July 16, 2026 |
Share on

വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യില്‍ വച്ച് ഈ വീഡിയോ കണ്ടാല്‍ നല്ല ക്ഷമ കിട്ടും: ഊര്‍മ്മിള ഉണ്ണിക്കെതിരെ വീണ്ടും സോഷ്യല്‍ മീഡിയ

നടി ആക്രമിക്കപ്പെട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഓണമല്ലേ വരാന്‍ പോകുന്നത് ഓണത്തിന് സദ്യ വിളമ്പുന്നതിമെപ്പറ്റി ചോദിക്കൂവെന്ന് ഊര്‍മ്മിള ഉണ്ണിയുടെ മറുപടി

ഇന്നലെ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് ഊര്‍മ്മിള ഉണ്ണി സംസാരിച്ച രീതിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടെല്ലാം അപഹാസ്യമായ രീതിയിലാണ് ഇവര്‍ സംസാരിച്ചത്. ഇതിന്റെ വീഡിയോ രാവിലെ മുതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

പരസ്പര ബന്ധമില്ലാത്ത സംസാരത്തിനൊപ്പം ഇവരുടെ ഭാവവും ചേഷ്ടകളും കാണുമ്പോള്‍ ഇവര്‍ക്ക് കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന് തോന്നിപ്പോകുമെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഷാഹിന നഫീസ പറയുന്നത്. ‘നിങ്ങളും ഒരു അമ്മയല്ലേ, മകളുടെ ഭാവിയില്‍ ആശങ്കയില്ലേ? ഇത്തരം ഒരു സംഭവം നടന്നതിനെ എങ്ങനെയാണ് ഇങ്ങനെ കാണാന്‍ സാധിക്കുന്നത് എന്ന ചോദ്യത്തിന് തികഞ്ഞ പരിഹാസമായിരുന്നു മറുപടി. ‘അമ്മേ.. അമ്മേ കാണണം..’ എന്നാണ് മാധ്യമപ്രവര്‍ത്തകരോട് ഇവര്‍ കൊഞ്ചിയത്.

കൂടാതെ നടി ആക്രമിക്കപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വേറെ എന്തെല്ലാം കാര്യങ്ങളുണ്ട്. മാധ്യമങ്ങള്‍ കുറച്ചുകൂടി പോസിറ്റീവ് ആകൂ. എന്റെ മകളുടെ ഷോര്‍ട്ട് ഫിലിമിനെക്കുറിച്ച് ചോദിച്ചു കൂടെ എന്നുള്ള ഉപദേശവും മറുചോദ്യവുമാണ് ഇവരുടെ ഭാഗത്തു നിന്നും ഉണ്ടായത്. ദിലീപിനെ തിരിച്ചെടുക്കാന്‍ ഊര്‍മ്മിള ഉണ്ണിയാണ് മുന്‍കൈയെടുത്തതെന്ന് കേട്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് അവരുടെ മറുപടി ഇങ്ങനെ:

‘അതിപ്പോ നമ്മടെ വീട്ടിലെ ജോലിക്കാരി വീട്ടീപ്പോയീന്ന് വിചാരിക്ക്യാ.. അയ്യോ! ഇനീതിപ്പോ നാളെ വര്വാവോന്നൊക്കെ ഒരു വീട്ടമ്മയ്ക്കുണ്ടാവണ ആകാംക്ഷില്യേ? അതുപോലൊരു ആകാംക്ഷ! അത്രേള്ളൂ! ഓണോക്ക്യല്ലേ വരാന്‍ പോണേ.. നിങ്ങള് ഓണത്തിന് സദ്യ വിളമ്പണേനെപ്പറ്റി ചോദിക്കൂ.. ഞാന്‍ മറുപടി പറയാം എത്രയെത്ര പോസിറ്റീവായ കാര്യങ്ങള് കിടക്ക്ണൂ.. ന്ന് ട്ടാ..!’

വീഡിയോ ഷെയര്‍ ചെയ്യുന്ന പലരും പറയുന്നത് വലംപിരിശംഖ് ഒരെണ്ണം വാങ്ങി കയ്യില്‍പ്പിടിച്ച് കണ്ടാ മതി നല്ല ക്ഷമ കിട്ടും എന്നാണ്. ദിലീപിനെ സംഘടനയില്‍ തിരികെയെടുക്കുന്നില്ലേയെന്ന് എഎംഎംഎ യോഗത്തില്‍ ചോദിച്ചത് ഊര്‍മ്മിള ഉണ്ണിയാണ്. ഈ തീരുമാനത്തെ എല്ലാവരും കയ്യടിച്ച് പാസാക്കുകയായിരുന്നു. ഊര്‍മ്മിള ഉണ്ണിയുടെ നിലപാടിലും ചോദ്യത്തിലുമുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഈ പരിഹാസ്യമായ വീഡിയോകളും പ്രചരിക്കുന്നത്.

https://www.azhimukham.com/culture-boycott-continues-in-urmilaunni-attending-basheer-award-programme-reports-anjali/

Leave a Reply

Your email address will not be published. Required fields are marked *

×