വനിതകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് നീക്കിയ സൗദി സര്‍ക്കാറിന്റെ ചരിത്രപരമായ തീരുമാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് വാഹന നിര്‍മാതാക്കളായ ഓഡി പുറത്തിറക്കിയ പരസ്യചിത്രം ശ്രദ്ധേയമാവുന്നു. കഴിഞ്ഞ ജൂണ്‍ 24 ന് പുറത്തിറക്കിയ പരസ്യം ഒരു മാസം പിന്നിട്ടിട്ടും ഹിറ്റ് ചാര്‍ട്ടില്‍ നിന്നും പിറകോട്ട് പോയിട്ടില്ല. ആന്നേ ദിവസം തന്നെയായിരുന്നു വനിതകളെ വാഹനം ഓടിക്കാന്‍ സ്വാതന്ത്രം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് സൗദി ഭരണകുടം പുറത്തിറക്കിയതും.
തനിക്കൊപ്പമുള്ള സ്ത്രീക്ക് വാതിലുകള്‍ തുറന്നു നല്‍കുന്ന പുരുഷനിലാണ് പരസ്യം ആരംഭിക്കുന്നത്. എന്നാല്‍ തങ്ങളുടെ കാറിനടുത്തെത്തുമ്പോള്‍ പുരുഷന് വാതില്‍ തുറന്നു നല്‍കി ഡ്രൈവിങ്ങ് സീറ്റ് തിരഞ്ഞെടുക്കുന്ന സ്ത്രീയുമാണ് പരസ്യത്തിലുള്ളത്. മികച്ച പശ്ചാത്തല സംഗീതവും ദൃശ്യഭംഗിയും ഒത്തുചേര്‍ന്നതോടെ പരസ്യം വൈറലാവുകയായിരുന്നു.
വനിത അവകാശ പ്രവര്‍ത്തകരുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന്റെ ഫലമായിട്ടായിരുന്നു സൗദി ഭരണകൂടത്തിന്റെ ചരിത്രപരമായ തീരുമാനം. കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ പുരോഗമന ഭരണ പരിഷ്‌കാരണ നയങ്ങളും ഡ്രൈവിങ്ങ് സീറ്റിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിന് വഴിയൊരുക്കുകയായിരുന്നു. നേരത്തെ പുറത്തിറങ്ങാനടക്കം പുരുഷന്മാരായ ബന്ധുക്കളുടേയോ ഡ്രൈവര്‍മാരുടേയോ സഹായം തേടാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരായിരുന്നു.