വാച്ചാത്തിയില്‍ നിന്നും പൂങ്കൊടി സംസാരിക്കുന്നു
”നാങ്ക സത്തു പോനാ താ എല്ലാമേ മറക്ക മുടിയും’
ഒരു നിമിഷത്തേക്ക് പൂങ്കൊടി ആ പഴയ 14 വയസുകാരിയായി മാറി. രാവിലെ മുതല്‍ പട്ടിണി കിടന്നു പണിയെടുത്ത ക്ഷീണത്തില്‍ ഉച്ചക്ക് രണ്ട് വറ്റ് ചോറുണ്ണാന്‍ ഇരുന്നതായിരുന്നു. ആദ്യത്തെ ഉരുള വായിലേക്കെത്തും മുന്നേ പൊലീസുകാരുടെ കൈ കവിളത്ത് ആഞ്ഞു പതിച്ചു. കണ്ണു പുകഞ്ഞു പോയ വേദനയിലും എന്തിനായിരുന്നു അവര്‍ തന്നെ അടിച്ചതെന്ന് പൂങ്കൊടിക്കു മനസിലായില്ല. നീണ്ട മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അവളുടെ ശരീരത്തിനേറ്റ മുറിവുകള്‍ ഉണങ്ങിയിരുന്നു. മനസിലെ മുറിവില്‍നിന്ന് ഇപ്പോഴും രക്തം കിനിയുകയാണ്.
1992 ജൂണ്‍ 20 ശനിയാഴ്ച്ച, ആ ദിവസം കാലത്തിനും മായ്ക്കാനാവത്ത മുറിവുകള്‍ അവശേഷിപ്പിക്കുമെന്നു പൂങ്കൊടിക്കോ വാച്ചാത്തി എന്ന ചെറുഗ്രാമത്തിനോ അറിയില്ലായിരുന്നു. 1983 മുതല്‍ 2004 ഒക്ടോബര്‍ 18 വരെ സത്യമംഗലം കാട് നിറഞ്ഞാടിയ വീരപ്പനെന്ന രാജ്യം വിറപ്പിച്ച കുറ്റവാളിയെ പിടികൂടാന്‍ കഴിയാത്തതിന്റെ ചൊരുക്ക് പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും വാച്ചാത്തിയിലെ പാവപ്പെട്ട ഗ്രാമ വാസികളുടെ മേല്‍ തീര്‍ത്തത് അന്നേ ദിവസമായിരുന്നു. അതിലൊരാളായിരുന്നു അന്ന് വെറും 14 വയസ് മാത്രം പ്രായമുണ്ടായിരുന്ന പൂങ്കൊടി എന്ന പെണ്‍കുട്ടി.
വാച്ചാത്തിയില്‍ നടന്ന പൊലീസ് നരനായാട്ടില്‍(പൂങ്കൊടി ഉള്‍പ്പെടെ, പല പ്രായത്തിലുള്ള 18 സ്ത്രീകളെയാണ് പൊലീസുകാര്‍ ബലാത്സംഗം ചെയ്തത്) കുറ്റക്കാരായവരുടെ ശിക്ഷ ശരിവച്ചുകൊണ്ട് മദ്രാസ് ഹൈക്കോടതി ഇരകള്‍ക്ക് നീതി ഉറപ്പിക്കായതിനു പിന്നാലെ പൂങ്കൊടിയോട് സംസാരിക്കുമ്പോള്‍, ഈ 44 ആം വയസിലും അവരുടെ ഉള്ളില്‍ അന്നത്തെ ദിവസത്തിന്റെ പേടിപ്പിക്കുന്ന ഓര്‍മകളാണ്. മരണംകൊണ്ടു മാത്രമെ എല്ലാം മറക്കാന്‍ കഴിയൂ എന്നവര്‍ പറയുന്നതിന് കാരണവുമതാണ്. അത്രമേല്‍ ആഴത്തിലുള്ളതാണ് അന്നത്തെ മുറിവ്…
കാട്ടില്‍ നിന്നും വീരപ്പന്‍ മോഷ്ടിക്കുന്നതൊക്കെയും വാച്ചാത്തിയില്‍ കൊണ്ടുവന്ന് ഒളിച്ചു വയ്ക്കുകയാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വിചാരം. ചന്ദനമുട്ടി തേടി വന്നവര്‍ എന്തിനാണ് ഊരിലെ 18 സ്ത്രീകളുടെ മടിക്കുത്തഴിച്ചത്? എന്തിനാണ് ഞങ്ങളുടെ ഉപജീവന മാര്‍ഗമായ കന്നുകാലികളെ കൊന്നൊടുക്കിയത്? ചോര നീരാക്കിയും പട്ടിണി കിടന്നും കുഞ്ഞു കുഞ്ഞു സ്വപ്നങ്ങള്‍ കൊണ്ട് നെയ്തുടുത്ത ചെറുകൂരകള്‍ കത്തിച്ചുകളഞ്ഞത്? പാവപെട്ട ഞങ്ങളോട് ഇത്രയും ക്രൂരത കാണിച്ചത്?
ഈ ചോദ്യങ്ങളൊക്കെയും സ്വയം ചോദിച്ചുകൊണ്ട് ഉത്തരമില്ലാതെ നിശബ്ദയായി പൂങ്കൊടി.
ആ ദിവസത്തെ പറ്റിയോര്‍ക്കുമ്പോള്‍ ഇപ്പോഴും പൂങ്കൊടിയുടെ ശബ്ദത്തില്‍ വിറയലുണ്ട്. സ്വന്തം കുടിലിനുള്ളില്‍ കഴിക്കാനിരുന്ന അന്നത്തിനു മുന്നില്‍ നിന്നാണ് പൂങ്കൊടി തന്റെ ജീവിതത്തിലെ നിറങ്ങള്‍ മുഴുവന്‍ തല്ലികെടുത്തിയ ആ ദിവസത്തില്‍ തെറിവിളിയുടെ അകമ്പടിയോടെ എത്തിയ രണ്ട് പോലീസുകാരാല്‍ വലിച്ചിഴയ്ക്കപ്പെട്ടത്.
‘എന്തിനാണിങ്ങനെ ചീത്ത പറയുന്നത്’ എന്നു ചോദിച്ചപ്പോള്‍, ‘ഞങ്ങളോട് ചോദ്യം ചോദിക്കാന്‍ നീയാരാടി’ എന്ന അലര്‍ച്ചയോടെയായിരുന്നു പൊലീസുകാരന്റെ അടി. പിന്നീട് എനിക്കൊന്നും മിണ്ടാന്‍ പറ്റിയിട്ടില്ല. അതിനു സമ്മതിച്ചില്ല എന്ന് പറയുന്നതാകും ശരി. അവിടെ നിന്നവര്‍ അവര്‍ പിടിച്ചുവച്ച ബാക്കിയുള്ളവര്‍ക്കിടയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ഞാനന്റെ ഗ്രാമത്തിന്റെ അപ്പോഴത്തെ അവസ്ഥ എന്താണെന്ന് കാണുന്നത്. കുട്ടികള്‍, പ്രായമായവര്‍, സ്ത്രീകള്‍ എല്ലാവരും അടികൊണ്ടവശരാണ്.
വീരപ്പന്‍ കൊണ്ടുവന്ന ചന്ദന മുട്ടികള്‍ എവിടെയാണെന്ന് ചോദിച്ചാണ് പൊലീസുകാര്‍ എല്ലാവരെയും തല്ലുന്നത്. വീരപ്പന്‍ എന്ന് കേട്ടുള്ളതല്ലാതെ, ഞാനയാളെ കണ്ടിട്ടില്ലായിരുന്നു, ഗ്രാമത്തില്‍ വന്നതായും അറിയില്ലായിരുന്നു. അതു തന്നെയായിരുന്നു ഗ്രാമത്തിലുള്ളവരുടെയും അവസ്ഥ. പക്ഷേ, പൊലീസുകാര്‍ ആരെയും വിശ്വസിക്കാന്‍ തയ്യാറല്ലായിരുന്നു.
മാരിയമ്മന്‍ കോവിലിനു മുന്നിലെ ആല്‍മരത്തിനു ചുവട്ടില്‍ അന്ന് വൈകുന്നേരം അഞ്ചു മണിയോടെ ഞങ്ങളെ, ഏതാണ്ട് 200 പേരുണ്ടായിരിക്കും, നിരത്തി ഇരുത്തി. തിരിഞ്ഞു നോക്കിയാലോ എന്തെങ്കിലും മിണ്ടിയാലോ അടിയാണ്. ശ്വാസം അടക്കി പിടിച്ചാണ് അവിടെ ഞങ്ങള്‍ ഓരോരുത്തരും ഇരുന്നിരുന്നത്. ആ കൂട്ടത്തില്‍ നിന്ന് ഞാനടക്കം 18 പേരെ തെരഞ്ഞു പിടിച്ച് ഒരു ലോറിയില്‍ കയറ്റി. ഒളിപ്പിച്ച ചന്ദനത്തടികള്‍ വീണ്ടെടുക്കാനെന്നു പറഞ്ഞാണ് ഞങ്ങളെ അടുത്തുള്ള ഏരിയുടെ(കൃഷി ആവശ്യത്തിന് വെള്ളം സംഭരിച്ച് നിര്‍ത്തിയിരിക്കുന്ന ഇടം) അടുത്തേക്ക് കൊണ്ടു പോയി.
ഒരു നിമിഷം പൂങ്കൊടി മൗനമായി…
പതിഞ്ഞ സ്വരത്തില്‍ പിന്നെയവര്‍ പറഞ്ഞു തുടങ്ങി…
ഏരിയുടെ അരികിലുള്ള പൊന്തക്കാട്ടില്‍ വെച്ച് പൊലീസുകാര്‍ എന്നെ ഉപദ്രവിച്ചു. ഞാനാകെ ഭയന്നു വിറച്ച് പോയി. എന്റെ വായില്‍ നിന്ന് ശ്വാസംപോലും വരുന്നുണ്ടോയെന്നു സംശയമായിരുന്നു. ഇരുട്ടായതിനു ശേഷമാണ് തിരികെ ലോറിയില്‍ കയറ്റുന്നത്. അപ്പോഴാണ് എന്നെ പോലെ തന്നെ ബാക്കി 17 പേരും ഉപദ്രവിക്കപ്പെട്ടെന്ന് മനസിലായത്. പരസ്പരം കെട്ടിപിടിച്ച് കണ്ണീര്‍വാര്‍ക്കനല്ലാതെ മറ്റൊന്നും ചെയ്യാന്‍ ഞങ്ങള്‍ക്കാവതില്ലായിരുന്നു. എന്തിനാണ് ഞങ്ങളെ ഇങ്ങനെ ചിത്രവധം ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കപ്പോഴും അറിയില്ലായിരുന്നു. വൈകുന്നേരം കൊണ്ടുപ്പോയ ഞങ്ങളെ തിരികെ കൊണ്ട് വരുന്നത് രാത്രി എട്ടു മണിക്കാണ്. അവിടെ നിന്ന് നേരെ കൊണ്ടു പോയത് ഫോറസ്റ്റ് ഓഫീസിലേക്കാണ്. ഊരില്‍ നിന്ന് തുടങ്ങിയ പീഡനങ്ങളുടെ അടുത്ത ഭാഗം അവിടെയായിരുന്നു. സ്ത്രീകളെന്നോ കുട്ടികളെന്നോ നോക്കാതെ സര്‍വരെയും തല്ലി ചതച്ചവര്‍.
ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ സമ്മതിക്കാതെ ശരിക്കൊന്ന് ഇരിക്കാന്‍ പോലുമാകാതെ ഞങ്ങളെ ഓരോരുത്തരെയും തല്ലിച്ചതച്ചു. അടിക്കുന്ന ഓരോ അടിയിലും വാ തുറന്ന് ഒന്ന് ഉച്ചത്തില്‍ നിലവിളിക്കാന്‍ പോലും ഞങ്ങള്‍ക്ക് അനുവാദമുണ്ടായിരുന്നില്ല. അറിയാതെ വായില്‍ നിന്ന് എന്തെങ്കിലും ശബ്ദം പുറത്തു വന്നാല്‍ അതിനും അടി വേറെ കിട്ടുമായിരുന്നു. അടികൊണ്ട് വലഞ്ഞു കണ്ണടഞ്ഞു തൂങ്ങി തളര്‍ന്നു വീഴുമ്പോള്‍ ബക്കറ്റില്‍ വെച്ചിരിക്കുന്ന തണുത്ത വെള്ളമൊഴിച്ച് ഉണര്‍ത്തും.വീണ്ടും അടിക്കും. പോലീസിന്റെ ഉരുളന്‍ ലാത്തി വടി വെച്ച് ഉള്ളങ്കാല്‍ പൊട്ടി ചോര വരും വരെ തല്ലിയതിന്റെ പാടുകള്‍ ഇപ്പോഴും ഇവിടുത്തെ ആളുകളില്‍ അവശേഷിക്കുന്നുണ്ട്.
ഒരു ദിവസം മുഴുവന്‍ പട്ടിണിക്കിട്ട ശേഷം അവര്‍ തന്നെ സൂക്ഷിച്ച് വെച്ചിരുന്ന ചന്ദമുട്ടികളുടെ മുന്നില്‍ നിര്‍ത്തി ഞങ്ങളുടെ ഫോട്ടോ എടുത്തു. ഒരു വിലങ്ങില്‍ രണ്ട് പേരെ ബന്ധിച്ചിരുന്നു. ‘ജോടിയാ വാടി’ കൊമ്പന്‍ മീശ വെച്ച തടിച്ച് കൊഴുത്ത ഒരു ഓഫീസര്‍ കുലുങ്ങി ചിരിച്ചുകൊണ്ട് വിളിച്ചത് ഇന്നും മറന്നിട്ടില്ലാ…
‘അന്ത ആളുകള്‍ അടിച്ച അടിക്കും ഒതച്ച ഒതക്കും എങ്കളെ യാരാലുമേ മറക്ക മുടിയാത്’
കണ്ണീരുകൊണ്ട് ചിലമ്പിച്ചിരുന്നു പൂങ്കൊടിയുടെ വാക്കുകള്‍. കൂടുതലൊന്നും പറയാനാകാതെ അവര്‍ നിശബ്ദയായി. വാച്ചാത്തിയില്‍ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദം മാത്രമെ അപ്പോള്‍ കേള്‍ക്കുന്നുണ്ടായിരുന്നുള്ളൂ. പാവപ്പെട്ട കുറേ മനുഷ്യരുടെ കരച്ചിലുപോലെയത് മനസിനെ അസ്വസ്ഥതപ്പെടുത്തുന്നു…
1990-കളില്‍, അക്കാലത്തെ പോലീസിന്റെ ഏറ്റവും വലിയ തലവേദനയായ കൊള്ളക്കാരനായ വീരപ്പനെ പിടികൂടാന്‍ നിയമപാലകര്‍ നടത്തിയ തീവ്രമായ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു വാച്ചാത്തി എന്ന ഗ്രാമത്തില്‍ നടത്തിയ തെരച്ചില്‍. ഗ്രാമവാസികള്‍ വീരപ്പനെ ചന്ദനക്കടത്തില്‍ സഹായിക്കുന്നതായി ആരോപിച്ച് പലപ്പോഴും വാച്ചാത്തിയില്‍ തിരച്ചില്‍ നടത്താറുണ്ടായിരുന്നു. 1992 ജൂണ്‍ 20 ന് രാവിലെ നടന്ന തെരച്ചിലിനിടെ ഗ്രാമവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുണ്ടായ സങ്കര്‍ഷത്തില്‍ ഒരു വനപാലകന് പരിക്കേറ്റു. കോടതി രേഖകള്‍ പ്രകാരം ഈ സംഘര്‍ഷത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം 155 വനപാലകരും 108 പോലീസുകാരും ആറ് റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഗ്രാമത്തില്‍ റെയ്ഡ് നടത്തി. എന്നാല്‍ അവര്‍ക്ക് ഗ്രാമത്തില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല, പുരുഷന്മാര്‍ എല്ലാവരും തന്നെ അടുത്തുള്ള കുന്നുകളിലേക്ക് രക്ഷപ്പെട്ടിരുന്നു. തെരച്ചില്‍ ഉദ്യോഗസ്ഥര്‍ ഗ്രാമത്തില്‍ അവശേഷിച്ച പുരുഷന്മാരെ മര്‍ദിക്കുകയും വീടുകള്‍ അടിച്ച് തകര്‍ക്കുകയും 18 സ്ത്രീകളെ ആവര്‍ത്തിച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. 100-ലധികം സ്ത്രീകളെയും കുട്ടികളെയും കസ്റ്റഡിയിലെടുക്കുകയും മാസങ്ങളോളം കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും ചെയ്തു. നീതിക്കുവേണ്ടിയുള്ള വാച്ചാത്തിയിലെ ജനങ്ങളുടെ പോരാട്ടം ദീര്‍ഘവും ദുഷ്‌കരവുമായിരുന്നു. ഓരോ ഘട്ടത്തിലും പലരും തടസങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. പൂങ്കൊടിയെ പോലുള്ള ബലാത്സംഗത്തെ അതിജീവിച്ചവരുടെ നിലക്കാത്ത പോരാട്ട വീര്യവും കൊണ്ടാണ് വാച്ചാത്തി കേസില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം നീതി ലഭിച്ചിരിക്കുന്നത്.