സിപിഎം നേതാവും മുന്‍ എംഎല്‍എയും എസ്എഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റുമായ സൈമണ്‍ ബ്രിട്ടോയുടെ മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിന് (കളമശ്ശേരി) കൈമാറി. മരണശേഷം തന്റെ ഭൗതികശരീരം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി വിട്ടുനല്‍കണമന്ന് ബ്രിട്ടോ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് പ്രകാരമാണ് മൃതദേഹം കൈമാറിയത്. ഭാര്യ സീന ഭാസ്‌കറിനോട് ബ്രിട്ടോ ഇക്കാര്യം പറഞ്ഞിരുന്നതായി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും എറണാകുളം മുന്‍ ജില്ലാ സെക്രട്ടറിയുമായ പി രാജീവ് ഇന്നലെ അറിയിച്ചിരുന്നു.
പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേര്‍ ബ്രിട്ടോയ്ക്ക് അന്ത്യാഭിവാദ്യങ്ങള്‍ അര്‍പ്പിക്കാന്‍ ടൗണ്‍ഹാളിലെത്തിയിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് മൃതദേഹം കൈമാറുന്ന ഔദ്യോഗിക രേഖ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് നല്‍കിയത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് മൃതദേഹം ഏറ്റുവാങ്ങി.
തോൽക്കാനാകാത്ത മനസ്സാണ് സൈമൺ ബ്രിട്ടോ. അവന്റെ കണ്ണുകളിൽ അതു വായിച്ചെടുക്കാം’. 38 വർഷം മുമ്പെടുത്ത ബ്ലാക്ക‌് ആൻഡ‌് വൈറ്റ‌് ചിത്രത്തിലെ ബ്രിട്ടോയെ ചൂണ്ടി പഴയ സമരസഖാവ‌് സുരേഷ‌്കുറുപ്പ‌് പറഞ്ഞു. എറണാകുളം ടൗൺഹാളിൽ സൈമൺ ബ്രിട്ടോയെ അവസാനമായി യാത്രയാക്കാൻ എത്തിയവരിലേറെയും എസ‌്എഫ‌്ഐ പ്രവർത്തനകാലത്തെ സഹപ്രവർത്തകരായിരുന്നു. 1980ൽ എറണാകുളത്തുവച്ച‌് പരസ‌്പരം തോളിൽ കൈയിട്ടെടുത്ത ആ ചിത്രത്തിൽ ബ്രിട്ടോയ‌്ക്കൊപ്പം ഉണ്ടായിരുന്നവർ ഒരുമിച്ചാണ‌് പ്രിയസഖാവിന‌് അന്ത്യാഭിവാദ്യം അർപ്പിച്ചത‌്. സുരേഷ‌്കുറുപ്പ‌്, ടി വി ഗോപിനാഥ‌്, എൻ കെ വാസുദേവൻ, സി പി ജീവൻ, അശോക‌് ചെറിയാൻ എന്നിവർ അന്ത്യാഭിവാദ്യം നൽകാൻ ഒരുമിച്ചെത്തി. ചിത്രത്തിൽ ഒപ്പമുണ്ടായിരുന്ന ഡോ. കെ എൻ ഗണേഷിന‌് ആ സമയം എത്താനായില്ല.
1970കളുടെ പകുതിയിലാണ‌് സൈമൺ ബ്രിട്ടോ എസ‌്എഫ‌്ഐ ജില്ലാ നേതൃത്വത്തിലേക്കെത്തുന്നത‌്. അന്ന‌് കോട്ടയം ജില്ലാ ഭാരവാഹിയായിരിക്കെയാണ‌് താൻ ബ്രിട്ടോയുമായി അടുത്തതെന്ന‌് സുരേഷ‌്കുറുപ്പ‌് പറയുന്നു. ഇതിഹാസതുല്യമായ ജീവിതമാണ‌് ബ്രിട്ടോ നയിച്ചത‌്. ഞാൻ കണ്ട ഏറ്റവും നിഷ‌്കളങ്കനും ധീരനും കാപട്യമില്ലാത്തവനും ഭീതിയില്ലാത്തവനുമായിരുന്നു ബ്രിട്ടോ. മാരകമായി പരിക്കേറ്റ‌് മരണത്തിൽനിന്നു തിരിച്ചുകയറിയത‌് ബ്രിട്ടോയുടെ ധീരത ഒന്നുകൊണ്ടു മാത്രമായിരുന്നു. ബ്രിട്ടോയ‌്ക്ക‌് ഇനി അധികസമയമില്ലെന്ന‌് വിധിയെഴുതിയിടത്തുനിന്നാണ‌് മൂന്നരപ്പതിറ്റാണ്ടിലധികം കേരളത്തിന്റെ രാഷ്ട്രീയജീവിതത്തിൽ സജീവമായി ബ്രിട്ടോ പ്രവർത്തിച്ചത‌്. വീൽചെയറിലിരുന്ന‌് രാജ്യം മുഴുവൻ സഞ്ചരിച്ചു. പുസ‌്തകങ്ങളെഴുതി, ഇടതടവില്ലാതെ പ്രസംഗിക്കാൻ പോയി. ഇത്തരമൊരു ജീവിതം മറ്റൊരാൾക്കും സാധ്യമാകില്ല. പരിചയപ്പെട്ടവർക്കെല്ലാം സ‌്നേഹം വാരിക്കോരി കൊടുത്താണ‌് ബ്രിട്ടോ മടങ്ങിയത‌്. എനിക്കും കിട്ടി അതിൽ നല്ലൊരു പങ്ക‌് എന്നു പറഞ്ഞുനിർത്തുമ്പോൾ സുരേഷ‌്കുറുപ്പിന്റെ കണ്ണുകളും ഈറനണിഞ്ഞു.
മിൽജിത് രവീന്ദ്രൻ ദേശാഭിമാനി
വിശദ വായനക്ക് : http://www.deshabhimani.com/special/comrade-simon-britto/773662