കാലിക്കറ്റ് സർവകലാശാല സിലബസിൽ നിന്ന് റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിയുടെ പാട്ടുകൾ ഒഴിവാക്കിയതിനെ ചൊല്ലി വ്യാപക പ്രതിഷേധം ഉയരുന്നു. വേടന്റെ പാട്ടുകളെ കുറിച്ചുള്ള താരതമ്യ പഠനം വിദ്യാര്‍ഥികള്‍ക്ക് അസാധ്യമാണെന്നും സാഹിത്യസവിശേഷതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വൈസ് ചാന്‍സിലര്‍ നിയോഗിച്ച വിദഗ്ധസമിതി വേടന്റെ പാട്ടുകള്‍ ഒഴിവാക്കാന്‍ ശുപാർശ നൽകിയത്. ഗായിക ഗൗരി ലക്ഷ്മിയുടെ പാട്ട് ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്.
വേടൻ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തോടാണ് ഹിന്ദുത്വവാദികൾക്ക് എതിർപ്പെന്നും സനാതന ധർമ്മത്തെ ഉയർത്തിപ്പിടിക്കുന്ന സർവകലാശാലയിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ ഡോ. ടി. എസ് ശ്യാംകുമാർ അഴിമുഖത്തോട് പ്രതികരിച്ചു.
‘സമകാലിക കേരളത്തിലെ വ്യത്യസ്ത വിഭാഗത്തിൽപ്പെട്ട മനുഷ്യരോട് വളരെ ആഴത്തിൽ സംവദിക്കുന്നതാണ് വേടന്റെ പാട്ടുകൾ. അത് തന്നെയാണ് വേടന്റെ പാട്ടുകളുടെ സവിശേഷതയും. അവയെ കാലിക്കറ്റ് സർവകലാശാലയുടെ സിലബസിൽ നിന്നും ഒഴിവാക്കിയ നടപടി, ഹിന്ദുത്വവാദികളുടെ വ്യക്തമായ അജണ്ടയെയാണ് സൂചിപ്പിക്കുന്നത്.
വേടന്റെ പാട്ടുകളിൽ കുട്ടികൾക്ക് മനസിലാക്കാൻ പ്രയാസമുള്ളതെന്താണ്? ലക്ഷക്കണക്കിന് പേരാണ് അയാളുടെ പാട്ടുകൾ കേൾക്കുന്നതും ആരാധിക്കുന്നതും. ഇന്നത്തെ കാലത്തെ കൊച്ച് കുട്ടികൾക്ക് പോലും വേടന്റെ പാട്ടുകളിലെ വരികൾ മനപാഠമാണ്. അത്രയധികം കേരളീയരുടെ ഹൃദയത്തിലേക്ക് വേടന്റെ സംഗീതം ഇറങ്ങിച്ചെന്നു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. തങ്ങളുമായി സംവദിക്കാത്ത ഒരു കലയും ജനങ്ങൾ മനസ് കൊണ്ട് സ്വീകരിക്കില്ല.
കടവല്ലൂരിൽ വേദപരീക്ഷ നടത്തുന്നത് പോലെ, വേദപരീക്ഷ നടത്തി പാസാകേണ്ടതല്ല വേടന്റെ പാട്ടുകൾ എന്നാണ് ഞാൻ മനസിലാക്കുന്നത്. കേരളത്തിലെ സർവകലാശാലകൾ അടിസ്ഥാനപരമായി ഒരു അഗ്രഹാരങ്ങളാണ്. ഭീകരമായ സംവരണ അട്ടിമറി നടന്നയിടമാണ് കാലിക്കറ്റ് സർവകലാശാല. ദളിതരെയും ആദിവാസികളെയും മുസ്ലീംങ്ങളെയും ഒഴിവാക്കുന്നതിന് വേണ്ടി സംവരണ അട്ടിമറി നടന്നയിടത്ത് നിന്ന് ഇത്തരത്തിലുള്ള നിർദേശം വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇവിടെ തന്നെയാണ് ഒരു സനാതന ധർമ്മ പഠനകേന്ദ്രമുള്ളതും. അവിടെയൊരു പരിപാടി നടക്കുമ്പോൾ പങ്കെടുക്കുന്നത് കേരള ഗവർണറാണ്. ഇത്തരത്തിൽ സനാതന ധർമ്മ പഠനകേന്ദ്രമുള്ള ഒരു സർവകലാശാലയിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്.
വേടന്റെ പാട്ടുകൾക്ക് കലാമൂല്യമില്ലെന്നത് സവർണ വരേണ്യ അക്കാദമീഷ്യന്മാരുടെ മാത്രം ചിന്തയാണ്. ഒരു വിഷയത്തെ സിലബസിൽ നിന്നും പുറത്താക്കുന്നതിന്റെയും തിരഞ്ഞെടുക്കുന്നതിന്റെയും മാനദണ്ഡമെന്താണ്? അവരാദ്യം അത് പറയട്ടെ. അതറിയാനുള്ള അവകാശം ഇന്ത്യൻ പൗരനെന്ന നിലയിൽ എല്ലാവർക്കുമുണ്ട്.
ജാതി മൂല്യങ്ങളെ വാഴ്ത്തുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ടും പൂന്താനത്തിന്റെ ജ്ഞാനപ്പാനയും രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടുമെല്ലാം കാലങ്ങളായി കേരളത്തിലെ സർവകലാശാലകളിലെ സിലബസിൽ ഉൾപ്പെട്ടിട്ടുണ്ട്. ബ്രാഹ്മണരുടെ കാലിലെ പൊടി ഹൃദയം ശുദ്ധീകരിക്കണമെന്ന് പറയുന്ന അദ്ധ്യാത്മ രാമായണം കിളിപ്പാട്ട് പഠിക്കുന്നതിൽ ആർക്കും ഒരു കുഴപ്പവുമില്ല. അതിലൊരു സാംസ്കാരിക പ്രശ്നമുണ്ടെന്ന് ഇവർക്ക് തോന്നുന്നില്ല. കേരളത്തിൽ നിലനിൽക്കുന്ന ശ്രേണീകൃത അസമത്വത്തെയും വിമചനാത്മക രാഷ്ട്രീയത്തെയും ഉയർത്തിക്കാണിക്കുന്നത് കൊണ്ടാണ് വേടന്റെ പാട്ടുകളെ അവഗണിക്കുന്നത്.’ ഡോ. ടി. എസ് ശ്യാംകുമാർ അഴിമുഖത്തോട് പറഞ്ഞു.
ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് വേടന്റെ ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന പാട്ട് സിലബസില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
Content Summary: Vedan removed from Calicut University syllabus; T. S. Syamkumar responds
This post was last modified on July 17, 2025 1:54 pm
Leave a Comment