June 03, 2026 |

ഭാ​ഗ്യം കൊണ്ടുവന്നത് പ്രേമലു, ജീവിതത്തിലും ഞാനൊരു അമൽ ഡേവിസാണ്

ഹൃദയപൂർവ്വം ‘സം​ഗീത് പ്രതാപ്’

സിനിമാ ലോകത്ത് ചെറിയ കഥാപാത്രങ്ങളിലൂടെ വന്ന് പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ചിലരുണ്ട്. അത്തരത്തിലൊരാളാണ് സംഗീത് പ്രതാപ്. ഹൃദയം എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ തുടങ്ങി, പിന്നീട് വലിയൊരു ഇടവേളയ്ക്ക് ശേഷം ‘പ്രേമലു’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിക്കൂടിയ നടൻ. ‘പ്രേമലു’വിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തെ നമ്മളൊരിക്കലും മറക്കില്ല. ഒരൊറ്റ കഥാപാത്രത്തിലൂടെ തരംഗമായി മാറുകയായിരുന്നു സം​ഗീത് പ്രതാപെന്ന ഈ യുവതാരം. സം​ഗീതിന്റെ ജീവിതത്തിലെ ഒരു പ്രധാന നാഴികക്കല്ലായി വേണം ഹൃദയപൂർവ്വത്തെ അടയാളപ്പെടുത്താൻ. തന്റെ സിനിമാ വിശേഷങ്ങളും ജീവിതാനുഭവങ്ങളും ‘ഹൃദയപൂർവ്വം’ നമ്മളോട് പങ്കുവെക്കുകയാണ് സം​​ഗീത്.

ഹൃദയപൂർവ്വത്തിലേക്ക് 

അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ എനിക്ക് ലഭിച്ച ചിത്രങ്ങളെല്ലാം തന്നെ  ഒരേ പ്രായത്തിലുള്ള ആളുകൾക്കൊപ്പം ആയിരുന്നു. എന്നാൽ, അതിൽ നിന്ന് ഹൃദയപൂർവ്വത്തിലേക്ക് എത്തുമ്പോൾ എനിക്ക് മറ്റു വ്യത്യാസങ്ങളൊന്നും തോന്നിയിരുന്നില്ല എന്നതാണ് സത്യം.  ലാലേട്ടനുമായുള്ള കോംമ്പിനേഷൻ സീനുകളൊക്കെ ആളുകൾ നന്നായി ആസ്വദിക്കുന്നു. സിനിമ കണ്ടിറങ്ങിയവരിൽനിന്ന് എനിക്ക് ഏറ്റവും കൂടുതൽ കിട്ടിയ പ്രതികരണം അതുതന്നെയായിരുന്നു. സിനിമയിൽ മാത്രമല്ല സെറ്റിലും അത്ര സ്വാതന്ത്രത്തോടെയാണ് എല്ലാവരോടും ഇടപെട്ടിരുന്നത്. നമ്മളെ ടേക്ക്കെയർ ചെയ്യുമെന്ന ഒരു പ്രിവിലേജ് മാത്രമായിരുന്നു ചിത്രത്തിൽ ഉണ്ടായിരുന്നത്. ​പ്രേമലുവിന്റെ സംവിധായകൻ ​ഗിരീഷ് എ.ഡിയുമായും ബ്രോമാൻസിന്റെ സംവിധായകൻ അരുൺ ഡി ജോസുമായും ഇടപെട്ട അതേ സ്വാതന്ത്ര്യം തന്നെയാണ് എനിക്ക് ഹൃദയപൂർവ്വത്തിന്റെ സെറ്റിലും ലഭിച്ചത്. പ്രേമലു കണ്ടതിന് ശേഷം സത്യൻ സാർ നേരിട്ട് എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. അമൽ ഡേവിസിനെ സാറിനും ഇഷ്ടപ്പെട്ടിരുന്നു. അതെന്നെ അറിയിക്കുകയും ചെയ്തു. പിന്നീട് ഒരിക്കൽ സത്യൻ സാറിന്റെ മകനാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യാൻ പ്ലാനുണ്ടെന്ന വിവരം അറിയിക്കുന്നത്. അന്ന് എനിക്ക് അറിയില്ലായിരുന്നു ലാലേട്ടന്റെ കൂടെയാണ് അഭിനയിക്കുന്നതെന്ന്. ഒരു ഏഴ് ദിവസത്തെ ഷൂട്ട് ഉണ്ടാകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്, പിന്നീടാണ് 40 ദിവസം ഷൂട്ട് കാണുമെന്ന് പറയുന്നത്. ഏതൊരു അഭിനേതാവെന്ന നിലയിൽ ഞാൻ വളരെ വിലമതിക്കുന്ന ഒരു കഥാപാത്രമാണ് ഹൃദയപ്പൂർവ്വത്തിലേത്.

ലാലേട്ടനെ കാണാൻ ‘തുടരും’ മിൽ അഭിനയിച്ചു

അമൽ ഡേവിസെന്ന കഥാപാത്രത്തിന്റെ ആകർഷണവും ഊർജ്ജവുമെല്ലാം അതേ തോതിൽ വേണമെന്നായിരുന്നു സത്യൻ സാർ എന്നോട് ആവശ്യപ്പെട്ടത്. അത് കൊടുക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ലാലേട്ടനെ കാണാൻ കഴിയുമെന്ന് ഓർത്ത് തുടരും ചിത്രത്തിൽ അഭിനയിച്ച ആളാണ് ഞാൻ. അപ്പോൾ ലാലേട്ടനൊപ്പം ഒരു മുഴുനീള ചിത്രം അഭിനയിക്കാൻ കഴിയുക എന്നത് എത്ര വലിയ സന്തോഷമായിരിക്കും എനിക്ക് തരുന്നത്. വളരെ ക്ലാരിറ്റിയുള്ള ഒരു സംവിധാനയകനാണ് സത്യൻ സാർ. അതുകൊണ്ട് തന്നെ ഒരു കഥാപാത്രമെന്ന നിലയിൽ എന്തൊക്കെയാണ് ഞാൻ നൽകേണ്ടതെന്ന കാര്യങ്ങളൊക്കെ സാർ കൃത്യമായി പറഞ്ഞു തന്നിരുന്നു. ഇത് എന്നിലെ അഭിനേതാവിന് വളരെ സഹായകമായിരുന്നു.

ഒരു എഡിറ്ററാണ്

എഡിറ്റർ എന്ന നിലയിലായിരുന്നു സിനിമയിൽ എന്റെ ചുവടുവയ്പ്പ്. അതുകൊണ്ട് തന്നെ അഭിനയത്തിനും ടെക്നിക്കൽ സൈഡിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ട് മുന്നോട്ട് പോകാനാണ് ഞാൻ ആ​ഗ്രഹിക്കുന്നത്. എഡിറ്ററെന്ന നിലയിലും ചിത്രങ്ങൾ ചെയ്യുന്നുണ്ട്. മൂന്ന് മാസം മുമ്പ് ഇറങ്ങിയ സർക്കീട്ട് എന്ന ചിത്രത്തിന്റെ എഡിറ്റർ ഞാനായിരുന്നു.

ഹൃദയത്തിൽ നിന്ന് ഹൃദയപൂർവ്വത്തിലേക്ക്

എന്റെ ആദ്യ ചിത്രമായിരുന്നു ഹൃദയം. മോഹൻലാലിനെ പോലെ സംസാരിക്കുന്ന അദ്ദേഹത്തെ ഓർമ്മിപ്പിക്കുന്ന ഒരാൾ അതായിരുന്നു ഞങ്ങൾക്ക് അന്ന് പ്രണവിനൊപ്പം അഭിനയിക്കുമ്പോൾ തോന്നിയിരുന്നത്. താരജാഡകളൊന്നുമില്ലാതെയാണ് പ്രണവ് ഞങ്ങളോട് ഇടപെട്ടിരുന്നത്. പ്രണവ് വഴിയാണ് ഞാൻ ആദ്യമായി ലാലേട്ടനെ കാണുന്നത്. ഹൃദയത്തിന്റെ മുക്കാൽ ഭാ​ഗവും ചൈന്നെയിലായിരുന്നു ഷൂട്ട് ചെയ്തത്. ചെന്നൈയിലെ ഷൂട്ട് കഴിഞ്ഞ് പ്രണവിനൊപ്പം ഞങ്ങളെല്ലാവരും ചേർന്നാണ് ലാലേട്ടനെ കാണാൻ പോകുന്നത്. അവിടെ നിന്ന് നേരെ ഹൃദയപൂർവ്വത്തിലേക്കുള്ള യാത്ര വലിയ സന്തോഷം തരുന്നുണ്ട്.

ജീവിതം മാറ്റിയത് പ്രേമലു

എന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായ ഒരു കഥാപാത്രം ആയിരുന്നു പ്രേമലുവിലെ അമൽ ഡേവിസ്. അഭിനേതാവായി തുടക്കം കുറിച്ചത് ഹൃദയത്തിലാണെന്ന് പറഞ്ഞാലും വഴിത്തിരിവായത് പ്രേമലുവാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ ഇപ്പോഴും എന്നെ വിളിക്കുന്നത് അമൽ ഡേവിസെന്നാണ് . എന്നെ തിരിച്ചറിയുന്നത് ആ കഥാപാത്രത്തിലൂടെയാണ്. എന്റെ ഈ കരിയറും ഇപ്പോൾ അനുഭവിക്കുന്ന സന്തോഷവുമെല്ലാം എനിക്ക് ലഭിച്ചത് ആ ചിത്രത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ആ പേരിൽ അറിയപ്പെടുന്നത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമാണ്.
അമൽ ഡേവിസിനോട് വളരെ സാമ്യം തോന്നുന്ന സ്വഭാവമാണ് എന്റേത്. സൗഹൃദത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. സൗഹൃദങ്ങൾ നൽകുന്ന ഇത്തരം ഇമോഷനുകളിലൂടെ കടന്ന് പോയിട്ടുള്ള ആളാണ് ഞാനും.

 

content summary: Actor Sangeeth Prathap, reflecting on his new film Hridayapoorvam, shares that Premalu brought a wave of luck into his life

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×