July 07, 2026 |
Share on

നാണക്കേടും വിവാദങ്ങളും ബാക്കി; യു.എസിന് ബെല്‍ജിയത്തിന്റെ ‘റെഡ് കാര്‍ഡ്’

ബെല്‍ജിയത്തിന് മുന്നില്‍ തകര്‍ന്ന് യു.എസ് ലോകകപ്പ് മോഹങ്ങള്‍, പ്രീ-ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോറ്റ് പുറത്തായി

പുറത്തു കളിച്ചു ജയിച്ച രാഷ്ട്രീയം കളത്തില്‍ വിലപ്പോകില്ലെന്ന് അമേരിക്കയ്ക്ക് മനസിലാക്കി കൊടുത്തു ബെല്‍ജിയം. അതിഥേയരെന്ന ആനുകൂല്യവും സ്വന്തം കാണികളുടെ വന്‍ പിന്തുണയും ഉണ്ടായിരുന്നിട്ടും ലോകകപ്പ് പ്രീ-ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ യു.എസിന് നേരിടേണ്ടി വന്നത് കനത്ത തോല്‍വി. സീറ്റിലില്‍ നടന്ന മത്സരത്തില്‍ യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയം ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അമേരിക്കയെ തകര്‍ത്തുവിട്ടത്. 2002-ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തുക എന്ന ലക്ഷ്യത്തില്‍ ഈ ലോകകപ്പിനെ തന്നെ നാണം കെടുത്തുന്ന രാഷ്ട്രീയ കളിവരെ നടന്നു. വൈറ്റ് ഹൗസിന്റെ നേരിട്ടുള്ള ഇടപെടല്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു. പക്ഷേ, അവരുടെ ലക്ഷ്യങ്ങളെല്ലാം തരിപ്പണമാകുന്നതിനാണ്ഫുട്‌ബോള്‍ ലോകം സാക്ഷ്യം വഹിച്ചത്.

തങ്ങളുടെ പ്രധാന മൂന്ന് സൂപ്പര്‍ താരങ്ങളെയും ബെഞ്ചിലിരുത്തിയാണ് ബെല്‍ജിയം കളി തുടങ്ങിയത്. മത്സരത്തില്‍ ആദ്യ ഗോള്‍ നേടിയതും ബെല്‍ജിയമായിരുന്നു. പകരം ഒന്നടിച്ച് മത്സരം സമനിലയിലേക്കു കൊണ്ടു വന്നെങ്കിലും പിന്നീട് ഒന്നും ചെയ്യാന്‍ യുഎസ് ടീമിന് സാധിച്ചില്ല. യു.എസിന്റെ ആശ്വാസത്തിന് അധികം ആയു് കൊടുക്കാതെ, സമനില ഗോള്‍ വീണ് രണ്ട് മിനിറ്റിനകം ബെല്‍ജിയത്തിന്റെ ചാര്‍ലസ് ഡി കെറ്റെലെയര്‍ തന്റെ രണ്ടാമത്തെ ഗോളും ഹെഡ്ഡറിലൂടെ വലയിലെത്തിച്ച് ടീമിന് വീണ്ടും ലീഡ് സമ്മാനിച്ചു. ഇതോടെ നിരാശനായ യു.എസ് കോച്ച് പൊച്ചെറ്റിനോ സൈഡ് ലൈനിലെ വാട്ടര്‍ ബോട്ടിലുകള്‍ തൊഴിച്ചുതെറിപ്പിക്കുന്നതും ലോകം കണ്ടു. മത്സരത്തിന്റെ 57-ാം മിനിറ്റില്‍ യു.എസ് ഗോള്‍കീപ്പര്‍ മാറ്റ് ഫ്രീസിന് സംഭവിച്ച ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാന്‍സ് വനാകെന്‍ ബെല്‍ജിയത്തിന്റെ മൂന്നാം ഗോള്‍ നേടി. തുടര്‍ന്ന് ഇഞ്ചുറി ടൈമില്‍ യു.എസ് പ്രതിരോധത്തിന്റെ പാളിച്ചകള്‍ മുതലെടുത്ത് റൊമേലു ലുകാകു കൂടി ഗോള്‍ നേടിയതോടെ ബെല്‍ജിയത്തിന്റെ വിജയം 4-1 ന് പൂര്‍ത്തിയായി.

‘ഇന്ന് ഞങ്ങള്‍ വേണ്ടത്ര മികവ് പുലര്‍ത്തിയില്ല എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്, അതിന് മറ്റ് ഒഴികഴിവുകള്‍ കണ്ടെത്തേണ്ട കാര്യമില്ല,’ മത്സരത്തിന് ശേഷം യു.എസ് മുഖ്യപരിശീലകന്‍ മൗറീഷ്യോ പൊച്ചെറ്റിനോ തുറന്നുപറഞ്ഞു.

ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ വീറുറ്റൊരു പോരാട്ടം എന്ന നിലയില്‍ ഫുട്‌ബോള്‍ ലോകം ആസ്വദിക്കേണ്ടിയിരുന്ന ഒരു മത്സരം ലോകകപ്പ് ചരിത്രത്തില്‍ തന്നെ വിവാദം മൂടിയതായി മാറാന്‍ കാരണം അമേരിക്കയുടെ രാഷ്ട്രീയ ഇടപെടലായിരുന്നു. യു.എസിന്റെ മുന്‍നിര സ്‌ട്രൈക്കറും ടോപ് സ്‌കോററുമായ ഫൊളാരിന്‍ ബാലോഗന് മുന്‍ മത്സരത്തില്‍ ലഭിച്ച ചുവപ്പ് കാര്‍ഡിനെത്തുടര്‍ന്ന് ബെല്‍ജിയവുമായി നടക്കുന്ന മത്സരത്തില്‍ നിര്‍ബന്ധിത വിലക്ക് ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ ഈ വിലക്ക് ഞായറാഴ്ച ഫിഫ പെട്ടെന്ന് പിന്‍വലിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഫിഫ തലവന്‍ ജിയാനി ഇന്‍ഫാന്റിനോയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു ഈ അപ്രതീക്ഷിത നടപടി. ഇതോടെ അമേരിക്കയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നുവെന്ന് ആരോപിച്ച് ബെല്‍ജിയം ടീമും യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണസമിതിയായ യുവേഫയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഫിഫയുടെ തീരുമാനം എല്ലാ പരിധികളും ലംഘിക്കുന്നതാണെന്നും അഭൂതപൂര്‍വ്വവും നീതീകരിക്കാനാവാത്തതുമാണെന്നും യുവേഫ കുറ്റപ്പെടുത്തി. തിങ്കളാഴ്ച രാവിലെ ബെല്‍ജിയം നല്‍കിയ അപ്പീല്‍ ഫിഫ തള്ളിയതോടെ ബാലോഗന്‍ യു.എസ് നിരയില്‍ കളിക്കാനിറങ്ങി. കളി തുടങ്ങിയപ്പോള്‍ യു.എസ് ആരാധകര്‍ ബലോഗന് വന്‍ വരവേല്‍പ്പ് നല്‍കിയപ്പോള്‍ ബെല്‍ജിയം ആരാധകര്‍ ചുവപ്പ് കാര്‍ഡുകള്‍ വായുവില്‍ വീശിയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

എന്നിരുന്നാലും കളത്തില്‍ പ്രതീക്ഷിച്ച സ്വാധീനമുണ്ടാക്കാന്‍ ബാലോഗന് സാധിച്ചില്ല. മത്സരത്തില്‍ ഒരു ഗോള്‍ പോലും നേടാനാകാതിരുന്ന താരം കേവലം മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ഉതിര്‍ത്തത്. ഒന്നാം പകുതിയില്‍ യു.എസ് താരം മാലിക് ടില്‍മാന്‍ ഫ്രീക്കിക്കിലൂടെ ഗോള്‍ നേടിയപ്പോള്‍, അതിന് കാരണമായ ഫൗള്‍ സൃഷ്ടിച്ചത് മാത്രമാണ് ബാലോഗന്റെ ഭാഗത്തുനിന്നുണ്ടായ ഏക സംഭാവന. മുന്‍ മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ തോല്‍പ്പിച്ച് യൂറോപ്യന്‍ ടീമുകള്‍ക്കെതിരെയുള്ള യു.എസിന്റെ അഞ്ച് വര്‍ഷത്തെ പരാജയകാലം ബാലോഗന്‍ അവസാനിപ്പിച്ചിരുന്നെങ്കിലും ബെല്‍ജിയത്തിന് മുന്നില്‍ കളി മറന്നു.

കളിയിലെ പരാജയത്തേക്കാള്‍ യു.എസ് ടീമിനെ വേട്ടയാടുക ബാലോഗന്‍ വിവാദം അവര്‍ക്കുണ്ടാക്കുന്ന മോശം പ്രതിച്ഛായയാണ്. അതുവരെ ടൂര്‍ണമെന്റിലെ പ്രിയപ്പെട്ട ആതിഥേയരായിരുന്ന യു.എസ്, പ്രസിഡന്റും ഫിഫ തലവനും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഗുണഭോക്താക്കളായി അന്താരാഷ്ട്ര തലത്തില്‍ ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ തങ്ങളുടെ അച്ചടക്ക സമിതി തികച്ചും സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നും, യൂറോപ്യന്‍ ലീഗുകളില്‍ ചുവപ്പ് കാര്‍ഡുകള്‍ റദ്ദാക്കുന്നത് സാധാരണമാണെന്നും അതിനാല്‍ 40,000 ഡോളര്‍ പിഴയോടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചതില്‍ തെറ്റില്ലെന്നും കാണിച്ച് ഫിഫ പ്രസ്താവനയിറക്കിയിരുന്നു. ഫിഫയുടെ തീരുമാനങ്ങളില്‍ താന്‍ എപ്പോഴും ഇടപെടാറില്ലെന്നും ചിലപ്പോള്‍ അതിനോട് യോജിക്കാറില്ലെന്നും ഇതൊരു സ്വതന്ത്ര സമിതിയാണെന്നുമൊക്കെയായിരുന്നു ഇന്‍ഫാന്റിനോയുടെ വിശദീകരണം.

എന്നാല്‍, ഫുട്‌ബോളിലെ രാഷ്ട്രീയ ഇടപെടലില്‍ ഫുട്‌ബോള്‍ ലോകം കടുത്ത ആശങ്ക പ്രകടിപ്പിച്ചപ്പോഴും യു.എസ് ടീം ഇതില്‍ ഖേദം പ്രകടിപ്പിച്ചിരുന്നില്ല. ബാലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയത് തന്നെ തെറ്റായ തീരുമാനമായിരുന്നെന്നും അത് തിരുത്തുക മാത്രമാണ് ഫിഫ ചെയ്തതെന്നുമാണ് കോച്ച് പൊച്ചെറ്റിനോയും വൈറ്റ് ഹൗസും വാദിക്കുന്നത്. ‘ഞങ്ങള്‍ ഇതില്‍ ഇരകളാണെന്നല്ല, എന്നാല്‍ ഞങ്ങള്‍ ഇവിടെ വില്ലന്മാരുമല്ല,’ എന്ന് മത്സരത്തിന് മുന്‍പ് പൊച്ചെറ്റിനോ പറഞ്ഞിരുന്നു. എന്നാല്‍ ആ വാദങ്ങള്‍ക്കൊന്നും ഈ പരാജയത്തെയും വിവാദത്തെയും മറയ്ക്കാന്‍ പറ്റില്ല. നാടകാന്ത്യം അമേരിക്ക ലോകകപ്പില്‍ നിന്നും കണ്ണീരോടെ മടങ്ങുകയും ചെയ്തു.

Content Summary; Belgium knocks the USA out of the World Cup with a crushing 4-1. Political controversy over Folarin Balogun’s reinstated red card.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×