January 31, 2026 |

ഞാനൊരു കള്ളനാടാ… മേഴ്‌സിയെ കട്ട കള്ളന്‍…

പിറ്റേദിവസം വെളുപ്പിന് വയലാര്‍ കവലയില്‍ രണ്ട് കാറിലായി കുറേ പേരെത്തി

എറണാകുളം മഹാരാജാസ് കോളേജില്‍ പഠിക്കുമ്പോള്‍ മേഴ്‌സിയെ കണ്ടുമുട്ടുന്നതും സൗഹൃദം പ്രണയമായും പിന്നീട് വിവാഹമായും മാറുന്നതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നു. വിവാഹവാര്‍ത്ത പുറത്തുവന്നതോടെ മേഴ്‌സിയുടെ വീട്ടുകാര്‍ വയലാറിലെത്തിയതും മേഴ്‌സി വയലാര്‍ രവിക്കൊപ്പം ജീവിതമാരംഭിച്ച ഓര്‍മകളുമാണ് അഭിമുഖത്തിന്റെ അഞ്ചാം ഭാഗം പങ്കുവയ്ക്കുന്നത്.

പ്രണയം ഉണ്ടായത് മഹാരാജാസില്‍ വെച്ചല്ലേ ?

ഉം… എടാ… ആ ഫോട്ടോയില്‍ കാണുന്നതാരാ…?

(പൂമുഖത്തെ ചുമരില്‍ തൂക്കിയിട്ട മേഴ്‌സി രവിയുടെ ചിത്രം ചൂണ്ടിയാണ് മറു ചോദ്യം. മേഴ്‌സി ചേച്ചി എന്ന് മറുപടി നല്‍കി)

എടാ ഞാനൊരു കള്ളനാടാ… മേഴ്‌സിയെ കട്ട കള്ളന്‍… കട്ടിക്കാരന്‍ കുടുംബത്തില്‍ നിന്ന് ഞാനവളെ അടിച്ച് മാറ്റിയതാ… നിര്‍വ്വചിക്കാനാകാത്ത പാരസ്പര്യമായിരുന്നു ഞാനും മേഴ്‌സിയും. ഞങ്ങള്‍ എങ്ങനെയാണ് കഴിഞ്ഞു കൂടിയതെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സുഹൃത്തുക്കളോ, ഭാര്യാ ഭര്‍ത്താക്കന്മാരോ, പരസ്പരം വഴികാട്ടികളോ… എന്തായിരുന്നു ഞങ്ങള്‍! ഒരുപക്ഷേ, രാഷ്ട്രീയത്തിലോ പൊതുരംഗത്തോ ഇങ്ങനെയൊരു ജീവിതപ്പൊരുത്തത്തിന് അണു അളവില്‍ പോലും ഉദാഹരണമുണ്ടാവുകയില്ലെന്നാണ്; അതൊരു അഹങ്കാരമാവുകയില്ലെങ്കില്‍ എനിക്ക് പറയാനിഷ്ടം.

മേഴ്‌സി ചേച്ചിയെ മഹാരാജാസില്‍ ആദ്യം കണ്ടത് ഓര്‍ക്കുന്നോ ?

ഉം… ഞാനന്ന് മഹാരാജാസില്‍ ഡിഗ്രി മൂന്നാം വര്‍ഷം. മേഴ്‌സിയെ ഞാന്‍ ആദ്യമായി ശ്രദ്ധിക്കുന്നത് മേഴ്‌സി പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോഴാണ്. സമൃദ്ധമായ മുടിയുള്ള അല്‍പ്പം തടിച്ച സുന്ദരിക്കുട്ടിയായിരുന്നു മേഴ്‌സി. ഇടവും വലവും രണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പം വരുന്ന മേഴ്‌സിയെ ഹിസ്റ്ററി ബ്ലോക്കിന്റെ ഒന്നാം നിലയില്‍ ഞാന്‍ നോക്കി നില്‍ക്കുമായിരുന്നു.

രാഷ്ട്രീയം മാത്രമാണ് മനസ്സില്‍. കുട്ടികളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിപ്പിക്കുക എന്നതാണ് മുഖ്യ പ്രവര്‍ത്തനം. ഒരിക്കല്‍ എന്റെ സഹപാഠികളായ ആനിയും, കല്യാണിക്കുട്ടിയും, യമുനയും കൂടി എന്നോട് പറഞ്ഞു, ‘നേതാവിന് ഒരു ആരാധികയെ കിട്ടിയിട്ടുണ്ട്. കാണാന്‍ കൊതിച്ചിരിക്കുകയാണ്. അവരോടൊപ്പം ചെല്ലണമെന്നായി. ഞാന്‍ ചെന്നു. നല്ല വെളുത്തു തുടുത്ത ചുരുണ്ട മുടിയുള്ള പെണ്‍കുട്ടി. ഇനി നിങ്ങ തമ്മിലായിക്കോ… എന്നുപറഞ്ഞ് സഹപാഠികള്‍ അവിടുന്ന് പോയി. അതായിരുന്നു ആദ്യത്തെ കൂടിക്കാഴ്ച. മേഴ്‌സിയായിരുന്നു ആ ആരാധിക. ലേഡീസ് വെയ്റ്റിങ് റൂമിന് മുന്നിലെ വരാന്തയിലായിരുന്നു കൂടിക്കാഴ്ച്ച. പേരും വീടുമൊക്കെ ചോദിച്ചറിയുന്നത് അവിടെ വച്ചാണ്.

മുന്‍പ് പലപ്പോഴും ഈ പെണ്‍കുട്ടിയെ പലയിടത്തും വച്ച് കണ്ടിട്ടുണ്ട്. ശ്രദ്ധിച്ചിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞുവല്ലോ. പക്ഷേ പ്രണയത്തിന്റെ കണ്ണുകളിലൂടെയല്ല ഞാന്‍ ആ കുട്ടിയെ കണ്ടത്. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് ക്ലാസ്സിലെ കുട്ടികള്‍ പരസ്പരം പറയുവാന്‍ തുടങ്ങി. അതിനു മുഖ്യ കാരണം എന്റെ സഹപാഠികളായ ആനിയും, കല്യാണിക്കുട്ടിയും, യമുനയും തന്നെ. അറിഞ്ഞോ അറിയാതെയോ ഒരു പ്രണയം എന്നില്‍ മുളപൊട്ടി. മഹാരാജാസിലെ വരാന്തകളില്‍ പലപ്പോഴായി കണ്ടുമുട്ടാന്‍ തുടങ്ങി. എന്റെ ഹിസ്റ്ററി ക്ലാസ്സ് മുറിക്കെതിരെ മേഴ്‌സിക്കൊരു ക്ലാസ്സുണ്ടായിരുന്നു. ഹിസ്റ്ററി ക്ലാസ്സിലിരുന്ന് ജനാലയിലൂടെ കൈമുദ്രകളിലൂടെ ഞങ്ങള്‍ സംസാരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ താമസിക്കുമ്പോഴല്ലേ പ്രണയം സഹപ്രവര്‍ത്തകനായ എ. കെ. ആന്റണി കണ്ടുപിടിക്കുന്നതും, താങ്കളുടെ പ്രണയം കോണ്‍ഗ്രസ്സിന്റെ ഉപശാലകളില്‍ ചര്‍ച്ചയായതും ?

യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍ താമസിക്കവേ ഞങ്ങള്‍ അതിരാവിലെ ചായ കുടിക്കാന്‍ പോകും. ഈ യാത്രയ്ക്കിടയിലാണ് ഒരു ദിവസം ഞാനും മേഴ്‌സിയുമായുള്ള ബന്ധം ആന്റണി കണ്ടുപിടിച്ചത്. എറണാകുളത്തെ വളരെ പ്രസിദ്ധമായ, പാരമ്പര്യമുള്ള കട്ടിക്കാരന്‍ കുടുംബത്തിലെ കുട്ടിയാണ് മേഴ്‌സി. വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ക്കുമെന്ന് ഉറപ്പ്.

കോളേജിലെ മൂന്നാം വര്‍ഷം കഴിഞ്ഞില്ലേ ? പിന്നെങ്ങനെ പ്രണയം തുടര്‍ന്നു ?

മഹാരാജാസില്‍ നിന്ന് എം. എല്ലിനായി ഞാന്‍ ലോ കോളേജിലേക്ക് പോയി. ബി.എസ്.സിക്ക് മേഴ്‌സി വീണ്ടും മഹാരാജാസില്‍ ചേര്‍ന്നു. ലോ കോളേജില്‍ നിന്ന് ഞാന്‍ മഹാരാജാസില്‍ വരും. മിക്കവാറും സുഹൃത്ത് ലെനിനും ഒപ്പമുണ്ടാകും. ശനിയാഴ്ച ദിവസങ്ങളിലായിരുന്നു കൂടിക്കാഴ്ച. ഞങ്ങളുടെ ബന്ധം ദൃഢമാകുകയായിരുന്നു. എം.എല്‍ പരീക്ഷയില്‍ വിജയിച്ചില്ല. എം.എ ചരിത്ര വിദ്യാര്‍ത്ഥിയായി ഞാന്‍ വീണ്ടും മഹാരാജാസിലെത്തി. മേഴ്‌സി ഉപരി പഠനത്തിനായി സെന്റ് തെരാസാസിലേക്ക് മാറി.

ആരാണ് വിവാഹ കാര്യം ആദ്യം പറഞ്ഞത് ?

ഒരു ദിവസം ധൈര്യം സംഭരിച്ച് ഞാന്‍ വിവാഹാഭ്യര്‍ത്ഥന നടത്തി. ‘ഇനി ഇങ്ങനെ കളിച്ചു നടക്കാന്‍ പറ്റില്ല. വിവാഹം ഉടന്‍ നടത്തണം’ എന്നായിരുന്നു എന്റെ നിലപാട്. ‘അനിയത്തി എല്‍സിയുടെ പഠിത്തം കൂടി കഴിയട്ടെ, എന്നിട്ടുമതി കല്യാണം’ എന്ന് മേഴ്‌സി നിര്‍ദ്ദേശിച്ചു. ഇല്ലെങ്കില്‍ തന്റെ വിജാതീയ വിവാഹം അനിയത്തിയുടെ വിദ്യാഭ്യാസം മുടക്കും എന്ന് മേഴ്‌സിക്കറിയാമായിരുന്നു. മഹാരാജാസിലെ കെട്ടിടങ്ങളുടെ ഇടനാഴിയില്‍ ചെന്നാല്‍ പെണ്‍കുട്ടികളുടെ വിശ്രമസ്ഥലത്തേക്ക് ഇപ്പോഴും അറിയാതെ എന്റെ കണ്ണുതിരിയും. ആ കന്യാസ്ത്രീകള്‍ക്ക് നടുവില്‍ മേഴ്‌സിയെന്ന പെണ്‍കുട്ടി ഇരിപ്പുണ്ടോ? ഉണ്ടായാലും ഇല്ലെങ്കിലും ആ അന്വേഷണം മാറ്റമില്ലാത്തൊരു മധുരിമയാണ്.

മേഴ്‌സിയെ കാണാന്‍ വീടിന്റെ പരിസരത്ത് കാമുകനായി ചുറ്റിത്തിരിഞ്ഞിരുന്നില്ലേ ?

മരിയ ഫ്രാന്‍സിസ് എന്ന മേഴ്‌സി, മാര്‍ക്കറ്റ് റോഡിലെ കട്ടിക്കാരന്‍ വീട്ടിലെ ഹാഫ് സാരിക്കാരി. കട്ടിക്കാരന്‍ വീട് എനിക്കറിയാമായിരുന്നു. മേഴ്‌സിയുടെ വീടിന് എതിര്‍വശത്തുള്ള ഓടു വില്പനക്കാരന്‍ അഗസ്റ്റി ചേട്ടന്റെ കടയില്‍ ഞാന്‍ പോയിരിക്കുകയായിരുന്നു. ചിലപ്പോള്‍ ലോ കോളേജില്‍ സഹപാഠിയായിരുന്ന എ.കെ. ആന്റണിയും കെ.എസ്.യു നേതാവ് ഉമ്മന്‍ചാണ്ടിയും ഉണ്ടാവും. എന്റെ കണ്ണ് ഇടയ്ക്ക് എപ്പോഴെങ്കിലും വീടിന് പുറത്തുവന്ന മേഴ്‌സിയിലായിരുന്നു. ആന്റണിയും ഉമ്മന്‍ ചാണ്ടിയും അതൊന്നും അറിഞ്ഞില്ല. കോളേജ് അടച്ചശേഷം ഇടയ്ക്കിടെ വിരളമായി മേഴ്‌സി എനിക്ക് കത്തുകളയച്ചു. മറുപടി അയയ്ക്കരുത് എന്ന വ്യവസ്ഥയിലായിരുന്നു കത്തുകള്‍. കാരണം മറുപടി അയച്ചാല്‍ വീട്ടുകാരുടെ കൈകളിലാകും എത്തുക.

വത്സല എന്ന കള്ളപ്പേരില്‍ കത്തയച്ചിരുന്നു അല്ലേ ?

അന്നൊക്കെ മേഴ്‌സിക്ക് കത്തയയ്ക്കാതെ നിവര്‍ത്തിയില്ല. മഹാരാജാസില്‍ പഠനം കഴിഞ്ഞ് മേഴ്‌സിയുമായി പിന്നെ ബന്ധം കത്തുകളിലൂടെയായിരുന്നു. മിക്ക ദിവസവും കൂട്ടുകാരി വത്സലയുടെ കത്തുമായി പോസ്റ്റുമാന്‍ കട്ടിക്കാരന്‍ കുരുവിളയുടെ വീട്ടില്‍ എത്തുമായിരുന്നു. വയലാര്‍ രവിയെന്നൊന്നും പേരുവച്ച് എഴുതാന്‍ പറ്റില്ല. വത്സലയുടെ പേരിലാണ് കത്തെഴുതുന്നത്. മേഴ്‌സിയുടെ അടുത്ത സുഹൃത്തായിരുന്നു വത്സല. ആ വത്സല ഞാനാണെന്ന് വീട്ടുകാര്‍ അറിഞ്ഞില്ല. ഞാന്‍ ഡല്‍ഹിക്ക് പോവുകയാണെങ്കില്‍ ചേട്ടന്‍ ഡല്‍ഹിക്കു പോകും എന്നെഴുതും. ആരെങ്കിലും വായിച്ചാലും വല്‍സലയുടെ ചേട്ടന്‍ ഡല്‍ഹിക്ക് പോവുകയാണെന്നേ കരുതൂ.

പത്രപ്രസ്താവന മാത്രമല്ല, പ്രേമലേഖനവും എഴുതുമായിരുന്നു ?

എന്താ സംശയം. മേഴ്‌സിക്ക് ഞാന്‍ എഴുതിയതൊക്കെ പ്രേമലേഖനങ്ങളായിരുന്നു. മേഴ്‌സിയുമായി ഒരിക്കല്‍ ചെറിയൊരു തര്‍ക്കമുണ്ടായി. ഞങ്ങളിലാരാണ് ആദ്യം പ്രേമലേഖനം എഴുതിയതെന്നായിരുന്നു തര്‍ക്കവിഷയം. അത് ആരായാലും ഞങ്ങള്‍ക്കുമാത്രം മനസ്സിലാകുന്ന ചില കോഡുഭാഷകള്‍ കത്തെഴുതാന്‍ ഉപയോഗിച്ചിരുന്നു. പില്‍ക്കാലത്ത് സംസ്ഥാന ആഭ്യന്തര മന്ത്രിയായപ്പോള്‍ ഈ കോഡുഭാഷയുടെ അര്‍ത്ഥവും പ്രാധാന്യവും എനിക്ക് കൂടുതല്‍ മനസ്സിലായി. വയലാര്‍ ദ്വീപില്‍ നിന്ന് പഠിക്കാന്‍ പോയ എം.കെ. രവീന്ദ്രനെ വയലാര്‍ രവി ആക്കിയത് എസ്.ഡി. കോളജും അറിയപ്പെടുന്ന നേതാവാക്കി വളര്‍ത്തിയത് മഹാരാജാസ് കോളജുമാണ്. കൂടാതെ മഹാരാജാസ് തനിക്ക് തന്റെ ജീവിതസഖിയേയും സമ്മാനിച്ചു.

ആദ്യം രജിസ്റ്റര്‍ വിവാഹം ?

മേഴ്‌സിയും ഞാനും വിവാഹിതരാകുവാന്‍ തീരുമാനിച്ചത് മഹാരാജാസിന്റെ മുറ്റത്താണ്. ഒടുവില്‍ സുഹ്യത്തുക്കള്‍ കൂടിയാലോചിച്ച് എറണാകുളം സൗത്തിലെ രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹം നടത്തി. എ.കെ. ആന്റണിയും, എ.സി. ജോസുമാണ് സാക്ഷികള്‍. തികച്ചും നാടകീയമായിരുന്നു വിവാഹം. വിവാഹം രജിസ്റ്റര്‍ ചെയ്ത ശേഷം മൂന്ന് കാറുകളിലായി വയലാറിലേയ്ക്ക്.

വിവാഹ ദിനം അവിസ്മരണീയമാക്കി ?

ആക്കിയോന്നോ… ഇന്നും ഓര്‍ക്കുന്നു… ഇന്നലെ നടന്ന പോലെ… 1969 ജൂണ്‍ 9… കല്യാണത്തിന് വളരെ കുറച്ച് ആളുകള്‍ മാത്രമേ പങ്കെടുത്തുള്ളൂ. കാലത്ത് പതിവ് പോലെ മേഴ്‌സി കോളജ് ലൈബ്രറിയില്‍ പുസ്തകം തിരികെ കൊടുക്കാന്‍ എന്ന് പറഞ്ഞ് ഇറങ്ങി. ഞാനും, എ.സി. ജോസും, ഭാര്യ ലീലാമയും, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ലെനിനും, ജയറാമും കാറുമായി സെന്റ് തെരേസാസ് കോളജിന്റെ പുറകിലുള്ള മഹാരാജാസ് ഗ്രൗണ്ടിന് അടുത്തുള്ള ന്യൂ ഹോസ്റ്റലിന്റെ സമീപത്ത് കാര്‍ നിര്‍ത്തി കാത്തിരുന്നു. രജിസ്റ്റര്‍ വിവാഹത്തിന് ശേഷം മേഴ്‌സിയുമായി ചേര്‍ത്തലയ്ക്ക് പുറപ്പെട്ടു. റെയില്‍വേ ഗേറ്റ് അടക്കുന്നതിന് മുന്‍പേ ഞാനും മേഴ്‌സിയും കയറിയ കാര്‍ പോയി. റെയില്‍വേ ഗേറ്റ് അടച്ചതിനാല്‍ ഞങ്ങളെ പിന്‍തുടരാന്‍ പിന്നാലെ വന്നവര്‍ക്ക് പറ്റിയില്ല. പൂമാല വാങ്ങാന്‍ ഏര്‍പ്പാടാക്കിയത് എ. കെ. ആന്റണിയേയും, ഉമ്മന്‍ ചാണ്ടിയേയും. അവരുടെ കാറില്‍ അന്നത്തെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റായിരുന്ന കടന്നപ്പള്ളി രാമചന്ദ്രനുമുണ്ട്. വിവാഹത്തിന് എന്റെ വീട്ടുകാരും, കാറില്‍ വന്ന സുഹൃത്തുക്കളും മാത്രം. നിലവിളക്ക് കൊളുത്തി പൂമാല ചാര്‍ത്തി ഒരു കല്യാണം. ഒരു മത ചടങ്ങും ഉണ്ടായിരുന്നില്ല.

വിവാഹ വാര്‍ത്ത പടര്‍ന്നില്ലേ ?

വിവാഹം രഹസ്യമായിട്ടായിരുന്നു നടന്നത്. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കടന്നപ്പള്ളി രാമചന്ദ്രന്‍ ചേര്‍ത്തലയിലെത്തിയപ്പഴേ അറിഞ്ഞിരുന്നുള്ളൂ. എന്നാല്‍ എറണാകുളത്ത് ദീപം പത്രത്തിന്റെ ഉടമ വാര്‍ത്ത അച്ചടിച്ചു. ജനം അറിഞ്ഞത് അങ്ങനെയാണ്.

ഒറ്റുകാരുണ്ടായിരുന്നോ ?

ഒറ്റുകാരല്ല. അച്ചടിക്കൂലിക്ക് പകരമായി എക്‌സ്‌ക്ലൂസീവ് വാര്‍ത്ത നല്‍കിയതാ… ഞങ്ങള്‍ സംഘടിപ്പിക്കുന്ന നെഹ്‌റുകപ്പ് ഫുട്‌ബോള്‍ മത്സരം നടത്തിയതിന്റെ നോട്ടീസും മറ്റും അടിച്ചതിന്റെ പേരില്‍ ദീപം പ്രസില്‍ കുറച്ച് പണം കൊടുക്കേണ്ടതുണ്ട്. എന്റെ വിവാഹം കഴിഞ്ഞ് മടങ്ങും വഴി ദീപം പ്രസ് ഉടമ മരിയാന്‍ സംഘാടകരായ യുവ നേതാക്കളോട് പണം ആവശ്യപ്പെട്ടു. തല്‍ക്കാലം അതില്‍ നിന്നും രക്ഷപ്പെടാന്‍ സംഘാടകരില്‍ ഒരാളായ എന്‍. എ. വര്‍ഗ്ഗീസ് ഇങ്ങനെ പറഞ്ഞു. പണം ഒന്നുമില്ല, വേണമെങ്കില്‍ ഒരു വാര്‍ത്ത തരാം. ദീപം എന്ന താങ്കളുടെ സായാഹ്ന പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കാം. മരിയാന്റെ ഉടമസ്ഥതയിലും, പത്രാധിപത്യത്തിലുമായിരുന്നു ദീപം സായാഹ്ന പത്രം.
എന്താ വാര്‍ത്ത…?
നമ്മുടെ വയലാര്‍ രവിയുടെ കല്യാണം കഴിഞ്ഞു.
ആരാ പെണ്ണ് ?
കട്ടിക്കാരന്‍ വീട്ടിലെ മേഴ്‌സി…
മരിയാന് വിശ്വാസം വന്നില്ല. അയാള്‍ നേരെ മാര്‍ക്കറ്റ് റോഡിലെ കട്ടിക്കാരന്‍ വീട്ടിലേക്ക് പോയി മേഴ്‌സിയുടെ അമ്മയോട് ചോദിച്ചു.
തങ്കമ്മച്ചേടത്തി മേഴ്‌സി കോളേജില്‍ പോയിട്ട് വന്നില്ലേ…?
ഇല്ലടാ… എന്താ കാര്യം ?
മറുപടി പറയാതെ മരിയാന്‍ ഓടി. അന്ന് വൈകുന്നേരത്തെ ദീപം പത്രം പ്രധാന വാര്‍ത്തയായി വയലാര്‍ രവി വിവാഹിതനായി. വധു കട്ടിക്കാരന്‍ വീട്ടിലെ മേഴ്‌സി. എന്ന സ്‌കൂപ്പ് പ്രസിദ്ധീകരിച്ചു. സംഭവം അങ്ങനെ പാട്ടായി…

മേഴ്‌സിയെ തിരക്കി കട്ടിക്കാരന്‍ കുടുംബത്തില്‍ നിന്ന് ആളുകള്‍ വന്നില്ലേ ?

വന്നോന്നോ…? എല്ലാവരും വിവരം അറിഞ്ഞത് ദീപം പത്രം വഴി തന്നെ. വൈകുന്നേരത്തെ ‘ദീപം’ പത്രം പ്രധാനവാര്‍ത്തയായി വയലാര്‍ രവി വിവാഹിതനായി എന്ന സ്‌കൂപ്പ് പ്രസിദ്ധീകരിച്ചു. സംഭവമറിഞ്ഞ് മേഴ്‌സിയുടെ ബന്ധുക്കളെല്ലാം ഒത്തുകൂടി. മാളയില്‍ നിന്ന് അമ്മാവന്‍മാര്‍ വന്നു. അഡ്വക്കേറ്റ് കട്ടിക്കാരന്‍ ജോസഫ് മേഴ്‌സിയുടെ മൂത്ത സഹോദരനാണ്. പിറ്റേദിവസം വെളുപ്പിന് വയലാര്‍ കവലയില്‍ രണ്ട് കാറിലായി കട്ടിക്കാരന്‍ ജോസഫിന്റെ നേത്യത്വത്തില്‍ കുറേ പേരെത്തി. കവല വരേ കാറ് വരൂ. വീട്ടിലേക്ക് നടക്കണം. അവര്‍ തോടിന്റെ അരികിലൂടെ നടന്ന് വീട്ടിലെത്തി. മേഴ്‌സിയുടെ വീട്ടുകാര്‍ വന്നത് ബലമായി കൂട്ടി കൊണ്ടുപോകാനാണ്. ഞാന്‍ വീടിന്റെ പൂമുഖത്തെത്തി കട്ടിക്കാരന്‍ ജോസഫിന്റെ നേതൃത്വത്തില്‍ എത്തിയ മേഴ്‌സിയുടെ ബന്ധുക്കളെയെല്ലാം സ്വീകരിച്ചിരുത്തി. അപ്പോഴേയ്ക്കും പരിസരവാസികളും മുക്കുവന്‍പറമ്പ് വീടുമായി അടുപ്പമുള്ളവരും ബന്ധുക്കളുമായി വലിയൊരു ജനക്കൂട്ടം ഒത്തുകൂടി. അതില്‍ എല്ലാ ജാതിക്കാരുമുണ്ട്. എല്ലാ രാഷ്ട്രീയക്കാരുമുണ്ട്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീധരന്‍ വൈദ്യര്‍ എറണാകുളത്തു നിന്ന് എത്തിയവരുമായി സംസാരിച്ചു. എം.പി. തണ്ടാര്‍ എന്ന പ്രശസ്തനായ നേതാവിന്റെ ജ്യേഷ്ഠസഹോദരനും അമ്മയുടെ ബന്ധുവുമാണ് ശ്രീധരന്‍ വൈദ്യര്‍. മേഴ്‌സിയെ കൊണ്ടുപോകാനാണ് ഞങ്ങള്‍ വന്നത് എന്ന് ജോസഫ് പറഞ്ഞു. സംസാരിക്ക്, മേഴ്‌സി വരുമെങ്കില്‍ കൊണ്ടുപൊയ്‌ക്കോളൂ. ഞങ്ങള്‍ തടയില്ല. ശ്രീധരന്‍ വൈദ്യര്‍ പറഞ്ഞു. ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെ വന്നവരില്‍ പലരും മാറി മാറി മേഴ്‌സിയുമായി സംസാരിച്ചു. അമ്മ ബോധംകെട്ട് കിടക്കുകയാണ് നീ വരണം എന്ന് ജോസഫ് സഹോദരിയോട് കേണുപറഞ്ഞു. ഞാന്‍ വരുന്നില്ല. എന്റെ വിവാഹം കഴിഞ്ഞു. നിങ്ങള്‍ പൊയ്‌ക്കൊള്ളൂ എന്ന് ആവര്‍ത്തിച്ചുള്ള ഒരു മറുപടി മാത്രമേ മേഴ്‌സിക്ക് ഉണ്ടായിരുന്നുള്ളൂ.

ഭീഷണിയും അടവും പരാജയപ്പെട്ടപ്പോള്‍ എറണാകുളം സംഘം ശ്രീധരന്‍ വൈദ്യരോട് മറ്റൊരുപാധി വച്ചു. ഞങ്ങള്‍ എന്തു വേണമെങ്കിലും തരാം. മേഴ്‌സിയെ വിട്ടു തരണം. ഇതുകേട്ട് വൈദ്യര്‍ ചൂടായി. സി.പി.ഐ നേതാവായ സി കെ ചന്ദ്രപ്പന്റെ സഹോദരന്‍ ക്യഷ്ണപ്പന്‍ പറഞ്ഞു ഞങ്ങള്‍ അത്തരക്കാരല്ല, ഇത് അടികിട്ടുന്ന സംസാരമാണ്. ഇനി സംസാരമില്ല. രംഗം പന്തിയല്ലെന്നു കണ്ട് എറണാകുളം സംഘം തിരിച്ചുപോകാന്‍ ഒരുങ്ങി. നിങ്ങള്‍ ഞങ്ങളെ തല്ലുമോ എന്ന് പോകാന്‍ നേരത്ത് സംഘത്തിലൊരാള്‍ ചോദിച്ചു. ഇല്ല നിങ്ങള്‍ക്ക് സുരക്ഷിതമായി തിരിച്ചുപോകാന്‍ വേണ്ട ഏര്‍പ്പാട് ചെയ്യും ശ്രീധരന്‍ വൈദ്യര്‍ പറഞ്ഞു. ഞാന്‍ തന്നെ ഉച്ചയോടെ എറണാകുളത്ത് നിന്ന് വന്ന മേഴ്‌സിയുടെ ബന്ധുക്കളെയെല്ലാം വയലാര്‍ കവല വരെ സുരക്ഷിതമായി എത്തിച്ച് കാറില്‍ കയറ്റിവിട്ടു.

Content Summary: Vayalar Ravi’s register marriage with Mercy

Leave a Reply

Your email address will not be published. Required fields are marked *

×