പബുകളില്‍ പോയി നൃത്തം ചെയ്യുകയും മദ്യപിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികളെ ആണ്‍കുട്ടികള്‍ തല്ലണമെന്ന് വിശ്വഹിന്ദു പരിഷദ് നേതാവ്. വിഎച്ച്പി മംഗലാപുരം സെക്രട്ടറി ഷരണ്‍ പംപ് വെല്‍ ആണ് ദ ക്വിന്റിനോട് ഇക്കാര്യം പറഞ്ഞത്. ഏതെങ്കിലും പെണ്ണുങ്ങളെ ആണുങ്ങള്‍ ഇത്തരത്തില്‍ കൈകാര്യം ചെയ്യുകയാണെങ്കില്‍ അത് വളരെ നല്ല കാര്യമായിരിക്കും. ഒരു യുവതി പബില്‍ പോയാല്‍ അവള്‍ അവിടെ മദ്യപിക്കും. ലഹരിമരുന്ന ഉപയോഗിക്കും. ഈ പബുകളില്‍ സെക്‌സ് മാഫിയയുമുണ്ട്. ഇത് കണ്ട് മിണ്ടാതിരിക്കാന്‍ കഴിയുമോ. മാംഗളൂര്‍ ഒരു സാംസ്‌കാരിക പൈതൃക കേന്ദ്രമാണ്. മഹത്തായ സംസ്‌കാരമാണ് ഈ സ്ഥലത്തിനുള്ളത്. ഇത്തരം കാര്യങ്ങള്‍ ഇവിടെ അനുവദിക്കാനാവില്ല – വിഎച്ച്പി നേതാവ് പറഞ്ഞു.
കര്‍ണാടകയുടെ തീരദേശ മേഖലകളില്‍ ബിജെപിക്ക് വേണ്ടി തിരെഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്നു ഈ ബജ്രംഗ് ദള്‍ ഭാരവാഹി. തീരദേശ മേഖലയില്‍ ഹിന്ദുക്കള്‍ മാത്രമേ ജയിക്കാന്‍ പാടൂ എന്നും അതുകൊണ്ട് ബജ്രംഗ് ദളും വിഎച്ച്പിയും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ശക്തമായ പ്രചാരണവുമായി രംഗത്തിറങ്ങിയതായും ഷരണ്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ വോട്ട് ചെയ്യാവൂ എന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്്. ഹിന്ദുക്കളെ പിന്തുണക്കുന്ന സര്‍ക്കാരാണ് കര്‍ണാടകയില്‍ നമുക്ക് ആവശ്യമെന്നാണ് ഞങ്ങള്‍ വീടുകള്‍ തോറും കയറി പറഞ്ഞത് – ഷരണ്‍ പറഞ്ഞു.