പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിന പി ആർ പൊളിച്ച് വിശ്വനാഥൻ ആനന്ദിന്റെ കൈപ്പിഴ. മോദിയ്ക്ക് ജന്മദിനാശംസ നേർന്ന് കൊണ്ടുള്ള വിശ്വനാഥൻ ആനന്ദിന്റെ എക്സ് പോസ്റ്റിലെ ‘ജീ’ ആണ് പി ആർ തന്ത്രത്തിന് തിരിച്ചടിയായത്. ആനന്ദിന്റെ എക്‌സ് പോസ്റ്റിൽ “വിശ്വനാഥൻ ആനന്ദ് ജി” എന്നാണ് നൽകിയിരുന്നത്. ഇത് ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതോടെ മാരക ട്രോളുകൾക്കാണ് വഴിവച്ചത്.
പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ആരംഭിച്ച #MyModiStory എന്ന പ്രചാരണത്തിന്റെ ഭാഗമായി നിരവധി പ്രമുഖർ ആശംസകൾ നേർന്നിരുന്നു. അതിലൊരാളായിരുന്നു വിശ്വനാഥൻ ആനന്ദും. എന്നാൽ, അദ്ദേഹം പോസ്റ്റ് ചെയ്ത സന്ദേശത്തിന്റെ തുടക്കത്തിൽ “വിശ്വനാഥൻ ആനന്ദ് ജി” എന്നാണ് ഉണ്ടായിരുന്നത്. ഇത് മറ്റാരോ തയ്യാറാക്കിയ സ്ക്രിപ്റ്റാണെന്നും ആനന്ദ് അത് അതുപോലെ കോപ്പി-പേസ്റ്റ് ചെയ്തതാണെന്നും വ്യക്തമാണ്. ഇത് വ്യാപകമായി പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾക്ക് കാരണമായി.
പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്തപ്പോൾ ‘വിശ്വനാഥൻ ആനന്ദ് ജി’ എന്ന് മാറ്റാൻ അദ്ദേഹം മറന്നുപോയി. ഈ പോസ്റ്റ് ഉടൻ തന്നെ ഡിലീറ്റ് ചെയ്യുകയും “വിശ്വനാഥൻ ആനന്ദ് ജി” എന്ന ഭാഗം ഒഴിവാക്കി വീണ്ടും പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ അപ്പോഴേക്കും ആളുകൾ അതിൻ്റെ സ്ക്രീൻഷോട്ടുകൾ എടുത്തു കഴിഞ്ഞിരുന്നു.
ബിജെപി നയിക്കുന്ന #MyModiStory ക്യാമ്പെയ്ൻ്റെ ഭാഗമായ പോസ്റ്റിൽ, അഹമ്മദാബാദിലെ ടൂർണമെന്റുകൾക്കിടെ ഗുജറാത്തി താലി കഴിച്ചിന്റെ സ്മരണകളാണ് ആനന്ദ് പങ്കുവച്ചത്. “എന്റെ ചെസ്സ് യാത്രയിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ചില ഓർമ്മകൾ മനസ്സിൽ തങ്ങിനിൽക്കുന്നു. വർഷങ്ങൾക്ക് മുമ്പ്, ഞാൻ അഹമ്മദാബാദിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കളിച്ചപ്പോൾ, എനിക്ക് ഒരു ചെറിയ ശീലമുണ്ടായിരുന്നു: ഒരു ഗുജറാത്തി താലി കഴിച്ച് സ്വയം സന്തോഷിപ്പിക്കുക. ഞാൻ വിലമതിച്ചിരുന്ന ഒരു ചെറിയ സന്തോഷമായിരുന്നു അത്. എന്റെ ജീവിതത്തിലെ ഈ ചെറിയ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിജി ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിരുന്നില്ല.” ഗുജറാത്തി ഭക്ഷണത്തോടുള്ള തൻ്റെ ഇഷ്ടം കേട്ടപ്പോൾ, മോദി പെട്ടെന്ന് തന്നെ ഒരുമിച്ച് ഭക്ഷണം കഴിക്കാൻ പോകാൻ നിർദ്ദേശിച്ചത് ഞാൻ ഓർത്തെടുക്കുന്നുവെന്ന് ആനന്ദ് കുറിച്ചത്. ബിജെപിയുടെ ഐടി സെൽ തയ്യാറാക്കിയ ഈ സന്ദേശം ആനന്ദ് യാതൊരു മാറ്റവുമില്ലാതെയാണ് പ്രസിദ്ധീകരിച്ചത്. അതേസമയം, അനുകൂലിക്കുന്നവർ ഇത് ഒരു ചെറിയ സാങ്കേതിക പിഴവ് മാത്രമാണെന്ന് പറഞ്ഞ് വിവാദം തള്ളിക്കളഞ്ഞു. ഈ വിഷയത്തിൽ വിശ്വനാഥൻ ആനന്ദോ ബിജെപിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
content summary: Chess Grandmaster Viswanathan Anand Shares BJP IT Cell’s Scripted Birthday Message for Modi on X
Leave a Comment