കേരളത്തില്‍ ടാറ്റ ഗ്രൂപ്പ് 10,000 കോടി രൂപയുടെ കപ്പല്‍ നിര്‍മാണശാല സ്ഥാപിക്കുമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രഖ്യാപനം കമ്പനി നിഷേധിച്ചതോടെ സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം ഉടലെടുത്തിരിക്കുകയാണ്. അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെര്‍ഗിന് നല്കിയ അഭിമുഖത്തിലും ‘മിഷന് സമുദ്ര’ സെമിനാറിലും ടാറ്റാ ഗ്രൂപ്പിന്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പ് പദ്ധതിക്കായി അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒരു മാസത്തിനകം ഇതില്‍ തീരുമാനമെടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം. മുന്‍ സര്‍ക്കാരിന്റെ കാലത്തുണ്ടാകാത്ത വലിയ നിക്ഷേപങ്ങള്‍ ഈ സര്‍ക്കാരിന്റെ തുടക്കത്തില്‍ തന്നെ എത്തിയെന്ന രീതിയില്‍ ഇത് വലിയതോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍, നിലവില്‍ കേരളത്തിലോ ഇന്ത്യയില്‍ മറ്റെവിടെയെങ്കിലുമോ കപ്പല്‍ നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട് വലിയ നിക്ഷേപങ്ങള്‍ നടത്താന്‍ പദ്ധതികളില്ലെന്നാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഇക്കണോമിക് ടൈംസിന്റെ ‘ഇ ടി ഇന്‍ഫ്ര ഡോട് കോം’ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍, ടാറ്റ ഗ്രൂപ്പിലെ ഒരു മുതിര്‍ന്ന എക്സിക്യൂട്ടീവ് മുഖ്യമന്ത്രിയുടെ പ്രസ്താവന പൂര്‍ണ്ണമായി തള്ളിപ്പറഞ്ഞു. മുഖ്യമന്ത്രിക്ക് ഈ വിഷയത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഉണ്ടായിരിക്കില്ലെന്നും, അല്ലെങ്കില്‍ അധികാരമേറ്റെടുത്ത് വെറും രണ്ടു മാസമേ ആയിട്ടുള്ളൂ എന്നതിനാല്‍ പെട്ടെന്ന് ഫലങ്ങള്‍ കാണിക്കാനുള്ള അമിത സമ്മര്‍ദ്ദത്തിലായിരിക്കാം അദ്ദേഹം ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നും ടാറ്റ എക്സിക്യൂട്ടീവ് സൂചിപ്പിച്ചു.
വിവാദം കടുത്തതോടെ വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ സംസ്ഥാനത്തേക്ക് മൊത്തത്തില്‍ ലക്ഷ്യമിടുന്ന 10,000 കോടിയുടെ വിവിധ നിക്ഷേപങ്ങളെക്കുറിച്ചാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും, ടാറ്റയുമായി മാത്രം ഇത്രയും തുകയുടെ കരാറിലെത്തിയെന്ന് അര്ത്ഥമാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റ്സും ടാറ്റാ പ്രോജക്ട്സിന്റെ ഭാഗമായ ആര്‍ട്സണ്‍ എന്‍ജിനീയറിംഗും ചേര്‍ന്ന് കൊച്ചിന് പോര്‍ട്ടില്‍ ആരംഭിക്കാന്‍ പോകുന്ന കപ്പല്‍ നിര്‍മ്മാണ യൂണിറ്റിനെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ സര്‍ക്കാരിന്റെ ഈ പുതിയ വിശദീകരണവും വസ്തുതകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ‘ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമിറ്റില്‍’ ഈ പ്രോജക്റ്റിനായി ഒപ്പിട്ട ധാരണാപത്രം വെറും 500 കോടി രൂപയുടേതാണ്. 100 ടണ്ണില്‍ താഴെയുള്ള ചെറുകിട ബോട്ടുകള്‍ നിര്‍മ്മിക്കുന്ന ഈ യൂണിറ്റിനെയാണ് മുഖ്യമന്ത്രി വി.ഡി. സതീശന് അന്താരാഷ്ട്ര മാധ്യമത്തിന് മുന്നില്‍ 10,000 കോടിയുടെ വന്‍കിട കപ്പല്‍ശാലാ പദ്ധതിയായി പെരുപ്പിച്ചു കാട്ടിയതെന്ന ആക്ഷേപം ശക്തമാണ്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണോ മുഖ്യമന്ത്രി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന ചോദ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
കപ്പല്‍ നിര്‍മാണ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ ഇത്തരം ഒരു വലിയ പദ്ധതിക്ക് കേരളത്തില്‍ വലിയ പ്രായോഗിക തടസ്സങ്ങളുണ്ട്. ഒരു ഗ്രീന്‍ഫീല്‍ഡ് ഷിപ്പ്യാര്ഡ് നിര്‍മ്മിക്കാന്‍ അനുയോജ്യമായ രണ്ട് കിലോമീറ്റര്‍ നീളമുള്ള വാട്ടര്‍ഫ്രണ്ടും 2,000 ഏക്കറോളം സ്ഥലവും നിലവിലെ സാഹചര്യത്തില്‍ കേരളത്തില്‍ കണ്ടെത്തുക വളരെ പ്രയാസകരമാണ്. തമിഴ്നാട് ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങള്‍ ഇത്തരം പദ്ധതികള്‍ക്കായി സ്ഥലങ്ങള്‍ കണ്ടെത്തുകയും ഡിപിആര്‍ തയ്യാറാക്കുകയും ചെയ്ത് വളരെ മുന്നോട്ടുപോയിട്ടുണ്ട്. വെറും രണ്ട് മാസം പ്രായമുള്ള ഒരു ഭരണകൂടത്തിന് വികസന നേട്ടങ്ങള്‍ കാണിക്കാനുള്ള അമിത സമ്മര്ദ്ദമുണ്ടാകാമെങ്കിലും, അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെ കൃത്യമല്ലാത്ത വിവരങ്ങള്‍ വരുന്നത് സംസ്ഥാനത്തിന്റെ വികസന വിശ്വാസ്യതയെ ദോഷകരമായി ബാധിച്ചേക്കാമെന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി നേരിട്ട് തന്നെ കൂടുതല്‍ വ്യക്തതകള്‍ വരുത്തേണ്ടതുണ്ട്.
‘ടാറ്റ കപ്പല്‍ നിര്‍മാണശാല’ കൂടി വന്നതോടെ രാഷ്ട്രീയ ആരോപണങ്ങളുടെ ശക്തമായ വേലിയേറ്റമാണ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന തുറമുഖ വകുപ്പ് നേരിടുന്നത്. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വലിയൊരു രാഷ്ട്രീയ വിവാദത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനുള്ള മനഃപൂര്‍വ്വമായ ശ്രമമാണോ മുഖ്യമന്ത്രി നടത്തിയതെന്ന സംശയവും രാഷ്ട്രീയ നിരീക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.
വിഴിഞ്ഞം തുറമുഖത്തിന്റെ വലിയൊരു ശതമാനം ഓഹരികള്‍ അദാനി ഗ്രൂപ്പ് അന്താരാഷ്ട്ര കണ്‍സോര്‍ഷ്യമായ എംസിസിക്ക് മറിച്ചുവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങളാണ് ഉയരുന്നത്. ഷിപ്പിംഗ് ബില്‍ഡിംഗ് യൂണിറ്റ് തുടങ്ങാന്‍ ടാറ്റ നേരിട്ട് കേരളത്തില്‍ എത്തുകയാണെന്നു പറഞ്ഞ മുഖ്യമന്ത്രി, അദാനി-എംസിസിയുമായി കരാര്‍ ഉണ്ടാക്കിയത് പത്രങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നാണ് പറഞ്ഞത്. വിവാദ ചാര്‍ട്ടേര്‍ഡ് വിമാന യാത്രയും മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പ് ഏറ്റെടുക്കലും മുതല്‍ അദാനി-എംസിസി ഇടപാടുകള്‍ വരെയായി ആകെ ഉലഞ്ഞു കിടക്കുകയാണ് തുറമുഖ വകുപ്പ്. അതിലേക്ക് തന്നെയാണ് ഇപ്പോള്‍ പുതിയ ടാറ്റാ വിവാദവും ഇരച്ചുകയറുന്നത്.
Content Summary; Kerala government in a fix as Tata Group denies CM V.D. Satheesan’s claim of a ₹10,000 crore mega shipyard project in the state.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.