ബിജെപിയുടെ ഹാട്രിക് മോഹം ഹരിയാനയില്‍ നടക്കില്ലെന്നാണ് ശനിയാഴ്ച്ച വൈകിട്ട് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. ഒരു ദശാബ്ദത്തിന് ശേഷം കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനങ്ങള്‍. യഥാര്‍ത്ഥ വിധിയറിയാന്‍ ഒക്ടോബര്‍ എട്ട് വരെ കാത്തിരിക്കണം. എങ്കിലും കോണ്‍ഗ്രസുകാര്‍ ആഹ്ലാദത്തിലാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തങ്ങളുടെ ശക്തി രാജ്യത്ത് വര്‍ദ്ധിക്കുന്നുവെന്നാണ് അവര്‍ കരുതുന്നത്. ഹരിയാന ആ പ്രതീക്ഷയ്ക്ക് ബലമേകും.
ഹരിയാനയില്‍ അധികാരത്തില്‍ വന്നാല്‍ ആരാകും മുഖ്യമന്ത്രി? അതാണിപ്പോള്‍ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നം. 90 അംഗ സഭയില്‍ കേവലഭൂരിപക്ഷവും കടന്നുള്ള സീറ്റുകള്‍ പാര്‍ട്ടിക്ക് കിട്ടുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം തന്നെ ഉറപ്പിച്ചതോടെയാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഒന്നിലധികം അവകാശവാദങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആയിരിക്കും അന്തിമ തീരുമാനം എടുക്കുന്നതെങ്കിലും, തങ്ങളെയായിരിക്കണം പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കുകയാണ് ഓരോ കസേര മോഹികളും.
നിലവില്‍ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായ ഭൂപീന്ദര്‍ ഹൂഡയാണ് ഈ മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 2005 മുതല്‍ 2014 വരെയുള്ള കാലത്ത് രണ്ടു തവണ മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് ഹൂഡ. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ നിയമസഭ തെരഞ്ഞെടുപ്പിലും പാര്‍ട്ടിയുടെ മുഖ്യ പ്രചാരകനും ഹൂഡ തന്നെയായിരുന്നു. പക്ഷേ 77 വയസുണ്ട് ഹൂഡയ്ക്ക്. എന്നാല്‍ പ്രായമൊരു തടസമല്ലെന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കി കഴിഞ്ഞു. ‘ ഞാന്‍ ഇതുവരെ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചിട്ടില്ല. കോണ്‍ഗ്രസ് തീര്‍ച്ചയായും സര്‍ക്കാര്‍ രൂപീകരിക്കും. മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് തീരുമാനം എടുക്കും’ ഹൂഡ നിലപാട് വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെയാണ്.
ഹൂഡയുടെ പ്രധാന എതിരാളി
യാണ്. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ സെല്‍ജ നിലവില്‍ സിര്‍സയില്‍ നിന്നുള്ള എംപിയാണ്. സംസ്ഥാനത്ത് നിന്നുള്ള പാര്‍ട്ടിയുടെ ഒരു സുപ്രധാന ദളിത് മുഖമായ സെല്‍ജ, ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന നേതാവുമാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി കസേരയിലേക്കുള്ള മത്സരത്തില്‍ ഹൂഡയ്ക്ക് കടുത്ത എതിരാളിയാണ്.
‘എന്റെ ദീര്‍ഘമായ അനുഭവ പരിചയവും പാര്‍ട്ടിയോടുള്ള ചോദ്യം ചെയ്യാനാവാത്ത കൂറും കോണ്‍ഗ്രസിന് തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസിന്റെ വിശ്വസ്ത സൈനികയാണ് സെല്‍ജ, എന്നും കോണ്‍ഗ്രസിനൊപ്പം തന്നെ തുടരും. കോണ്‍ഗ്രസ് മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡ് ആയിരിക്കും തീരുമാനമെടുക്കുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്’- മുഖ്യമന്ത്രി പദത്തിലേക്കുള്ള പരിഗണനയ്ക്ക് കുമാരി സെല്‍ജ തന്നെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇവ്വിധമാണ്. ഹൂഡയെ അപേക്ഷിച്ചു നോക്കുമ്പോള്‍ കുറച്ചു കൂടി ചെറുപ്പമാണ് 62 കാരിയായ സെല്‍ജ.
രണ്ട് തവണ മുഖ്യമന്ത്രിയായതും പ്രായവും എല്ലാം പരിഗണിച്ച് ഭൂപേന്ദര്‍ ഹൂഡയെ ഒഴിവാക്കുകയാണെങ്കില്‍ തന്നെയും സെല്‍ജയുടെ വഴിയിലെ തടസങ്ങള്‍ മാറുന്നില്ല. ഭൂപേന്ദറിന്റെ മകനും റോത്തക് എംപിയുമായ ദീപേന്ദര്‍ ഹൂഡ, ‘ യോഗ്യത’ പറഞ്ഞ് രംഗത്തുണ്ട്.
സെല്‍ജയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ദീപേന്ദര്‍ സൂചന നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയിലെ സീനിയോരിറ്റിയും, പാര്‍ട്ടിയോടുള്ള അചഞ്ചലമായ കൂറുമാണ് സെല്‍ജ ബയോഡാറ്റയിലെ പ്രധാന യോഗ്യതകളാക്കിയിരിക്കുന്നതെങ്കിലും, അതുകൊണ്ട് മാത്രം കാര്യമില്ലെന്ന് പരോക്ഷമായി ദീപേന്ദര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു. ‘ അവര്‍ പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണ്. പാര്‍ട്ടിയില്‍ എല്ലാത്തിനും അതിന്റെതായ രീതികളുണ്ട്. ആദ്യ പരിഗണന ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കുകയെന്നതാണ്. ഹൈക്കമാന്‍ഡ് തലത്തില്‍ ഒരു യോഗം നടക്കും, തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരോടെല്ലാം കൂടിയാലോചിച്ച് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും’ എന്നാണ് ദീപേന്ദര്‍ പറയുന്നത്.
ദീപേന്ദര്‍ സംസ്ഥാനത്ത് നയിച്ച എല്ലാ പ്രചാരണ ജാഥകളിലും തന്റെ അച്ഛന്റെ നേതൃത്വത്തില്‍ വരുന്ന പുതിയ സര്‍ക്കാരിനെ കുറിച്ചായിരുന്നു പറഞ്ഞു കൊണ്ടിരുന്നതെന്നും ശ്രദ്ധേയമാണ്. ‘ ബിജെപി അധികാരത്തില്‍ നിന്ന് പുറത്തു പോകുമെന്നും, ഭൂപേന്ദര്‍ ഹൂഡയുടെ നേതൃത്വത്തില്‍ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നുമായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചു കൊണ്ടിരുന്നത്.
‘ മുഖ്യമന്ത്രി മോഹം ഒരു തെറ്റല്ല. ആരാകണം മുഖ്യമന്ത്രി എന്നുള്ള രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെയും തീരുമാനം എല്ലാവരും അംഗീകരിക്കും’- തന്റെ ജന്മനാടായ കൈതാളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം ശനിയാഴ്ച്ച രാജ്യസഭ എംപിയും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ രണ്‍ദീപ് സിംഗ് സുര്‍ജേവാല മാധ്യമങ്ങളോട് പറഞ്ഞതാണ്. മുഖ്യമന്ത്രി മോഹം തെറ്റല്ലെന്ന, ആലോചനാപൂര്‍വമായ പ്രയോഗത്തിലൂടെ ഹരിയാനയുടെ മുഖ്യമന്ത്രി കസേര താനും ആഗ്രഹിക്കുന്നുണ്ടെന്നാണ് സുര്‍ജേവാല വ്യക്തമാക്കിയിരിക്കുന്നത്.
രണ്‍ദീപ് സിംഗ് സുര്‍ജേവാലയാണോ അതോ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ ഉദയ് ഭാന്‍ ആണോ കറുത്ത കുതിരയാകുന്നതെന്ന് അറിയില്ല. ദളിത് നേതാവും ഭൂപേന്ദര്‍ ഹൂഡയുടെ വിശ്വസ്തനുമായ ഭാന്‍ മുഖ്യമന്ത്രിപദ മോഹികളില്‍ ഒരാളാണെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ തന്നെ പറയുന്നുണ്ട്. എ ഐ സി സി നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ഒരു ദളിത് മുഖ്യമന്ത്രി സംസ്ഥാനത്ത് വേണമെന്ന് ആവശ്യം ഭാന്‍ ഉയര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം.
കുമാരി സെല്‍ജയും സുര്‍ജേവാലയും നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിച്ചവരായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം ഇരുവര്‍ക്കും അനുമതി നിഷേധിക്കുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഭൂപേന്ദര്‍ ഹൂഡയുടെ താത്പര്യത്തിന് അനുസരിച്ചാണ് നേതൃത്വം നിന്നത്. സ്ഥാനാര്‍ത്ഥികള്‍ ആരൊക്കെയാകണം എന്നതിലും ഹൂഡയുടെ തീരുമാനത്തിനായിരുന്നു അംഗീകാരം കിട്ടിയത്. 72 സീറ്റുകളിലും ഹൂഡ നിര്‍ദേശിച്ചവരാണ് മത്സരിച്ചത്.
മുഖ്യമന്ത്രി പദം മോഹിക്കുന്നവര്‍ ഒന്നിലേറെ ഉണ്ടാകുമെങ്കിലും അവസാന തീരുമാനം പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെത് മാത്രമായിരിക്കുമെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. പാര്‍ട്ടി എംഎല്‍എമാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കും. എല്ലാവരും അത് അംഗീകരിക്കേണ്ടി വരുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
പക്ഷേ, ചിലപ്പോള്‍ അത്ഭുതങ്ങള്‍ സംഭവിച്ചേക്കാം. 2005 ല്‍ 67 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തില്‍ കയറുമ്പോള്‍, മുഖ്യമന്ത്രി കസേര ഭജന്‍ ലാലിന് എന്ന് തന്നെയായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. പക്ഷേ, അവസാന നിമിഷം ഒരു സര്‍പ്രൈസ് എന്‍ട്രി പോലെ ഭൂപേന്ദര്‍ ഹൂഡ ഹരിയാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി. അതുകൊണ്ട് എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ, ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ, ഭജന്‍ലാല്‍ അല്ല ഭൂപേന്ദര്‍ ഹൂഡ, അക്കാര്യം ഹൈക്കമാന്‍ഡിനും നല്ലതുപോലെ അറിയാം. haryana assembly election, congress high command faces problem with cm aspirants