June 26, 2026 |
Share on

‘ഉയിര്’ പിടഞ്ഞ്

എം. പത്മകുമാര്‍-റോഷന്‍ മാത്യു സിനിമയ്ക്ക് ഒരു ആസ്വാദനം

ചില സിനിമകള്‍ തിയേറ്റര്‍ വിട്ടിറങ്ങുന്നതോടെ മനസ്സിന്റെ പടിയിറങ്ങും; എന്നാല്‍ മറ്റു ചിലത് നമ്മളോടൊപ്പം കൂടെപ്പോരും. എം. പത്മകുമാറിന്റെ ‘ഉയിര്’ രണ്ടാമത് പറഞ്ഞ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ഒറ്റവാക്കില്‍ പറഞ്ഞാല്‍, പ്രേക്ഷകന്റെ ഉയിര് പിടയിക്കുന്ന ഒരനുഭവം.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ജോണറിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെങ്കിലും, വൈകാരികതയ്ക്ക് പ്രാധാന്യം നല്‍കിയുള്ള ഒരു ‘ഇമോഷണല്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഡ്രാമ’യായാണ് ചിത്രം അനുഭവപ്പെട്ടത്. സിനിമ ഒരിടത്തുപോലും അതിന്റെ വേഗതയോ ചടുലതയോ നഷ്ടപ്പെടുത്തുന്നില്ല. ‘ജോസഫ്’ എന്ന ചിത്രത്തിന് സമാനമായ മേക്കിംഗ് ശൈലിയിലൂടെ, വൈകാരിക പശ്ചാത്തലമുള്ള ഒരു ത്രില്ലര്‍ അനുഭവം സമ്മാനിക്കാന്‍ പത്മകുമാറിന് ഇവിടെയും സാധിച്ചിട്ടുണ്ട്. ഈ ശ്രമത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റോഷന്‍ മാത്യുവിന്റെ മികച്ച പ്രകടനവും, മണികണ്ഠന്‍ അയ്യപ്പയുടെ പശ്ചാത്തല സംഗീതവും സംവിധായകന് വലിയ പിന്തുണയായി.

ഈയിടെ പുറത്തിറങ്ങുന്ന ഭൂരിഭാഗം ചിത്രങ്ങളുടെയും ടാഗ്ലൈന്‍ ‘യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയത്’ എന്നാണ്. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതാനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഉയിരും അത്തരത്തിലൊന്നാണ്. അനാവശ്യമായ സിനിമാറ്റിക് ചേരുവകള്‍ കുത്തിനിറയ്ക്കാതെ കഥ പറഞ്ഞുപോയി എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്ലസ് പോയിന്റ്. ‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഷാജി മാറാട്, നിഖില്‍ കെ. മേനോനുമായി ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥ, ആ യഥാര്‍ത്ഥ അനുഭവങ്ങളുടെ തീവ്രത ചോര്‍ന്നുപോകാതെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.

കണ്ണൂര്‍ ധര്‍മ്മടം സ്റ്റേഷനിലെ പ്രൊബേഷന്‍ എസ്.ഐ. ആയ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ വലിയൊരു വ്യക്തിപരമായ നഷ്ടത്തിന്റെ ട്രോമയും കുറ്റബോധവും ഇന്നും വേട്ടയാടുന്നൊരാളാണ് അജീബ്. സ്റ്റേഷന്‍ പരിധിയിലെ ഒരു പഴയ കിണറ്റില്‍ നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തുന്നതോടെയാണ് സിനിമ ഇന്‍വെസ്റ്റിഗേഷന്‍ മൂഡിലേക്ക് മാറുന്നത്. അതൊരു നാടോടി സ്ത്രീയുടെ ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തുന്നതെങ്കിലും, ചില ഔദ്യോഗിക ഫോര്‍മാലിറ്റികള്‍ക്കായി അജീബ് കര്‍ണാടകയിലേക്ക് പോകുന്നതോടെ കഥാഗതി മാറുന്നു. ആ യാത്ര കേസിന്റെ ദിശ മാത്രമല്ല മാറ്റുന്നത്, അജീബിന്റെ ജീവിതത്തെത്തന്നെയാണ്.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു പോകുന്നവരെ ചിത്രം എത്രത്തോളം തൃപ്തിപ്പെടുത്തും എന്നത് സംശയമാണ്. കാരണം, ഇതിലെ അന്വേഷണ വഴിയില്‍ പോലീസിന് അധികം വിയര്‍പ്പൊഴുക്കേണ്ടി വരുന്നില്ല; വലിയ വെല്ലുവിളികളില്ലാതെ തന്നെ കുറ്റവാളിയിലേക്കും അതിന്റെ കാരണങ്ങളിലേക്കും അജീബ് എത്തിച്ചേരുന്നുണ്ട്. മുന്‍പ് സൂചിപ്പിച്ച ‘ജോസഫ്’ എന്ന ചിത്രവുമായി ഇതിനെ നേരിട്ട് താരതമ്യം ചെയ്യേണ്ടതില്ലെങ്കിലും, ആ സിനിമയെ പ്രേക്ഷകര്‍ നെഞ്ചേറ്റിയത് വെറുമൊരു ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ എന്ന നിലയ്ക്കല്ലായിരുന്നു എന്ന് ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. ഒരു ക്രൈം എങ്ങനെ സംഭവിക്കുന്നു? ഒരാള്‍ കുറ്റവാളിയാകാന്‍ പ്രേരിപ്പിക്കുന്ന സാഹചര്യങ്ങളെന്തൊക്കെയാണ്? ചെയ്തുപോയൊരു തെറ്റിനെ മറയ്ക്കാന്‍ അയാള്‍ കൂടുതല്‍ തെറ്റുകളിലേക്ക് വീണുപോകുന്നത് എങ്ങനെ? ക്രൂരതകള്‍ക്കിടയിലും ഒരു മനുഷ്യന്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ എന്തെല്ലാമാണ്? തുടങ്ങിയ നിരവധി പ്രസക്തമായ ചോദ്യങ്ങളും സംവാദങ്ങളും പ്രേക്ഷകരിലേക്ക് പങ്കുവെക്കുന്നിടത്താണ് ‘ഉയിര്’ തിയേറ്റര്‍ വിട്ടാലും കൂടെപ്പോരുന്നൊരു അനുഭവമായി മാറുന്നത്.

പ്രേക്ഷകന് കഥയുടെ ക്ലൈമാക്‌സ് എങ്ങനെയെന്ന് മുന്‍കൂട്ടി ഊഹിക്കാന്‍ സാധിച്ചേക്കാം എന്നത് ഈ ചിത്രത്തിന്റെ ഒരു പരിമിതിയായി ചൂണ്ടിക്കാണിക്കപ്പെട്ടേക്കാം. ആ അര്‍ത്ഥത്തില്‍ ‘ഉയിര്’ ഒരു പ്രെഡിക്റ്റബിള്‍ സിനിമയാണ്. എന്നാല്‍, കഥാപരിണാമം എന്താകുമെന്ന് ഊഹിക്കാമെങ്കിലും, ആ കഥാപാത്രങ്ങളുടെ വൈകാരിക യാത്ര പ്രേക്ഷകനെ എത്രത്തോളം സ്പര്‍ശിക്കുന്നു എന്നിടത്താണ് സിനിമയുടെ വിജയം.

റോഷന്‍ മാത്യു മികച്ചൊരു അഭിനേതാവാണ് എന്നത് അദ്ദേഹം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എങ്കിലും അജീബ് എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണെന്ന് നിസംശയം പറയാം. ആ കഥാപാത്രത്തിന്റെ സങ്കീര്‍ണ്ണമായ വൈകാരികതലങ്ങളെ അങ്ങേയറ്റം കയ്യടക്കത്തോടെയാണ് റോഷന്‍ സ്‌ക്രീനില്‍ അവതരിപ്പിച്ചത്. പ്രത്യേകിച്ച്, സിനിമയിലെ ഒരു ഇന്ററോഗേഷന്‍ രംഗത്തില്‍ അജീബിന്റെ ശരീരഭാഷയും അയാളിലുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും പ്രേക്ഷകരിലേക്ക് നേരിട്ട് സംവേദനം ചെയ്യാന്‍ റോഷന് സാധിച്ചു.

ഈയടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിലെ ചെറുപ്പക്കാരും തുടക്കക്കാരുമായ പോലീസ് കഥാപാത്രങ്ങള്‍ ട്രോള്‍ മെറ്റീരിയലുകളായി മാറുന്നുണ്ട്. എന്നാല്‍, അജീബ് എന്ന പ്രൊബേഷന്‍ എസ്.ഐ.യെ അത്തരം യാതൊരുവിധ പരിക്കുകളും കൂടാതെ, അതിന്റെ ഗൗരവത്തിലും വൈകാരികതയിലും കാത്തുസൂക്ഷിക്കാന്‍ റോഷനിലെ നടന് കഴിഞ്ഞിട്ടുണ്ട്. എഎസ്‌ഐ ജോയ് ആയി എത്തുന്ന ബൈജു സന്തോഷ് തന്റെ കഥാപാത്രത്തിന്റെ അനുഭവപരിചയം അഭിനയത്തിലും കൃത്യമായി പ്രതിഫലിപ്പിച്ചിട്ടുണ്ട്. ശ്രുതി നായരും വിനോദ് സാഗറും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി സിനിമയുടെ കരുത്തായി മാറുന്നു.

‘ഉയിര്’ പ്രേക്ഷകനെ വൈകാരികമായി വരിഞ്ഞുമുറുക്കുന്നത് അതിന്റെ ക്ലൈമാക്‌സിലാണ്. അഭിനേതാക്കളുടെ പ്രകടനവുംപ്രത്യേകിച്ച് രണ്ട് കുട്ടികളുടെ അഭിനയവും മണികണ്ഠന്‍ അയ്യപ്പന്റെ പശ്ചാത്തല സംഗീതവും ഒത്തുചേരുമ്പോള്‍ ക്ലൈമാക്‌സ് നെഞ്ചില്‍ തട്ടുന്ന ഒരനുഭവമായി മാറുന്നു. കുട്ടിക്കാലം മുതല്‍ താന്‍ ചുമക്കുന്ന കുറ്റബോധത്തിനും നഷ്ടങ്ങള്‍ക്കും കാലം കരുതിവെച്ച ഒരു പ്രായശ്ചിത്തം പോലെ, അല്ലെങ്കില്‍ ഒരു ആത്മശാന്തി പോലെയാണ് ആ കേസിന്റെ സമാപനം. ആ നിമിഷത്തില്‍ റോഷന്റെ അജീബ് അനുഭവിക്കുന്ന അതേ മാനസിക സംതൃപ്തിയോടെയും മനസ്സമാധാനത്തോടെയും തിയേറ്റര്‍ വിട്ടിറങ്ങാന്‍ പ്രേക്ഷകനും സാധിക്കുന്നു എന്നതിലാണ് ‘ഉയിര്’ ഒരു നല്ല സിനിമയായി മാറുന്നത്.

Content Summary; M Padmakumar’s ‘Uyire’ is a deeply moving emotional investigative drama, Roshan Mathew’s stellar performance. Uyir Movie Review

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Me:Add me on Facebook

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×