June 06, 2026 |
Share on

രണ്ടു ദിവസത്തിനുള്ളിൽ 20 ലക്ഷത്തിലധികം കാഴ്ച്ചക്കാർ; ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ടീസർ ശ്രദ്ധേയമാകുന്നു

അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്

ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘ലവ് ആക്ഷൻ ഡ്രാമ’യുടെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന്റെ ടീസറിന് ലഭിക്കുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇരുപത് ലക്ഷത്തിൽ അധികം കാഴ്ച്ചക്കാരാണ് ടീസർ യൂട്യൂബിൽ കണ്ടിരിക്കുന്നത്. ടീസർ റിലീസ് ചെയ്ത് ആദ്യ 10 മണിക്കൂറിനുള്ളിൽ തന്നെ 10 ലക്ഷം കാഴ്ച്ചക്കാർ പിന്നുടുകയാണ്. നിവിൻ പോളിയും നയൻ താരയും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം ഓണത്തിനാണ് തിയേറ്ററുകളിലെത്തുന്നത്. ഒരു ഫെസ്റ്റിവൽ മൂഡുള്ള ചിത്രമാണ് ‘ലവ് ആക്ഷൻ ഡ്രാമ’ എന്നാണ് ടീസർ നൽകുന്ന സൂചന.

ധ്യാൻ ശ്രീനിവാസൻ കഥയൊരുക്കി സംവിധാനം നിർവഹിച്ച ‘ലവ് ആക്ഷൻ ഡ്രാമ’യിൽ വിനീത് ശ്രീനിവാസൻ, അജു വർഗ്ഗീസ്, ശ്രീനിവാസൻ, ബേസിൽ ജോസഫ്, മല്ലിക സുകുമാരൻ, ഭഗത് മാനുവൽ, ദീപക് പറമ്പോൾ എന്നിവരും അഭിനയിക്കുന്നുണ്ട്. താരങ്ങൾക്കൊപ്പം ഉർവ്വശിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

ശ്രീനിവാസനും പാർവ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തിൽ കഥാപാത്രങ്ങൾക്ക് ധ്യാൻ നൽകിയിരിക്കുന്നത്. ദിനേശൻ ആയി നിവിൻ പോളി എത്തുമ്പോൾ ശോഭയായാണ് നയൻതാര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

×