March 15, 2025 |
Share on

‘ഭ​​ഗവാന്റെയല്ല, അംബേദ്കർ എന്ന പേര് തന്നെയാണ് ഓരോ ഇന്ത്യൻ പൗരനും ഉരുവിടേണ്ടത്’

അംബദ്കർ ‘ഫാഷൻ’ ആയെന്ന് അമിത് ഷാ, വ്യാപക പ്രതിഷേധം

ഡോ. ബി ആർ അംബേദ്കറെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ നടത്തിയ പരാമർശം വലിയ വിവാദമായിരിക്കുകയാണ്. പ്രതിപക്ഷം ഷായ്ക്കെതിരേ പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്. അംബേദ്കർക്കെതിരെയുള്ള അമിത് ഷായുടെ പരാമർശം ഭയം നിറഞ്ഞതും പരിഹരിക്കാൻ സാധിക്കാത്തതുമായ നിരവധി കാരണങ്ങൾ ഉള്ളതാണെന്നാണ് ചരിത്ര ​ഗവേഷകനും എഴുത്തുകാരനുമായ വിനിൽ പോൾ പറയുന്നത്. ഇന്ത്യൻ സമൂഹത്തിൽ മനുഷ്യൻ, മനുഷ്യത്വം എന്നിവ അവതരിപ്പിച്ച അംബേദ്കറുടെ പേരാണ് ഏതൊരു ഇന്ത്യൻ പൗരനും ഉരുവിടേണ്ടതെന്നും അംബേദ്കറുടെ ആശയങ്ങൾ ബിജെപിയുടെ അജണ്ടയുമായി അടിസ്ഥാനപരമായി വിയോജിക്കുന്നുവെന്നും വിനിൽ പോൾ അഴിമുഖത്തോട് പറഞ്ഞു. Amit Shah’s reference to Ambedkar

‘അമിത് ഷായുടെ പരാമർശനത്തിന് പിന്നിൽ ഭയം നിറഞ്ഞതും പരിഹരിക്കാൻ സാധിക്കാത്തതുമായ നിരവധി കാരണങ്ങൾ ഉണ്ടെന്ന് തോന്നുന്നു.
മുൻ ജന്മ പാപം, പുണ്യം എന്നീ സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യൻ എന്ന പദം അപരിചിതമായിരുന്ന ഇന്ത്യൻ സമൂഹത്തിൽ മനുഷ്യൻ, മനുഷ്യത്വം എന്നിവ അവതരിപ്പിച്ച അംബേദ്കറുടെ പേരാണ് ഏതൊരു ഇന്ത്യൻ പൗരനും ഉരിവിടേണ്ടത്. എക്കാലത്തും അംബേദ്കറുമായുള്ള ബിജെപിയുടെ അസ്വാരസ്യത്തിന് കാരണം അദ്ദേഹം ഹിന്ദുത്വയുടെ സാമൂഹികവും പ്രത്യയശാസ്ത്രപരവുമായ അടിത്തറയെ നേരിട്ട് വിമർശിച്ചിരുന്നു എന്നതിനാലാണ്. കഴിഞ്ഞ കുറച്ചു നാളുകളായി രാഷ്ട്രീയ നേട്ടത്തിനായി ബിജെപി അദ്ദേഹത്തെ ആദരിക്കാൻ ശ്രമിക്കുമ്പോൾ, ജാതിയെയും മതത്തെയും കുറിച്ചുള്ള അംബേദ്കറുടെ വിപ്ലവകരമായ ആശയങ്ങൾ അവരുടെ വിശാലമായ അജണ്ടയുമായി അടിസ്ഥാനപരമായി വിയോജിക്കുന്നു’.

‘അവർ ആളുകളെ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുന്ന ചരിത്ര /സാമൂഹിക വാദങ്ങൾക്ക് വിപരീത ദിശയിലാണ് അംബേദ്കർ നിലനിൽക്കുന്നത്. ലോകമെമ്പാടുമുള്ള സർവകലാശാലകളിൽ അംബേദ്കർ ഒരു പഠന വിഷയമാകുന്നതും ഇന്ത്യയുടെ ഭൂതകാലത്തേയും സമകാലിക അരാഷ്ട്രീയ അവസ്ഥയേയും വിവരിക്കുവാൻ അംബേദ്‌കർ ചിന്താ പദ്ധതി സഹായകരമായി തീരുന്നതും ബിജെപിയുടെ നേതാക്കൾക്ക് ഒട്ടും തന്നെ പിടിക്കുന്നില്ല. ഇന്ന് ദളിതരുടെയും പിന്നാക്ക ജാതികളുടെയും രാഷ്ട്രീയ മുന്നേറ്റത്തിന്റെ ഐക്കൺ ആയി മാറുന്നത് അംബേദ്‌കർ ഒരാൾ മാത്രമാണ്. ജാതി നിലനിർത്തി വളരുന്നു ബിജെപിക്ക് അംബേദ്‌കർ ആശയങ്ങളോട് ഒരു കടുക് മണി വലുപ്പത്തിൽപോലും വിമർശനം ഉന്നയിക്കാൻ സാധിക്കില്ല’, വിനിൽ പോൾ പറഞ്ഞു.

അമിത് ഷാ പറഞ്ഞത്

‘അംബേദ്‌കർ, അംബേദ്‌കർ, അംബേദ്‌കർ…. ഇപ്പോൾ ഇതൊരു ഫാഷനായിരിക്കുകയാണ്‌. ഇങ്ങനെ പറയുന്നതിന്‌ പകരം ഭഗവാന്റെ നാമം ഇത്രയും തവണ ഉച്ചരിച്ചിരുന്നെങ്കിൽ അവരിപ്പോൾ സ്വർഗത്തിൽ പോകുമായിരുന്നു’, ഭരണഘടനാ ശിൽപിയായ ബി ആർ അംബേദ്‌കറിനെക്കുറിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്‌ ഷാ ചൊവ്വാഴ്‌ച രാജ്യസഭയിൽ നടത്തിയ ഈ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ്‌ ഉയരുന്നത്‌. അംബേദ്‌കറെ അപമാനിച്ചുവെന്നാരോപിച്ച്‌ കോൺഗ്രസ്‌ അമിത്‌ ഷായുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്‌. അമിത്‌ ഷാ അംബേദ്‌കറെയും ഭരണഘടനെയുമാണ്‌ അപമാനിച്ചതെന്നും പരസ്യമായി മാപ്പ്‌ പറയണമെന്നും കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പാർലമെന്റ്‌ വളപ്പിലും സഭയിലും അംബേദ്‌കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയാണ്‌ പ്രതിപക്ഷം പ്രതിഷേധിച്ചത്‌.

വ്യാപക പ്രതിഷേധം

രാജ്യത്തുടനീളമുള്ള എല്ലാ രാജ്‌ഭവനുകളും കേന്ദ്രീകരിച്ച്‌ പ്രതിഷേധ മാർച്ച്‌ സംഘടിപ്പിക്കുമെന്ന്‌ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. അതേസമയം, അമിത്‌ ഷാക്കെതിരെ പ്രതിഷേധം ശക്തമായപ്പോൾ പിന്തുണയുമായി പ്രധാന മന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരിക്കുകയാണ്‌. വിദ്വേഷം പ്രചരിപ്പിക്കുന്നതിലൂടെ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ദുഷ്‌പ്രവൃത്തികൾ മറയ്‌ക്കാൻ സാധിക്കുമെന്നാണ്‌ കോൺഗ്രസ്‌ തെറ്റിദ്ധരിക്കുന്നതെന്നും എന്നാൽ ജനങ്ങൾക്ക്‌ സത്യമറിയാമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അംബേദ്‌കറെ അപകീർത്തിപ്പെടുത്തുന്ന പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കാൾ ഒന്നടങ്കം രംഗത്തെത്തിയിരിക്കുകയാണ്‌. മനുസ്‌മൃതിയെ പിന്തപടരുന്നവർക്ക്‌ സ്വാഭാവികമായും അംബേദ്‌കറോട്‌ പ്രശ്‌നമുണ്ടാകുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. ബിജെപി നേതാക്കളുടെ ചിന്താഗതിയെന്താണെന്ന്‌ അമിത്‌ ഷാ കാണിച്ചു തന്നുവെന്നും രാജ്യത്തെ ദളിതരെ അപമാനിക്കുന്ന പരാമർശമാണ്‌ അമിത്‌ ഷായിൽ നിന്നും ഉണ്ടായതെന്നും കോൺഗ്രസ്‌ എംപി നീരജ്‌ ഡാംഗി പറഞ്ഞു.

ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര എന്ന ചർച്ചക്ക്‌ പാർലമെന്റിൽ മറുപടി പറയുന്നതിനിടെയായിരുന്നു അമിത്‌ ഷായുടെ വിവാദ പ്രസ്‌താവന. ഭരണഘടനാ ശിൽപിയും ദളിത്‌ നേതാവുമായ അംബേദ്‌കറിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടുമുള്ള എതിർപ്പ്‌ ബിജെപി സർക്കാർ പ്രകടിപ്പിക്കുന്നത്‌ ആദ്യമായല്ല. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തിരുത്തുകയും അതിൽ നിന്ന്‌ സോഷ്യലിസ്‌റ്റ്‌ പദം ഒഴിവാക്കുകയും ചെയ്‌തത്‌ വിവാദങ്ങൾക്ക്‌ ഇടയാക്കിയിരുന്നു. 2018ൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ്‌ സർക്കാർ ഡോ. ഭീം റാവു അംബേദ്‌കറെന്ന പേര്‌ മാറ്റി ഭീം റാവു രാംജി അംബേദ്‌കറെന്നാക്കിയതും ചർച്ചയായിരുന്നു. അംബേദ്‌കറെ രാമഭക്തനാക്കി ചിത്രീകരിക്കാനുള്ള ബിജെപിയുടെ അജണ്ടയാണെന്ന്‌ അന്ന്‌ വിഷയത്തിൽ അംബേദ്‌കറുടെ കൊച്ചുമകനായ പ്രകാശ്‌ അംബേദ്‌കർ പ്രതികരിച്ചിരുന്നു. ന്യൂനപക്ഷളെ അനിശ്ചിതത്വത്തിലാക്കുന്ന നിലപാടുകളാണ്‌ എപ്പോഴും ബിജെപി സർക്കാർ കൈക്കൊണ്ടിട്ടുള്ളത്‌. ആരെയും ഞങ്ങളുടെ സർക്കാർ മാറ്റിനിർത്തിയിട്ടില്ലെന്ന്‌ ദേശീയ നേതാക്കളടക്കം പറയുമ്പോഴും പലപ്പോഴും അവർക്ക്‌ നീതി നിഷേധിക്കപ്പെടുന്ന സന്ദർഭങ്ങൾ രാജ്യത്ത്‌ സംഭവിക്കുന്നുണ്ട്‌ എന്നത്‌ വ്യക്തമാണ്‌. എന്നാൽ ഇത്തരം ആരോപണങ്ങളെയെല്ലാം ബിജെപി സർക്കാർ നിഷേധിക്കുകയാണ്‌ ചെയ്‌തിട്ടുള്ളത്‌. രാജ്യസഭയിൽ അംബേദ്‌കറെക്കുറിച്ച്‌ നടത്തിയ ഈ പരാമർശവും അതിലൊന്നാണ്‌. Amit Shah’s reference to Ambedkar 

Content Summary: Vinil Paul responded to Amit Shah’s reference to Ambedkar

Amit Shah Ambedkar Political reference BJP

×