June 03, 2026 |

‘ഭാ​ഗ്യം കൊണ്ടല്ല, പൊലീസുകാരുടെ കഠിനാധ്വാനം കൊണ്ടാണ് ദുരന്തമുണ്ടാകാതിരുന്നത്’

അവരുടെ കഷ്ടപ്പാടുകൾ ആരും കാണാത്തതെന്ത്?

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് കുറച്ച് ദിവസങ്ങളായി കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന വിഷയം. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ മുന്നൊരുക്കങ്ങൾ നടത്താത്തതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
സർക്കാർ ആവശ്യമായ കരുതലുകൾ സ്വീകരിക്കുന്നില്ലെന്നാണ് മാധ്യമങ്ങളുടെ കുറ്റപ്പെടുത്തലുകൾ. ശബരിമലയിലെ തിക്കിലും തിരക്കിലും പെട്ടുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിൽ കേരളത്തിലെ പൊലീസ് ഉദ്യോ​ഗസ്ഥർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാൽ അവരുടെ ശ്രമങ്ങൾ ആരും കണക്കിലെടുക്കുന്നില്ല.

ശബരിമലയിൽ പൊലീസ് സംവിധാത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ചും ശരിക്കും എന്താണ് ശബരിമല വിഷയത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതെന്നും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് അഴിമുഖത്തോട് പ്രതികരിച്ചു. 365 ദിവസവും ഭക്തർക്കായി സന്നിധാനം തുറന്നുകൊടുക്കണമെന്നും റോപ്പ് വേയും വിമാനത്താവളവും വരണമെന്നും അലക്സാണ്ടർ ജേക്കബ് നിർദേശിച്ചു.

‘വാർഡൻ കോർണർ എന്ന ബ്രിട്ടീഷുകാരനായ ഓഫീസർ 1916ലെ ശബരിമലയിൽ പോകുമ്പോൾ, 20000 ത്തിൽ കൂടുതൽ പേർ അവിടെ എത്താറില്ലായിരുന്നു. 1950 ആയപ്പോഴേക്കും ശബരിമലയിലെത്തുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1976 ൽ അയ്യപ്പ പ്രചരണ ജാഥയെ തുടർന്ന് ജനങ്ങൾ ശബരിമലയിലേക്ക് ഒഴുകിയെത്താൻ തുടങ്ങി. 2010 ആയപ്പോഴേക്കും ഒരു കോടി ജനങ്ങളെത്തുന്ന ഒരു ക്ഷേത്രമായി ശബരിമല മാറി. നിലവിൽ രണ്ടരക്കോടിക്കടുത്ത് ഭക്തരാണ് ശബരിമലയിലെത്തുന്നത്.

ശബരിമല ഉൾക്കൊള്ളുന്ന പത്തനംതിട്ട ജില്ലയുടെ ആകെ ജനസംഖ്യ 11 ലക്ഷമാണ്. അങ്ങനെയുള്ള ഒരു ജില്ലയിലേക്ക് 60 ദിവസത്തിൽ രണ്ടരക്കോടി ജനങ്ങളെത്തിയാൽ എങ്ങനെയാണ് ഒരു ജില്ലയ്ക്ക് അതിനെ നേരിടാൻ കഴിയുക?

റോഡുകളിലെ തിരക്ക് ഒഴിവാക്കാനുള്ള ഒരു മാർ​ഗമെന്ന് പറയുന്നത്, യാത്രയ്ക്കായി ട്രെയിൻ തിരഞ്ഞെടുക്കുക എന്നതാണ്. ചെങ്ങന്നൂർ മുതൽ പമ്പ വരെ ഒരു റെയിൽവേ ലൈൻ പണിയണം. 40 വർഷമായി മാറി വരുന്ന സർക്കാരുകൾ അതിനായി ശ്രമിക്കുകയാണ്. എന്നാൽ, റെയിൽവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുകയുമില്ല, റെയിൽവേ ലൈൻ പണിയുകയുമില്ല. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വിമാനത്താവളങ്ങളുണ്ട്. ശബരിമലയിൽ ഇത് രണ്ടുമില്ല. കാൽനടയായി വരുന്നവർക്ക് കയറിപോകാൻ വിശാലമായ വഴി വേണം. കാശി കഴിഞ്ഞാൽ ഏറ്റവും ഉയരത്തിലുള്ള ക്ഷേത്രങ്ങളിലൊന്നാണ് ശബരിമല. അവിടെ ജനങ്ങളെത്തുമ്പോൾ അവർക്ക് സൗകര്യപ്രദമായി കയറിപോകാനൊരു വഴി ആവശ്യമാണ്. മുൻപ് ഒരു ചെറിയ നടപ്പാതയുണ്ടായിരുന്നു. പിന്നീട് അവിടെ സുബ്രഹ്മണ്യം എന്ന സിനിമാ നിർമാതാവ് ഒരു വഴി വെട്ടി, അതാണ് സുബ്രഹ്മണ്യപാത. ഈ രണ്ട് പാതയിലൂടെയും എട്ട് പേർക്ക് മാത്രമേ കയറി പോകാൻ കഴിയുകയുള്ളൂ. ആളുകൾ കൂടുതൽ കയറാൻ ശ്രമിക്കുന്നതോടെ ഉന്തും തള്ളുമാകുന്നു. സർക്കാർ സ്ഥലം നൽകാത്തത് കാരണം വഴിക്ക് വീതി കൂട്ടാൻ കഴിയില്ല. ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൻ്റെ പകുതി മാത്രമാണ് സന്നിധാനത്തിൻ്റെ വീതി.

ജനങ്ങൾക്ക് അയ്യപ്പനെ തൊഴാൻ പോകണമെങ്കിൽ 18ാം പടി കയറണം. നല്ല ആരോ​ഗ്യമുള്ള മനുഷ്യന് മാത്രമേ ഉയരത്തിലുള്ള പടി തനിയെ ചവിട്ടിക്കയറാൻ പറ്റുകയുള്ളൂ. രണ്ട് വശത്ത് കൂടി പിടിച്ച് കയറാനുള്ള കൈവരിയും പണിഞ്ഞിട്ടില്ല. അതിനായി പടികളുടെ ഇരുവശത്തുമായി 36 പൊലീസുകാരാണ് നിൽക്കുന്നത്. ഭക്തരുടെ കൈയ്ക്ക് പിടിച്ചാണ് ഓരോ പടിയും കയറ്റിവിടുന്നത്. ഒരു രണ്ട് മണിക്കൂർ തുടർച്ചയായി ഇവരെ പിടിച്ച് കയറ്റിവിടുമ്പോൾ പൊലീസുകാരുടെ ശരീരം മുഴുവൻ വേദനിക്കാൻ തുടങ്ങും. 100 പേരെ നിയന്ത്രിക്കാൻ ഒരു പൊലീസുകാരൻ എന്നാണ് ലോ ആൻ്റ് ഓർഡർ അനുസരിച്ച് പറയപ്പെടുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിലെത്തിയത് ഒരു ലക്ഷം പേരാണ്. അങ്ങനെയെങ്കിൽ അവരെ നിയന്ത്രിക്കാൻ 1000 പൊലീസുകാർ വേണം. എട്ട് മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞാൻ വീണ്ടും 1000 പൊലീസുകാർ കൂടി സന്നിധാനത്ത് എത്തണം. മൂന്ന് ടേമുകളായി തിരിക്കുകയാണെങ്കിൽ മുഴുവൻ 3000 പൊലീസുകാർ ആവശ്യമാണ്.

3000 പൊലീസുകാർ അവിടെയെത്തിയാൽ അവർക്ക് ആവശ്യമായ സൗകര്യങ്ങളുണ്ടോ? അവർക്ക് കിടക്കാനോ മലമൂത്ര വിസർജനത്തിനോ സ്ഥലമില്ല. 50 പൊലീസുകാർക്ക് ഇരിക്കാൻ കഴിയുന്ന ഒരു മുറി മാത്രമാണുള്ളത്. ബാക്കിയുള്ളവർ എന്ത് ചെയ്യും? പലരും ഇരുന്നും ഭിത്തിയിൽ ചാരി നിന്നുമാണ് ശബരിമല ഡ്യൂട്ടി സമയത്ത് ഉറങ്ങുന്നത്. മകരസംക്രാന്തിയാകുമ്പോൾ ആറ് ലക്ഷം പേരാണ് ശബരിമലയിലെത്തുന്നത്. ആറ് ലക്ഷം പേരെ നിയന്ത്രിക്കണമെങ്കിൽ കണക്കനുസരിച്ച് 18000 പൊലീസുകാർ ആവശ്യമാണ്. കേരള പൊലീസിൽ കോൺസ്റ്റബിൾമാർ മുഴുവൻ തന്നെ 35000 പേരാണുള്ളത്. അതിൽ പകുതി പൊലീസുകാരെ ശബരിമലയിൽ കൊണ്ടുവന്നാൽ ബാക്കി കാര്യങ്ങൾ എങ്ങനെ നടപ്പാക്കും? അഥവാ അവരെ കൊണ്ടുവന്നാൽ തന്നെ അവർക്ക് കിടക്കാനോ ഇരിക്കാൻ പോലും സ്ഥലമുണ്ടോ?

ചെറുപ്പക്കാരായ പൊലീസുകാരെയായിരിക്കും കൂടുതലും ശബരിമല ഡ്യൂട്ടിക്ക് കൊണ്ടുവരുന്നത്. അവരിൽ കൂടുതൽ പേരും വിവാഹം കഴിച്ചവരും ചെറിയ കുട്ടികൾ ഉള്ളവരുമായിരിക്കും. 40 ദിവസം ഭാര്യയെയും കുട്ടികളെയും ഒറ്റയ്ക്കാക്കിയിട്ട് വേണം ഇവർക്ക് ശബരിമലയിലെത്തേണ്ടത്.

പല ഭാഷ സംസാരിക്കുന്ന തീർഥാടകരാണ് സന്നിധാനത്ത് എത്തുന്നത്. കരിമലയും കടന്ന് 18ാം പടിയിലെത്തുമ്പോഴേക്കും ഭക്തർ ആകെ ക്ഷീണിതരാകുന്നു. കുറഞ്ഞത് ആറ് കുപ്പി വെള്ളമെങ്കിലും ഒരാൾ അപ്പോൾ കുടിച്ച് തീർത്തിട്ടുണ്ടാകും. മുൻ കാലങ്ങളിൽ 30 രൂപയായിരുന്ന വെള്ളത്തിന് ഞാൻ ജെയിൽ ഡിജിപി ആയിരുന്ന സമയത്താണ് 12 രൂപയാക്കി കുറച്ച് കൊടുത്തത്. പടികയറുമ്പോൾ പലരുടെ കൈയിലും വെള്ളം തീർന്നിരിക്കും. അത്തരം സന്ദർഭങ്ങളിൽ പൊലീസുകാരുടെ കൈയിലുള്ള വെള്ളമാണ് ഭക്തർക്ക് നൽകുന്നത്. അവസാനം പൊലീസിനും ഭക്തനും വെള്ളമില്ലാത്ത അവസ്ഥയുണ്ടാകും. വെള്ളം വാങ്ങി കുടിക്കാനുള്ള സൗകര്യം പോലും അവിടെയില്ല.

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്ന കാര്യമാണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. പുരുഷന്മാർക്ക് മൂത്രശങ്ക തോന്നിയാൽ മരത്തിന് കീഴെ പോയിരിക്കാം. എന്നാൽ 60 വയസ് കഴിഞ്ഞ സ്ത്രീകൾ എന്ത് ചെയ്യും? അവർ അത് നിയന്ത്രിച്ച് നിർത്താൻ ശ്രമിക്കുന്നു. പ്രായമായവരായതിനാൽ തന്നെ പല സ്ത്രീകൾക്കും നിയന്ത്രണം വിട്ട് പേകുന്ന അവസ്ഥയും ഉണ്ടായിട്ടുണ്ട്. സന്നിധാനത്ത് മൂത്രം വീണതിനെ ചൊല്ലി പിന്നീട് വീണ്ടും പ്രശ്നങ്ങളുണ്ടാകുന്നു. 500 ഓളം മൂവബിൾ ടോയ്ലെത്തുകൾ നിലവിലുണ്ട്. ഒരു ലക്ഷം പേർ എത്തുമ്പോൾ ഒന്നും ചെയ്യാൻ കഴിയാതെ വരുകയാണ്.

ഏറ്റവും കുറഞ്ഞത് 3000 ശൗചാലയങ്ങൾ പണിതാൽ മാത്രമാണ് ഇതിനൊരു പരിഹാരം കാണാൻ കഴിയുക. അതിന് 30 ഏക്കർ സ്ഥലം ആവശ്യമായി വരും. കേന്ദ്രം പല പാർട്ടികൾ ഭരിച്ചിട്ടും ഈ സ്ഥലത്തിൻ്റെ കാര്യത്തിൽ യാതൊരു നടപടിയുമുണ്ടായില്ല. റോഡിൻ്റെ വീതി കൂട്ടാൻ പോലും സ്ഥലം നൽകില്ല. ഭക്തരോട് എങ്ങനെയാണ് ശബരിമലയിലേക്ക് വരരുതെന്ന് പറയാൻ കഴിയുന്നത്? അയ്യപ്പനെ കാടിന് പുറത്ത് കൊണ്ടുവന്ന് പ്രതിഷ്ഠിക്കാൻ കഴിയുമോ?

കഴിഞ്ഞ 50 വർഷമായി ശബരിമലയിൽ സൗകര്യങ്ങൾ വർദ്ധിപ്പിക്കാനായി ശ്രമിക്കുകയാണ്. ബിജെപി ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികൾ കേരളം ഭരിച്ചിട്ടുണ്ട്. ശബരിമലയിൽ സൗകര്യം വർദ്ധിപ്പിക്കുക എന്നത് എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്തമാണ്. തിരക്കു നിയന്ത്രണത്തിന്റെ ഭാഗമായി സ്പോട്ട് ബുക്കിങ് 5,000 ആയി കുറയ്ക്കാനാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. ഒരു കോടി 20 ലക്ഷം പേരാണ് ശബരിമലയിലെത്താനായി മാലയിട്ടിരിക്കുന്നത്. ഹൈക്കോടതി പറയുന്നതനുസരിച്ച് നോക്കുമ്പോൾ മണ്ഡലകാലം അവസാനിക്കുമ്പോൾ 30 ലക്ഷം പേർക്ക് മാത്രമാണ് ശബരിമലയിൽ പ്രവേശിക്കാൻ കഴിയുന്നത്. ബാക്കിയുള്ളവരോട് വരരുതെന്ന് പറയാൻ സംസ്ഥാന സർക്കാരിനോ കേന്ദ്ര സർക്കാരിനോ കഴിയില്ല.

മക്കയിലെത്തുന്നവരുടെ എണ്ണം കുറയ്ക്കാനായി ഇത്ര പേർക്ക് മാത്രമേ ആ സമയത്ത് ഹജ്ജിന് എത്താൻ കഴിയുകയുള്ളൂവെന്ന് സൗദി ​ഗവൺമെൻ്റ് പറഞ്ഞിരിക്കുകയാണ്. ഇന്ത്യയിൽ ഹജ്ജിന് അപേക്ഷിക്കുന്നവർ ലക്ഷങ്ങളാണ്. അതേസമയം, അനുമതി ലഭിക്കുന്നത് 30000 പേർക്കായിരിക്കും. സൗദി ​ഗവൺമെൻ്റിനോട് ആർക്കും എതിര് പറയാൻ കഴിയാത്തതിനാൽ അത് അം​ഗീകരിക്കേണ്ടതായി വന്നു. എന്നാൽ ഈ നിയമം ശബരിമലയിൽ നടപ്പാക്കാൻ കഴിയില്ല.

ശബരിമലയിൽ ജനങ്ങളെത്തിയാൽ അത് മറ്റൊരു വിഷയമാകും. ശബരിമലയെ തൊടാതിരിക്കുക എന്നത് നാഷണൽ ലോബിയുടെ ശ്രമമാണ്. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും തിരക്ക് മൂലമുള്ള പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ 365 ദിവസവും ക്ഷേത്രം തുറന്നുകൊടുത്താണ് അവർ ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്.

ശബരിമലയിലെ പ്രശ്നവും ഇത്തരത്തിൽ പരിഹരിക്കാൻ കഴിയുന്നതാണ്. മാലയിട്ട ഒരു കോടി 20 ലക്ഷം അയ്യപ്പ ഭക്തർക്ക് 365 ദിവസവും ശബരിമലയിൽ കയറാനുള്ള അവസരമുണ്ടായാൽ, എല്ലാം ശരിയാകും. ഇതിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞപ്പോൾ അദ്ദേഹത്തെ ആചാരത്തിൻ്റെ പേര് പറഞ്ഞ് എല്ലാവരും വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയ്തത്.

മറ്റൊരു ഉപാധി വിമാനത്താവളം വരുകയെന്നതാണ്. എന്നാൽ മാത്രമാണ് ധനികരായിട്ടുള്ള ആളുകൾ ശബരിമല ദർശനത്തിന് എത്തുക. ആറൻമുളയിലും കോന്നിയിലും വിമാനത്താവളം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ, ആറൻമുള ക്ഷേത്രത്തിലെ കൊടിമരത്തിൽ വിമാനമുടിക്കുമെന്ന് പറഞ്ഞ് സമരക്കാർ അത് നിർത്തിവെപ്പിക്കുകയായിരുന്നു. അത് തികച്ചും തെറ്റായ ഒരു തീരുമാനമായിരുന്നു. അന്ന് അവിടെയൊരു എയർപോർട്ട് വന്നിരുന്നെങ്കിൽ ശബരിമലയ്ക്ക് നല്ലൊരു വളർച്ചയുണ്ടാകുമായിരുന്നു.

ശബരിമലയ്ക്ക് അടുത്ത് പൊലീസുകാർക്കായി മണിയാർ ക്യാമ്പുണ്ട്. ശബരിമലയുടെ 60 കിലോമീറ്റർ അടുത്തുള്ള ക്യാമ്പിൽ പൊലീസുകാരെ താമസിപ്പിക്കാൻ ഞാൻ അന്ന് നിർദേശിച്ചിരുന്നു. ഒരു ദിവസം ആവശ്യമുള്ള പൊലീസുകാരെ ബസിൽ അവിടെയെത്തിക്കുക. 24 മണിക്കൂർ ഡ്യൂട്ടിക്ക് ശേഷം അവരെ തിരിച്ച് കൊണ്ടുവരുമ്പോൾ അടുത്ത ദിവസം ഡ്യൂട്ടിയിലുള്ള പൊലീസുകാരെ അവിടെ എത്തിക്കുക. അങ്ങനെ വരുമ്പോൾ, എല്ലാ ദിവസവും പൊലീസുകാർക്ക് ശബരിമലയിൽ കിടന്ന് കഷ്ടപ്പെടേണ്ടി വരില്ല. എനിക്ക് ചാർജുണ്ടായിരുന്ന സമയത്ത് ഒരു വർഷം ഞാനിത് നടപ്പാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അത് നടക്കുന്നില്ല.

തിരഞ്ഞെടുപ്പ് വരുമ്പോൾ, 140 മണ്ഡലങ്ങളിൽ ബൂത്തുകളുടെ എണ്ണം 5000ത്തോളം വരും. ഇത്തരം അവസരങ്ങളിൽ സ്പെഷ്യൽ പൊലീസിനെ നിയമിക്കുകയാണ് ചെയ്യുന്നത്. ദിവസം 600 രൂപ കൊടുത്താൽ മതി. ശബരിമലയിൽ ഡ്യൂട്ടി ചെയ്യാൻ ആ​ഗ്രഹിക്കുന്ന ആരോ​ഗ്യദൃഢ​ഗാത്രരായ സ്പെഷ്യൽ പൊലീസിനെയാണ് നിയമിക്കേണ്ടത്. ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയുള്ള പരിഹാരം സ്പെഷ്യൽ പൊലീസാണ്.

മറ്റുള്ള സ്ഥലങ്ങളിലേത് പോലെ ശബരിമലയിലും റോപ്പ് വേ കൊണ്ടുവരണം. അങ്ങനെ വരുമ്പോൾ സ്ത്രീകൾക്കും അതിലിരുന്ന് കൊണ്ട് അയ്യപ്പനെ തൊഴാൻ കഴിയും. പടികയറാൻ മാത്രമല്ലേ പ്രശ്നമുള്ളൂ, റോപ്പ് വേയിലുടെ അവർക്കും അയ്യപ്പനെ കാണാൻ സാധിക്കും. മാധ്യമങ്ങളും രാഷ്ട്രീയക്കാരും പറയുന്നതിനപ്പുറം ശബരിമലയുടെ വികസനമാണ് ശരിക്കും ചർച്ച ചെയ്യപ്പെടേണ്ടത്’, അലക്സാണ്ടർ ജേക്കബ് അഴിമുഖത്തോട് പ്രതികരിച്ചു.

Content Summary: It wasn’t luck, but the hard work of the police that prevented a tragedy,” former DGP Alexander Jacob said while responding to concerns about the Sabarimala crowd situation

Leave a Reply

Your email address will not be published. Required fields are marked *

×