളും 45% ക്രിസ്ത്യാനികളുമാണ്. രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ അമേരിക്കയിലെ വലതുപക്ഷ ഗ്രൂപ്പുകള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍, ഭീകരര്‍ ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഒരുപോലെ ലക്ഷ്യം വയ്ക്കുന്നുണ്ടെന്നാണ് നൈജീരിയന്‍ സര്‍ക്കാരിന്റെ നിലപാട്.

നൈജീരിയയിലെ സൊക്കോട്ടോ സംസ്ഥാനത്തായിരുന്നു അമേരിക്കന്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണമില്ല. തങ്ങളുടെ പ്രദേശത്ത് ആളപായമില്ലെന്നു സൊക്കോട്ടോയിലെ ഗ്രാമവാസികള്‍ പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

നൈജീരിയയില്‍ 2025-ല്‍ ഇതുവരെ ഏകദേശം 6,000 അക്രമാസക്തമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൊക്കോട്ടോയിലെ വനമേഖലകള്‍ ഇസ്ലാമിക് സ്റ്റേറ്റ് സഹേല്‍ വിഭാഗവും സായുധ സംഘങ്ങളും താവളമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് ദിനത്തില്‍ നൈജീരിയന്‍ വ്യോമസേന അബദ്ധത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ 13 സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ ആഘാതം നിലനില്‍ക്കെയാണ് ഇപ്പോള്‍ അമേരിക്കന്‍ ആക്രമണം ഉണ്ടായിരിക്കുന്നത്.

Content Summary; America warns of more attacks on Islamic State’s terror centers in Nigeria

This post was last modified on December 28, 2025 9:37 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment