വി കെ ക്യഷ്ണമേനോന്‍ എന്ന വിശ്വപൗരന്‍

വി കെ ക്യഷ്ണമേനോന്റെ അന്‍പതാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്

v k krishna menon

കേരളത്തില്‍ നിന്നുള്ള ആദ്യ വിശ്വപൗരന്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം മാത്രം: വി.കെ. കൃഷ്ണ മേനോന്‍. പത്മവിഭൂഷന്‍ ലഭിച്ച ആദ്യ മലയാളി. നയതന്ത്രരംഗത്ത് നെഹ്‌റുവിന് ചാണക്യ തന്ത്രങ്ങള്‍ ഉപദേശിച്ചു കൊടുത്തിരുന്ന കൃഷ്ണമേനോനെ പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത് ഇന്ത്യന്‍ റാസ്പുട്ടിന്‍ എന്നായിരുന്നു. ഇന്ത്യന്‍ തപാല്‍ സ്റ്റാമ്പിലൂടെ 2 പ്രാവശ്യം ആദരിക്കപ്പെട്ട ആദ്യ മലയാളി എന്ന വിശേഷണവും വി കെ കൃഷ്ണമേനോന് ലഭിച്ചിട്ടുണ്ട്. 1971 ഇഎംഎസിന്റെ പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി സ്വന്തം സ്ംസ്ഥാനത്ത് നിന്ന് ലോക്‌സഭയിലെത്തി. 1974 ല്‍ മരണമടയുന്നത് വരെ പാര്‍ലമെന്റ്അംഗമായിരുന്നു. വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന വി.കെ. കൃഷ്ണമേനോന്‍. അവിവാഹിതനായിരുന്ന കൃഷ്ണമേനോന്‍ 78ആം വയസ്സില്‍ 1974 ഒക്ടോബര്‍ 6നു ഡല്‍ഹിയില്‍ വെച്ചു മരണമടഞ്ഞു. വി കെ ക്യഷ്ണമേനോന്റെ അന്‍പതാം ചരമ വാര്‍ഷിക ദിനമാണ് ഇന്ന്.

കോഴിക്കോട് ജില്ലയിലെ പന്നിയങ്കര ഗ്രാമത്തിലെ സമ്പന്ന കുടുംബമായ വെങ്ങാലില്‍ കുടുബത്തിലാണ് വി.കെ. കൃഷ്ണമേനോന്‍ ജനിച്ചത്. അച്ഛന്‍ കോമത്ത് കൃഷ്ണക്കുറുപ്പ് കോഴിക്കോട് കോടതിയിലെ വക്കീലായിരുന്നു. 1815 മുതല്‍ 1817 വരെ തിരുവിതാംകൂര്‍ ദിവാനായിരുന്ന രാമന്‍ മേനോന്റെ പൗത്രി ആയിരുന്നു മാതാവ്. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരിയിലയിരുന്നു. കോഴിക്കോട് സാമൂതിരി കോളേജില്‍ ഉന്നതവിദ്യാഭ്യാസത്തിനായി ചേര്‍ന്നു. പിന്നീട് അദ്ദേഹം മദ്രാസ് പ്രസിഡന്‍സി കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളേജില്‍ വച്ച് ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനാവുകയും ആനി ബസന്റ് ആരംഭിച്ച ഹോംറൂള്‍ പ്രസ്ഥാനത്തില്‍ ചേരുകയും ചെയ്തു. ആനീബസന്റ് തുടക്കം കുറിച്ച ബ്രദേഴ്‌സ് ഓഫ് സര്‍വ്വീസ് എന്ന സംഘടനയുടെ നേതൃത്വം വി. കെ. കൃഷ്ണമേനോനായിരുന്നു. ആനിബസന്റാണ് വി.കെ. കൃഷ്ണമേനോനെ ഇംഗ്ലണ്ടിലേക്ക് ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യം ചെയ്ത് കൊടുത്തത്.

ഡല്‍ഹിയിലെ ലൂട്ടിയന്‍സ് തെരുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന ഒട്ടേറെ പ്രതിമകളുണ്ട്. എന്നാല്‍ മലയാളിയായ ഒരാളുടെ പ്രതിമ മാത്രമേ കാണുവാന്‍ സാധിക്കൂ. അത് മറ്റാരുടേയുമല്ല, വി കെ കൃഷ്ണമേനോന്റെ പ്രതിമ.  അതുപോലെ, രാജ്യതലസ്ഥാനത്ത് സ്വന്തം പേരില്‍ ഒരു റോഡ് ഉള്ള മലയാളിയും മേനോന്‍ മാത്രമാണ്; കൃഷ്ണ മേനോന്‍ മാര്‍ഗ്. അത്രമാത്രം പ്രാധാന്യം അദ്ദേഹത്തിന് ഇന്ത്യന്‍ രാഷ്ട്രീയം നല്‍കിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്രരംഗത്തെ ഇടപെടലുകള്‍ പ്രധാനമായും വി കെ കൃഷ്ണമേനോനിലൂടെ ആയിരുന്നു. രാജ്യം അദ്ദേഹത്തിന് പത്മവിഭൂഷന്‍ നല്‍കി ആദരിക്കുകയുണ്ടായി. പത്മവിഭൂഷന്‍ ലഭിച്ച ആദ്യ മലയാളിയും കൃഷ്ണമേനോന്‍ തന്നെ.

വി കെ കൃഷ്ണമേനോന്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്വാതന്ത്ര്യ സമര സേനാനി തന്നെയായിരുന്നു. അദ്ദേഹം ഇംഗ്ലണ്ടില്‍ ചെല്ലുകയും, ഇന്ത്യാ ലീഗിന്റെ സജീവ പ്രവര്‍ത്തകനായും, സെക്രട്ടറിയായും സേവനമനുഷ്ടിച്ചു. സജീവമായി ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പ്രവര്‍ത്തിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാനുള്ള പ്രധാന വ്യക്തിത്വമായി അദ്ദേഹം മാറിയത് അങ്ങനെയാണ്. ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ ഇന്ത്യക്കാരുടെ വികാരം എത്തിക്കുന്നതിന് വി കെ കൃഷ്ണമേനോന്‍ വഹിച്ച പങ്ക് അത്രമാത്രം വലുതാണ.് സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ അടിമയായി കണ്ട ബ്രിട്ടനില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായി അദ്ദേഹം നിയമിതനായി എന്നുള്ളത് എടുത്തു പറയേണ്ട ഒന്നാണ്. ബ്രിട്ടനില്‍ നിന്ന് ഇന്ത്യയിലേക്ക് വന്നതിനുശേഷമാണ് അദ്ദേഹം സജീവമായ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. നെഹ്‌റുവുമായിട്ടുള്ള വ്യക്തി ബന്ധമാണ് അദ്ദേഹത്തെ രാഷ്ട്രീയ രംഗത്ത് സജീവമാക്കിയത്.

1930കളില്‍ നെഹ്‌റുവുമൊത്ത് വി.കെ. കൃഷ്ണമേനോന്‍ ജനറല്‍ ഫ്രാങ്കോയുടെ യുദ്ധം കാണുവാനായി സ്‌പെയിനിലേക്കു പോയി. അപകടകരമായ ഈ യാത്ര ഇരുവരെയും തമ്മില്‍ അടുപ്പിച്ചു. നെഹ്‌റുവിന്റെ മരണംവരെ ഇരുവരും അന്യോന്യം തികഞ്ഞ വിശ്വസ്തതയും സൗഹൃദവും പുലര്‍ത്തി. നെഹ്‌റുവിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്നത് കൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ദ്വിതീയന്‍ എന്ന് അദ്ദേഹത്തെ ടൈം മാസിക പോലും വിശേഷിപ്പിച്ചിട്ടുണ്ട്. നെഹ്‌റുവിന്റെ സുഹൃത്തും സെന്റ് പാന്‍ക്രാസിലെ ലേബര്‍ കൗണ്‍സിലറും ലണ്ടനിലെ ഇന്ത്യന്‍ ലീഗിന്റെ നേതാവുമായിരുന്ന ഇന്ത്യന്‍ അഭിഭാഷകനായിരുന്നു വി കെ കൃഷ്ണമേനോന്‍.

നയതന്ത്ര പ്രതിനിധി, രാഷ്ട്രീയപ്രവര്‍ത്തകന്‍ എന്നതിലുപരി ഒരു എഴുത്തുകാരന്‍ കൂടിയായിരുന്നു വി.കെ. കൃഷ്ണമേനോന്‍. 1930കളില്‍ അല്ലെന്‍ ലേനുമായി ചേര്‍ന്ന് അദ്ദേഹം പെന്‍ഗ്വിന്‍, പെലിക്കണ്‍ എന്നീ പ്രശസ്തമായ പുസ്തക പ്രസാധക കമ്പനികള്‍ സ്ഥാപിച്ചു. ബോള്‍ഡ്‌ലി ഹെഡ്, പെന്‍ഗ്വിന്‍ ബുക്‌സ്, പെലിക്കണ്‍ ബുക്‌സ്, റ്റ്വെല്‍ത് സെഞ്ചുറി ലൈബ്രറി എന്നിവയില്‍ ലേഖകനായി പ്രവര്‍ത്തിച്ചു. പെന്‍ഗ്വിന്‍ ബുക്‌സിന്റെ ആദ്യകാല എഡിറ്റര്‍മാരിലൊരാള്‍ കൂടിയാണ് അദ്ദേഹം.

1952 മുതല്‍ 1962 വരെ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥാനപതിയായിരുന്നു വി.കെ. കൃഷ്ണമേനോന്‍. മേനോന്‍ അമേരിക്കന്‍ നയങ്ങളെ എതിര്‍ക്കുകയും ചൈനയെ പല അവസരങ്ങളിലും പിന്താങ്ങുകയും ചെയ്തു. വി. കെ കൃഷ്ണമേനോന്റെ പ്രസംഗ വൈഭവം പ്രസിദ്ധമാണ്. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് നീണ്ട 8 മണിക്കൂറാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിച്ചത്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയത് ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു. ഇതുവരെ തിരുത്തപ്പെടാത്ത ഒരു ഗിന്നസ് റെക്കോര്‍ഡാണ് ഈ സുദീര്‍ഘ പ്രസംഗം. ലോകശ്രദ്ധയില്‍ വന്ന അദ്ദേഹത്തെ അന്ന് വിശേഷിപ്പിച്ചത് ഹീറോ ഓഫ് കശ്മീര്‍ എന്നായിരുന്നു. 1957 ജനുവരി 23നു ഇന്ത്യയുടെ കശ്മീര്‍ പ്രശ്‌നത്തിലെ ചേരി ചേരാ പ്രസ്ഥാനത്തിന് രൂപം കൊടുക്കുന്നതിന് അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.

ഇംഗ്ലണ്ടിലെ 27 വര്‍ഷത്തെ താമസത്തിന് ശേഷം 1952-ല്‍ വി കെ കൃഷ്ണമേനോന്‍ ഇന്ത്യയിലേക്ക് മടങ്ങി. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങുകയും, ലോകസഭയിലേക്കും, രാജ്യസഭയിലേക്കും നിരവധി തവണ വിവിധ മണ്ഡലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 1953-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും 1956-ല്‍ പോര്‍ട്ട്‌ഫോളിയോ ഇല്ലാത്ത മന്ത്രിയും 1957-ല്‍ പ്രതിരോധ മന്ത്രിയും ആയി. പ്രതിരോധ മന്ത്രിയെന്ന നിലയില്‍, അദ്ദേഹം തന്റെ ഓഫീസില്‍ പുതിയ ഊര്‍ജ്ജം കൊണ്ടുവരികയും ദൂരവ്യാപകമായ നിരവധി മാറ്റങ്ങള്‍ കൊണ്ടുവരികയും ചെയ്തു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സജീവമായ വി കെ കൃഷ്ണമേനോന്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആയത് പലരെയും ശത്രുക്കളാക്കി. ഒട്ടേറെ പരിഷ്‌കാരങ്ങളാണ് പ്രതിരോധ മന്ത്രി എന്നുള്ള നിലയില്‍ അദ്ദേഹം നടപ്പിലാക്കിയത്. സൈന്യത്തിലെ പദവികളില്‍ സീനിയോറിറ്റിക്ക് പകരം മെറിറ്റ് ആകണം എന്ന മാനദണ്ഡം നിര്‍ദ്ദേശിച്ചതും ഏറെ ശത്രുക്കളെ ക്ഷണിച്ചുവരുത്തി. സൈനിക സ്‌കൂളുകള്‍, പാര്‍ലമെന്ററി കമ്മിറ്റി ഓണ്‍ പബ്ലിക് അണ്ടര്‍ ടേക്കിംഗ്‌സ് എന്നിവ ഇദ്ദേഹത്തിന്റെ ആശയങ്ങളാണ്.

വി കെ കൃഷ്ണമേനോന് എതിരെ ഒരു ആരോപണത്തിനുള്ള കാരണം കണ്ടെത്തുവാനുള്ള തീവ്രശ്രമത്തില്‍ ആയിരുന്നു ശത്രുപക്ഷം. ഒടുവില്‍ ബ്രിട്ടനില്‍ നയതന്ത്ര പ്രതിനിധി ആയിരിക്കുന്ന അവസരത്തില്‍ ബ്രിട്ടനില്‍ നിന്ന് പ്രതിരോധ മന്ത്രാലയം ജീപ്പ് വാങ്ങിയതില്‍ ക്രമക്കേട് ചൂണ്ടിക്കാട്ടി ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടു. ലണ്ടനിലെ ഹൈകമ്മിഷണറായിരിക്കെ 1948ല്‍ ഇന്ത്യന്‍ സൈന്യത്തിനായി വാങ്ങിയ ജീപ്പ് ഇറക്കുമതിയില്‍ പ്രോട്ടോകോള്‍ തെറ്റിച്ച് വ്യാപാരത്തിന് തിടുക്കം കൂട്ടി എന്നതായിരുന്നു ആരോപണം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതി ആരോപണം അങ്ങിനെ വി കെ കൃഷ്ണമേനോന്റെ പേരിലായി. മുണ്ഡര ജീപ്പ് കുംഭകോണം എന്നായിരുന്നു ഈ ആരോപണം അറിയപ്പെട്ടത്.

വി കെ കൃഷ്ണമേനോന്റെ നയങ്ങളും രീതികളും കനത്ത വിമര്‍ശനത്തിന് വിധേയമായി. 1962 ഒക്ടോബറില്‍ ഇന്ത്യാ-ചൈനാ യുദ്ധത്തിലെ പരാജയത്തെയും ഇന്ത്യന്‍ സൈന്യത്തിന്റെ തയ്യാറെടുപ്പില്ലായ്മയെയും കാരണം അദ്ദേഹത്തിന് പ്രതിരോധ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നു. 1967ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. നെഹ്‌റുവിന്റെ മരണത്തിന് ശേഷം മകള്‍ ഇന്ദിരാ ഗാന്ധിയില്‍ നിന്ന് വേണ്ടത്ര പരിഗണന വി കെ കൃഷ്ണമേനോന് ലഭിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് വന്നാണ് 1971-ല്‍ തിരുവനന്തപുരത്ത് നിന്ന് സ്വതന്ത്രനായി ഇടതുപക്ഷ രാഷ്ട്രീയ പിന്തുണയോടെ പാര്‍ലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കമ്മ്യൂണിസ്റ്റ് പിന്തുണ ലഭിക്കാന്‍ കാരണമായത് വി കെ കൃഷ്ണമേനോന്റെ കമ്മ്യൂണിസ്റ്റ് അനുഭാവവും, മുഖ്യമന്ത്രിയായിരുന്ന ഇഎംഎസിന് വേണ്ടി 1967 നവംബര്‍ 9ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തിന്റെ പേരിലുള്ള കോടതിയലക്ഷ്യ കേസ് ഹൈകോടതിയിലും സുപ്രീം കോടതിയിലും വാദിച്ചതാണ്.

ഇടതുപക്ഷ അനുഭാവിയായിരുന്ന വി കെ കൃഷ്ണമേനോന്‍ തിരുവനന്തപുരത്ത് മത്സരിക്കാന്‍ കാരണം അന്നത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയാണ്. മേനോനെ രാഷ്ട്രീയ ഗുരുവായിട്ടായിരുന്നു വയലാര്‍ രവി കണ്ടിരുന്നത്. കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന മേനോന്‍ രവിയുമായുള്ള ബന്ധം ഉപേക്ഷിച്ചിരുന്നില്ല.

കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇടത് പിന്തുണയോടെ സ്വതന്ത്രനായി മത്സരിക്കാന്‍ എത്തിയ വി കെ കൃഷ്ണമേനോന് കേരളത്തിലെ ഏത് പാര്‍ലമെന്റ് മണ്ഡലവും വിട്ടുകൊടുക്കാന്‍ ഇടത്പക്ഷം തയ്യാറായിരുന്നു. തിരുവനന്തപുരം മണ്ഡലത്തിലാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്.

വലതു പക്ഷത്തിന്റെ സ്ഥാനാര്‍സ്ഥിയായിരുന്നത് പി.എസ്.പിയുടെ ദാമോദരന്‍ പോറ്റിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണം ശക്തി പ്രാപിച്ചപ്പോള്‍ അന്നത്തെ തിരുവനന്തരം ഡിസിസി പ്രസിഡന്റായിരുന്ന വക്കം പുരുഷോത്തമന്‍ ശക്തമായ പ്രചാരണമാണ് വി കെ കൃഷ്ണമേനോന് എതിരെ തിരുവനന്തപുരം മണ്ഡലത്തില്‍ നടത്തിയത്. ഇതില്‍ അസ്വസ്ഥനായ വി കെ കൃഷ്ണമേനോന്‍ തന്റെ അരുമ ശിഷ്യനും അന്ന് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതാവും, തൊട്ടടുത്ത മണ്ഡലമായ ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായ വയലാര്‍ രവിയെ രാത്രിയില്‍ വിളിച്ചുവരുത്തി. വക്കം പുരുഷോത്തമന്റെ രാഷ്ട്രീയ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വഴി കാണണമെന്ന് ആവശ്യപ്പെട്ടു. തന്റെ രാഷ്ട്രീയ ഗുരുവിനെ രക്ഷിക്കുവാന്‍ വേണ്ടി വയലാര്‍ രവി വക്കം പുരുഷോത്തമന്‍ അടക്കമുള്ള ചുറുചുറുക്കുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കളെയെല്ലാം ചിറയന്‍കീഴിലേക്ക് കര്‍ശനമായി വിളിച്ചുവരുത്തുകയും തിരഞ്ഞെടുപ്പ് തീരുന്നതുവരെ ചിറയിന്‍കീഴില്‍ പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെടുകയും ഉണ്ടായി. വി കെ കൃഷ്ണമേനോന്റെ തിരുവനന്തപുരത്തെ വിജയത്തിന് എതിര്‍ പാര്‍ട്ടിയിലെ യുവജനവിഭാഗം നേതാവായ വയലാര്‍ രവിയുടെ രഹസ്യമായ പിന്തുണ കൂടി ഉണ്ടായിരുന്നു എന്നതാണ് ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത്.

പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയതെങ്കിലും, അതിന്റെ കരട് തയ്യാറാക്കുവാന്‍ വി കെ കൃഷ്ണ മേനോന്റെ ഗണ്യമായ സംഭവാനകള്‍ ഉണ്ടായിരുന്നതായി മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേഷ് ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കൃഷ്ണ മേനോന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി വരെ ആകുമെന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ തന്റെ ഒരു കാര്‍ട്ടൂണില്‍ പറഞ്ഞ് വെച്ചിരുന്നു എന്നുള്ളത് ഈ അവസരത്തില്‍ ഓര്‍ക്കാവുന്നതാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇത്രയേറെ ശക്തനായ ഒരു മലയാളി വേറെ ഉണ്ടായിട്ടില്ല എന്നുള്ളത് നമുക്ക് സ്മരിക്കാം. വി കെ കൃഷ്ണമേനോന്റെ പ്രതിരോധ രംഗത്തെ സംഭാവനകള്‍ ഇന്ത്യയുടെ നയതന്ത്ര രംഗത്തെ സംഭാവനകള്‍ ഇതൊക്കെ കാലമെത്ര പോയാലും ചരിത്രത്തിന്റെ താളുകളില്‍ മായാതെ ഉണ്ടാകും എന്ന് നമുക്ക് പ്രത്യാശിക്കാം.  vk krishna menon 50th death anniversary

Content Summary; vk krishna menon 50th death anniversary

This post was last modified on October 6, 2024 12:05 pm

കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ്:
Related Post
Leave a Comment