സൈപ്രസ് മരങ്ങൾക്കിടയിലൂടെ ടെറാക്കോട്ട ടൈലുകൾ പതിച്ച വീഥി, ഇറ്റാലിയൻ നവോഥാനകാലത്തെ വാസ്തുവിദ്യവിദഗ്ദൻ ആൻഡ്രിയ പലേഡിയോയുടെ സ്വാധീനം വ്യക്തമായി തിരിച്ചറിയാനാകുന്ന കെട്ടിട നിർമ്മാണ രീതി, വിശാലമായ പൂമുഖവും മുകൾ ഭാഗത്ത് അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന കൂറ്റൻ ഗോപുരങ്ങളും ചുറ്റിനും മുന്തിരി തോട്ടങ്ങളും ഒലിവ് മരങ്ങളുമുള്ള കുന്നുകളും താഴ്വരകളും… എങ്ങിനെ നോക്കിയാലും ഈ വീട് രാജകീയ പ്രൗഢിയോടെ തലയുയർത്തി നിൽക്കുകയാണ്.
ബീറ്റ് ഫലസ്റ്റീൻ അഥവാ ഹൌസ് ഓഫ് ഫലസ്റ്റീൻ എന്നറിയപ്പെടുന്ന കൊട്ടരം പോലുള്ള വീട് നിർമിച്ചത് മുനീർ അൽ മസ്രി എന്ന ധനാഢ്യനായ എണ്ണ വ്യാപാരിയായിരുന്നു. 16 ആം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട വില്ല ലാ റോട്ടോണ്ടയുടെ മാതൃകയിലാണ് പാലസ്റ്റീനിലെ നബിള്സ് നഗരത്തിൽ മലമുകളിൽ ഈ മനോഹര സൗധം ഇദ്ദേഹം നിർമിച്ചത്.
പുരാവസ്തുക്കളോട് ഭ്രമമുള്ള ഈ മനുഷ്യനെ ഗോഡ് ഫാദർ എന്നും മലമുകളിലെ കൊട്ടാരത്തിൽ താമസിക്കുന്നയാൾ എന്നുമൊക്കെയാണ് നാട്ടിൽ അറിയപ്പെടുന്നത്. വിശാലമായ പൂന്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും ചെറിയ കുളങ്ങളും ചിത്രപ്പണികളുള്ള മനോഹരമായ ആർച്ചുകളും കൊണ്ട് വീടിനു ചുറ്റും ഭംഗിയാക്കിയിട്ടുണ്ട്.
നോഹയുടെ പേടകവും ആദവും ഈവയും പോലുള്ള ക്ലാസ്സിക്കൽ ആശയങ്ങളൊന്നും യാഥാർത്ഥമല്ല, പക്ഷെ എന്റെ എന്റെ ഈ വീട് കണ്ടോ, അത് ക്ലാസ്സിക്കൽ ആണ് യാഥാർത്ഥവുമാണ്. സ്വന്തം വീടിനെ ഭ്രമം കൊണ്ട് കൊട്ടാരമാക്കി മാറ്റിയ മുനീബ് അൽ മസ്രി പറഞ്ഞതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.