June 26, 2026 |
Share on

‘ഒരു പടി കയറുമ്പോൾ പോലും ശ്വാസം മുട്ടുന്നു’; വിരമിച്ചതിന് ശേഷം ജീവിതം മാറിയെന്ന് ഉസൈൻ ബോൾട്ട്

കൂടുതൽ സമയവും സിനിമ കാണാനും കുട്ടികളോടൊപ്പം ചിലവഴിക്കാനുമാണ് ഉപയോഗിക്കുന്നത്

ലോക അത്‌ലറ്റിക്‌സിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ, ഭൂമിയിലെ ഏറ്റവും വേഗതയേറിയ മനുഷ്യൻ ഈ വിശേഷണങ്ങളെല്ലാം ചേരുന്ന ഒരു പേരേതെന്ന് ചോദിച്ചാൽ നിസംശയം പറയാൻ കഴിയും, അത് ഉസൈൻ ബോൾട്ടാണ്. എട്ട് ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാവായ ബോൾട്ട് 2017ൽ സജീവ മത്സരങ്ങളിൽ നിന്ന് വിരമിച്ചു. 100 മീറ്റർ, 200 മീറ്റർ, 4×100 മീറ്റർ റിലേ എന്നിവയിൽ ഉസൈൻ ബോൾട്ടിൻ്റെ ലോക റെക്കോർഡ് ആരും മറികടന്നിട്ടില്ല. കരുത്തുറ്റതും ആരോ​ഗ്യവുമുള്ള ശരീരം ഉസൈൻ ബോൾട്ടിൻ്റെ വിജയങ്ങളിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്.

എന്നാൽ ഇന്ന് വീടിൻ്റെ പടി പോലും കയറാൻ ഉസൈൻ ബോൾട്ടിന് കഴിയില്ലെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 11 തവണ ലോക ചാമ്പ്യനായ ബോൾട്ട് ഇപ്പോൾ ഓടുകയോ സ്പ്രിന്റ് ചെയ്യുകയോ ചെയ്യുന്നില്ലെന്നും തന്റെ കൂടുതൽ സമയവും വീട്ടിൽ ചെലവഴിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഒരു പടി കയറുമ്പോൾ പോലും ശ്വാസം മുട്ടുന്നുണ്ടെന്ന് ബോൾട്ട് പറഞ്ഞിരുന്നു. ഇത് ശരിയാക്കാനായി വീണ്ടും ഓടിത്തുടങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, തന്റെ സമയം കൂടുതലും സിനിമ കാണാനും, കുട്ടികളോടൊപ്പം കളിക്കാനുമൊക്കെയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ വർഷം പേശികൾക്ക് പരിക്കേറ്റതും അദ്ദേഹത്തിന്റെ ആരോഗ്യത്തെ ബാധിച്ചു.

സാധാരണയായി കുട്ടികളെ സ്കൂളിലേക്ക് യാത്രയാക്കാൻ സമയമാകുമ്പോഴാണ് ഞാൻ ഉണരുന്നത്. അതിനുശേഷം അന്നത്തെ എന്റെ കാര്യങ്ങൾ ചെയ്യും. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെങ്കിൽ ഞാൻ വെറുതെ വിശ്രമിക്കും. നല്ല മാനസികാവസ്ഥയിലാണെങ്കിൽ ചിലപ്പോൾ വ്യായാമം ചെയ്യും. കുട്ടികൾ വീട്ടിൽ തിരിച്ചെത്തുന്നത് വരെ ഞാൻ സിനിമ കാണുകയോ മറ്റെന്തെങ്കിലും ചെയ്യുകയോ ചെയ്യും. പിന്നെ കുറച്ച് സമയം അവരോടൊപ്പം ചെലവഴിക്കും. അവർ എന്നെ ശല്യപ്പെടുത്താൻ തുടങ്ങുമ്പോൾ ഞാൻ അവിടുന്ന് മാറും. അതിനുശേഷം ഞാൻ വീട്ടിൽ തന്നെയിരുന്ന് സിനിമകൾ കാണും, അല്ലെങ്കിൽ ഇപ്പോൾ ലെഗോ ഇഷ്ടമുള്ളതുകൊണ്ട് അത് ചെയ്യും,” ബോൾട്ട് ദി ഗാർഡിയനോട് പറഞ്ഞു.

അഞ്ച് വയസ്സുകാരിയായ ഒളിമ്പിയ ലൈറ്റ്‌നിംഗ്, നാല് വയസ്സുകാരായ സെന്റ് ലിയോ, തണ്ടർ എന്നീ ഇരട്ടക്കുട്ടികൾ എന്നിങ്ങനെ മൂന്ന് കുട്ടികളാണ് ബോൾട്ടിനുള്ളത്. തന്റെ അച്ഛൻ പണ്ട് എത്ര വലിയ താരമായിരുന്നുവെന്ന് അവർക്ക് ഇപ്പോഴും അറിയില്ല. കായികലോകത്ത് ‘തോൽപ്പിക്കാനാവാത്തവൻ’ എന്നൊരു വാക്ക് ഉണ്ടായിരുന്നെങ്കിൽ അതിന് ഏറ്റവും അർഹൻ ബോൾട്ടാണ്. എന്നിരുന്നാലും, രണ്ട് വർഷത്തിന് ശേഷം ബീജിംഗിൽ നടക്കുന്ന അടുത്ത ലോക ചാമ്പ്യൻഷിപ്പിൽ കുട്ടികളുടെ ഈ കാഴ്ചപ്പാട് മാറിയേക്കുമെന്നാണ് താൻ കരുതുന്നതെന്ന് ബോൾട്ട് പറഞ്ഞു. തന്റെ കരിയർ ആരംഭിച്ച ആ വേദി കാണിക്കാനും തന്റെ പിതാവിന്റെ പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കാനും കുട്ടികളെ അവിടേക്ക് കൊണ്ടുപോകാനാണ് ബോൾട്ട് പദ്ധതിയിടുന്നത്.

നല്ലൊരു അത്ലറ്റ് ആയിരുന്നിട്ടും 39 ാം വയസ്സിൽ കോണിപ്പടികൾ കയറുന്നത് പോലും ഒരു വെല്ലുവിളിയായി മാറിയിരിക്കുന്നു. “ഞാൻ കൂടുതലും ജിമ്മിലെ വ്യായാമങ്ങളാണ് ചെയ്യുന്നത്. എനിക്ക് അത് അത്ര ഇഷ്ടമല്ല, പക്ഷേ കുറേക്കാലം കായികരംഗത്ത് നിന്ന് മാറിനിന്നതിനാൽ ഇനി ഓട്ടം തുടങ്ങണം എന്ന് ഞാൻ കരുതുന്നു. കാരണം കോണിപ്പടികൾ കയറുമ്പോൾ എനിക്ക് ശ്വാസം കിട്ടാറില്ല. ഞാൻ പൂർണ്ണമായി വീണ്ടും വ്യായാമം ചെയ്യാൻ തുടങ്ങുമ്പോൾ, എന്റെ ശ്വാസം ശരിയാക്കാൻ കുറച്ച് ദൂരം ഓടേണ്ടി വരുമെന്ന് ഞാൻ കരുതുന്നു, ബോൾട്ട് കൂട്ടിച്ചേർത്തു.

Content Summary: Usain Bolt, struggles for breath climbing stairs, says life changed after retirement

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×