നിക്കോളസ് മഡുറോയ്ക്ക് തിരിച്ചടിയുണ്ടാകുമെന്നാണ് പ്രവചനങ്ങള്‍
തെക്കനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ സോഷ്യലിസ്റ്റ് ഭരണത്തിന് അവസാനം കുറിക്കുകയാണോ? ഞായറാഴ്ച്ച രാത്രിയോടെ അവസാനിച്ച തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്നതാണ്. പ്രവചനങ്ങളും സര്‍വേകളും പറയുന്നത്, പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ തീരുമാനത്തില്‍ 25 വര്‍ഷത്തെ സോഷ്യലിസ്റ്റ് ഭരണം അവസാനിക്കുമെന്നാണ്. നിഷേധിക്കപ്പെടുന്ന മനുഷ്യാവകാശങ്ങളും തകര്‍ച്ചയിലായ സാമ്പത്തിക സ്ഥിതിയുമായിരിക്കും പ്രധാനമായും ജനങ്ങളെ സ്വാധീനിക്കുക.
സൈനികനില്‍ നിന്ന് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രതീകമായി മാറിയ ഹ്യൂഗോ ഷാവേസ് 1998 ല്‍ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തില്‍ വന്നതോടെയാണ് വെനസ്വേല സോഷ്യലിസ്റ്റ് ഭരണത്തിന് കീഴിലാകുന്നത്. 14 വര്‍ഷം-തന്റെ മരണം വരെ- ഷാവേസ് വെനസ്വേലയെ ഭരിച്ചു. ഷാവേസിന്റെ മരണം അദ്ദേഹത്തിന്റെ ശക്തമായ അനുയായിയായിരുന്ന നിക്കോളാസ് മഡുറോയെ രാജ്യത്തിന്റെ പരമാധികാര സ്ഥാനത്തെത്തിച്ചു. എന്നാല്‍ ഷാവേസിനെ പോലെ പ്രസിഡന്റ് മഡുറോയ്ക്ക് ജനങ്ങളെ സംതൃപ്തരാക്കാന്‍ സാധിച്ചില്ലെന്നത് നിലനില്‍ക്കുന്ന വിമര്‍ശനമാണ്. ഏകാധിപത്യഭരണത്തിന്റെ അരാജകത്വത്തില്‍ നിന്നും രാജ്യം സമാധാനത്തിലേക്ക് എത്തിയശേഷം നേരിടുന്ന ഏറ്റവും കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നത്. മഡുറോയെ ജനം തിരസ്‌കരിക്കുകയാണെങ്കില്‍ അതിനുള്ള പ്രധാന കാരണവും അതായിരിക്കും. കനത്ത പരാജയമാണ് തെരഞ്ഞെടുപ്പില്‍ മഡുറോ കാത്തിരിക്കുന്നതെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്.
പ്രവചനങ്ങളെ തള്ളിക്കളയുകയാണ് മഡുറോ അനുയായികള്‍. അവര്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അധികാരത്തിലേക്ക് മഡുറോ തന്നെ തിരികെയെത്തുമെന്നാണ് പാര്‍ട്ടി നേതാക്കള്‍ ഉറപ്പിച്ചു പറയുന്നത്. ആറ് വര്‍ഷമാണ് വെനസ്വേലയില്‍ പ്രസിഡന്റ് പദത്തിലെ കാലയളവ്. തെരഞ്ഞെടുക്കപ്പെട്ടാല്‍ നിക്കോളാസ് മഡുറോയുടെ മൂന്നാം ഊഴമായിരിക്കും ഇത്തവണത്തേത്. ജനങ്ങള്‍ തീരുമാനിച്ചു കഴിഞ്ഞു, മഹത്തായ വിജയം തന്നെ ഇത്തവണയും ഉണ്ടാകുമെന്നാണ് പാര്‍ട്ടി ഉന്നതനായ ജോര്‍ജെ റോഡിഗ്രസ് തലസ്ഥാനമായ കാരക്കാസില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്.
എന്നാല്‍, ഇതേ ആത്മവിശ്വാസത്തില്‍ തന്നെയാണ് പ്രതിപക്ഷം. ഇത്തവണ ജനഹിതം തങ്ങള്‍ക്ക് അനുകൂലമാണെന്നാണ് അവരും ഉറപ്പിച്ച് പറയുന്നത്. മുന്‍ നയതന്ത്ര പ്രതിനിധിയായ എഡ്മണ്ടോ ഗോണ്‍സാല്‍വസ് ഉറൂട്ടിയ ആണ് മഡുറോയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. 25 കൊലത്തെ ഷവിസ്‌മോ(ചവിസ്‌മോ- ഹ്യൂഗോ ഷാവേസുമായി ബന്ധപ്പെടുത്തി പറയുന്ന രാഷ്ട്രീയം) രാജ്യത്ത് അവസാനിപ്പിക്കാന്‍ മൃതുഭാഷിയും രാഷ്ട്രീയത്തിലെ പുതുമുഖവുമായ ഉറൂട്ടിയയ്ക്ക് സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം. പ്രമുഖ യാഥാസ്തിക വാദിയായ മരിയ കൊറിന മക്കാഡോയ്ക്ക് പകരമായാണ് ഉറൂട്ടിയ പ്രതിപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായത്. തെരഞ്ഞെടുപ്പില്‍ നില്‍ക്കുന്നതില്‍ മക്കാഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് ഉറൂട്ടിയ പകരമെത്തിയത്. മക്കാഡോ തന്റെ പിന്തുണ ഉറൂട്ടിയയ്ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയം ആഘോഷിക്കാന്‍ തങ്ങള്‍ തയ്യാറെടുത്തു കഴിഞ്ഞുവെന്നാണ് ഗോണ്‍സാല്‍വസ് ഉറൂട്ടിയ മാധ്യമങ്ങളെ കണ്ടപ്പോള്‍ പറഞ്ഞത്. വെനസ്വേലയുടെ മാത്രമല്ല, തെക്കനമേരിക്കയുടെ മൊത്തം മാറ്റത്തിനായിരിക്കും തെരഞ്ഞെടുപ്പ് ഫലം കാരണമാവുകയെന്നാണ് മക്കാഡോ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത്. ചരിത്രപരമായ തിരിച്ചടിയായിരിക്കും ഷാവേസ് രാഷ്ട്രീയത്തിന് നേരിടാന്‍ പോകുന്നതെന്നും മഡുറോ ഭരണകൂടം തൂത്തെറിയപ്പെടുമെന്നും അവര്‍ പറഞ്ഞു.
വെനസ്വേലയെ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധിയിലേക്കു തള്ളിയിട്ടു എന്ന വികാരം മഡുറോയ്‌ക്കെതിരേ വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. എഡ്മണ്ടോ ഗോണ്‍സാല്‍വസ് ഉറൂട്ടിയ്ക്ക് രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് യുവാക്കളടക്കം വിശ്വസിക്കുന്നതെന്നും പ്രതിപക്ഷം അവകാശപ്പെടുന്നുണ്ട്.
കാന്‍സറിന് കീഴടങ്ങിയുള്ള ഷാവേസിന്റെ അപ്രതീക്ഷിത വിയോഗമാണ് മഡുറോയെ അധികാരത്തിലിരുത്തിയതെങ്കിലും ജനങ്ങള്‍ക്ക് ഷാവേസിനോടുള്ള ആരാധനയോ വിശ്വാസമോ അദ്ദേഹത്തിന്റെ പിന്‍ഗാമിയിലില്ലായിരുന്നു. 2018 ലെ തെരഞ്ഞെടുപ്പില്‍ മഡുറോ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, പ്രതിപക്ഷം ബഹിഷ്‌കരിച്ച തെരഞ്ഞെടുപ്പ് എന്ന നിലയില്‍ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു മഡുറോയുടെ രണ്ടാമൂഴം.
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം മാധ്യമങ്ങളെ കണ്ട 61 കാരനായ മഡുറോ, തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എല്ലാം ശരിയായ രീതിയില്‍ തന്നെ നടക്കുമെന്നും, നാളെ മനോഹരമായൊരു ദിവസമായിരിക്കുമെന്നുമാണ് മഡുറോ പറഞ്ഞത്.
വെനസ്വേലയുടെ ഭാവിയില്‍ മറ്റ് തെക്കനമേരിക്കന്‍ രാജ്യങ്ങളും ആകാംക്ഷയിലാണ്. അര്‍ജന്റീന, കോസ്റ്റ റിക്ക, ഡൊമനിക്കന്‍ റിപ്പബ്ലിക്ക്, ഇക്വഡോര്‍, പാനമ, പരാഗ്വേ, പെറു, ഉറുഗ്വേ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്, തങ്ങള്‍ വെനസ്വേല തെരഞ്ഞെടുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. വോട്ടര്‍മാരെടുക്കുന്ന തീരുമാനം നിര്‍ണായകമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഈ ചരിത്രപരമായ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍, തങ്ങളുടെ ശബ്ദം ഉയര്‍ത്തുന്ന വോട്ടര്‍മാര്‍ക്കൊപ്പമാണ് അമേരിക്ക നില്‍ക്കുന്നതെന്നായിരുന്നു യു എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ് പറഞ്ഞത്. ജനഹിതം എന്തായാലും അത് അംഗീകരിക്കപ്പെടണമെന്നും കമല പറഞ്ഞു. venezuela president election nicolas maduro edmundo gonzalez urrutia
Content Summary; venezuela president election nicolas maduro and edmundo gonzalez urrutia