ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണങ്ങളിലൊന്നാണ് തെരുവ് ഭക്ഷണമായ വടാ പാവ്.
മൃദുവായ ബ്രെഡ് ബണ്ണിനുള്ളിൽ മസാലകൾ ചേർത്ത ഉരുളക്കിഴങ്ങ് വെച്ച് വറുത്തെടുത്താണ് വടാ പാവ്, മഹാരാഷ്ട്രക്ക് പുറമെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രശസ്തമാണ്.
അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും മികച്ച 50 സാൻഡ്‌വിച്ചുകളിൽ വട പാവ് ഇടം നേടിയിരുന്നു. ഫുഡ് ആന്റ് ട്രാവൽ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസാണ് പട്ടിക പുറത്തുവിട്ടത്. ലഭ്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പട്ടിക ചിട്ടപ്പെടുത്തിയിരിക്കുന്നത്. അവ പതിവായി പരിഷ്കരിക്കപ്പെടുകയും ചെയ്യുന്നു. ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളിൽ വട പാവ് ഇടംപിടിക്കുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ വർഷം ടേസ്റ്റ് അറ്റ്‌ലസ് പുറത്തുവിട്ട പട്ടികയിൽ 19-ാം സ്ഥാനത്തായിരുന്നു വട പാവ്. എന്നാൽ ഈ വർഷം അതിൻ്റെ റാങ്കിംഗ് കുറഞ്ഞു. 2025 ജനുവരിയിലെ കണക്കനുസരിച്ച, ടേസ്റ്റ് അറ്റ്‌ലസിൻ്റെ ലോകത്തിലെ ഏറ്റവും മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ വടാ പാവ് 39-ാം സ്ഥാനത്താണ്.
ലിസ്റ്റിൽ ഇടംനേടിയ ആദ്യ 50 ഭക്ഷണങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരേയൊരു ഭക്ഷണമാണ് വടാ പാവ്. 1960-കളിലും 1970-കളിലും ദാദർ റെയിൽവേ സ്റ്റേഷന് സമീപം ജോലി ചെയ്തിരുന്ന അശോക് വൈദ്യ എന്ന തെരുവ് കച്ചവടക്കാരനാണ് ആദ്യമായി ഈ ഐക്കോണിക്ക് തെരുവ് ഭക്ഷണം ഉണ്ടാക്കിയതെന്ന് പറയപ്പെടുന്നു. വിശക്കുന്ന തൊഴിലാളികളെ തൃപ്തിപ്പെടുത്താനുള്ള ഒരു മാർഗത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ച് കാണണം. ഏറ്റവും അനുയോജ്യമായതും പോർട്ടബിൾ ആയതും അതേസമയം എല്ലാവർക്കും താങ്ങാൻ കഴിയുന്ന വിലയുള്ളതുമായ വിഭവം. അതാണ് വടാ പാവ്. ടേസ്റ്റ് അറ്റ്‌ലസ് വടാ പാവിനെക്കുറിച്ച് വെബ്‌സൈറ്റിൽ കുറിച്ചു.
നിലവിലെ മികച്ച സാൻഡ്‌വിച്ചുകളുടെ പട്ടികയിൽ ഷവർമ, ബാൻ മി (വിയറ്റ്നാം), ടോംബിക് ഡോണർ (തുർക്കിയെ) എന്നിവർ ഒന്നാമതെത്തി. മികച്ച 10 എണ്ണത്തിൽ മൂന്ന് വിയറ്റ്നാമീസ് പലഹാരങ്ങളുണ്ട്. 2024-25 വർഷാവസാനം ടേസ്റ്റ് അറ്റ്‌ലസ് അവാർഡിൽ ഇന്ത്യൻ ഭക്ഷണം വലിയ നേട്ടം കൈവരിച്ചിരുന്നു. ടേസ്റ്റ് അറ്റ്‌ലസ് പുറത്തിറക്കിയ മികച്ച ബ്രെഡുകൾ, മികച്ച പച്ചക്കറി വിഭവങ്ങൾ, മികച്ച ഭക്ഷണ മേഖലകൾ, മികച്ച ഭക്ഷണ നഗരങ്ങൾ, മറ്റ് ലിസ്റ്റുകൾ എന്നിവയിൽ ഇന്ത്യൻ എൻട്രികൾ ഒന്നാം സ്ഥാനത്തെത്തി.
Content Summary: Vada Pav is still in the world’s 50 best sandwiches list, but now it’s at 39th position