34 കാരിക്ക് വോട്ടര്‍ ഐഡിയില്‍ വയസ് 124; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘അത്ഭുത പ്രവര്‍ത്തി’യെന്ന് പ്രതിപക്ഷം

ബിഹാറില്‍ നടക്കുന്ന സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്ഐആര്‍) വ്യാപക പരാതികള്‍ക്ക് കാരണമാകുന്നുണ്ട്

വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ആരോപിച്ച് പ്രതിപക്ഷം രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കെ, അവരുടെ പരാതികള്‍ക്ക് ബലമേകുന്ന കൂടുതല്‍ അപാകതകള്‍ പുറത്തു വരികയാണ്. ബിഹാറിലെ വോട്ടര്‍ പട്ടികയിലെ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനില്‍(എസ്ഐആര്‍) വ്യാപക ക്രമക്കേട് നടക്കുന്നുണ്ടെന്ന ആരോപണം ശരിവച്ചാണ് സിവാന്‍ ജില്ലയിലെ ദരൗന്ദ അസംബ്ലി നിയോജക മണ്ഡലത്തിന് കീഴില്‍ വരുന്ന അര്‍ജനി പുര്‍ ഗ്രാമത്തില്‍ നിന്നുള്ള മിന്റ ദേവിയുടെ കേസ് പുറത്തു വരുന്നത്. വോട്ടര്‍ ഐഡി കാര്‍ഡില്‍ മിന്റ ദേവിക്ക് രേഖപ്പെടുത്തിയിരിക്കുന്നത് 124 വയസാണ്. ആദ്യമായാണ് മിന്റ ദേവിക്ക് വോട്ടര്‍ ഐഡി കിട്ടുന്നത്. ഇതിലെ കൗതുകം എന്തെന്നാല്‍ ആധാര്‍ കാര്‍ഡില്‍ മിന്റ ദേവിയുടെ ജനന തീയതി, 1990 ജൂലൈ 15 ആണ്. അതായത് 34 വയസുള്ള സ്ത്രീയാണ് വോട്ടേഴ്‌സ് കാര്‍ഡില്‍ 124 കാരിയായത്.

ക്ലറിക്കല്‍ പിശക് എന്നാണ് വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പറയുന്ന ന്യായീകരണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ഉണ്ടായ പൊരുത്തക്കേടാണ് വയസ് തെറ്റാന്‍ കാരണമെന്ന് ജില്ല ഭരണകൂടം പറയുമ്പോള്‍ എസ് ഐ ആര്‍ പ്രക്രിയയെ ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് കിട്ടിയ പുതിയ ആയുധമായി പ്രതിപക്ഷം മിന്റ ദേവി കേസ് എടുത്തു കഴിഞ്ഞു.

മിന്റ ദേവി തന്റെ വയസ് മാറിയതിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്; ഒന്നോ രണ്ടോ മാസം മുമ്പാണ് എനിക്ക് പുതിയ വോട്ടര്‍ ഐഡി കിട്ടിയത്. അന്ന് ഞാന്‍ കാര്‍ഡ് വിശദമായി നോക്കിയിരുന്നില്ല. ഇപ്പോള്‍ വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേട്ടപ്പോഴാണ് ഐഡി കാര്‍ഡ് വിശദമായി പരിശോധിച്ചത്. അപ്പോഴാണ് എനിക്ക് 124 വയസുള്ളതായി കണ്ടത്’.

ലോക്കല്‍ ബൂത്ത് ലെവല്‍ ഓഫിസര്‍(ബിഎല്‍ഒ) മുഖാന്തരം ഒരു സൈബര്‍ കഫേയില്‍ നിന്നാണ് വോട്ടര്‍ ഐഡിക്കായി മിന്റ അപേക്ഷിച്ചത്. പലതവണ ശ്രമിച്ച് പരാജയപ്പെട്ടശേഷമായിരുന്നു അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചതെന്നും അവര്‍ പറയുന്നു. ആധാറില്‍ നോക്കി എല്ലാ വിവരങ്ങളും ശരിയായി തന്നെയാണ് അപേക്ഷയില്‍ പറഞ്ഞുകൊടുത്തതെന്ന് മിന്റ ദേവി ഉറപ്പിച്ചു പറയുന്നു. ഒന്നുകില്‍ ടൈപ്പ് ചെയ്തപ്പോള്‍ സംഭവിച്ച പിഴവ്, അല്ലെങ്കില്‍ അതിനു ശേഷം; 34 കാരി പറയുന്നു.

എസ് ഐ ആര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ഉദ്യോഗസ്ഥനും തങ്ങളും വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നാണ് മിന്റയുടെ ഭര്‍ത്താവ് ധനഞ്ജയ് കുമാര്‍ സിംഗ് പറയുന്നത്. ബിഎല്‍ഒ ഗ്രാമത്തിലെ ഒരു പ്രത്യേക സ്ഥലത്ത് ഇരുന്നാണ് എല്ലാവരുടെയും വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. അപാകതകള്‍ വന്നിട്ടുണ്ടെങ്കില്‍ അതവിടെ വച്ചായിരിക്കുമെന്നും ധനഞ്ജയ് പറയുന്നു.

വോട്ടര്‍ ഐഡിയില്‍ വന്നിരിക്കുന്ന പിശക് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ദരൗന്ദ നിയമസഭാ മണ്ഡലത്തിലെ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ഇആര്‍ഒ) ഓഗസ്റ്റ് 11 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ ഔദ്യോഗിക കത്തില്‍ ഇക്കാര്യം പറയുന്നുണ്ട്. മിന്റ ദേവിയുടെ ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നും അവരുടെ ജനനതീയതി 1990 ജൂലൈ 15 ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് കത്തില്‍ സമ്മതിക്കുന്നത്.

മിന്റ ദേവി വിഷയം പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ഏറ്റെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച, ഇന്ത്യാ ബ്ലോക്ക് എംപിമാര്‍ പാര്‍ലമെന്റ് സമുച്ചയത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ ‘മിന്റ ദേവി 124 നോട്ട് ഔട്ട്’ എന്ന മുദ്രാവാക്യം ആലേഖനം ചെയ്ത വെളുത്ത ടീ-ഷര്‍ട്ടുകള്‍ ധരിച്ചാണ് പ്രകടനം നടത്തിയത്. ചെറുപ്പക്കാരിയായി തോന്നിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി മിന്റ ദേവിയെ ഗിന്നസ് റെക്കോര്‍ഡിനായി ഞങ്ങള്‍ നാമനിര്‍ദേശം ചെയ്യുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയുടെ പരിഹാസം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരവധി അത്ഭുതങ്ങളില്‍ ഒന്നാണിതെന്നും മോദിക്ക് നന്ദിയുണ്ടെന്നും ഖേര തന്റെ എക്‌സ് പോസ്റ്റില്‍ പറയുന്നുണ്ട്.  Voter list irregularities; In Bihar a 34 year-old voter has a voter ID showing 124 years

Content Summary; Voter list irregularities; In Bihar a 34 year-old voter has a voter ID showing 124 years

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment