June 04, 2026 |
Share on

പോലീസിനെതിരെ ആഞ്ഞടിച്ച് വി എസ്; സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടല്ല

ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പോലീസ്

കടല്‍ത്തീരത്ത് കുടുംബസമേതം വിശ്രമിക്കാനെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തിനും കുടുംബത്തിനും നേരെ അതി ക്രൂരമായ നരനായാട്ട് നടത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമത്തിന് കേസെടുത്ത് സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടണമെന്ന് വിഎസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഒന്നര വയസ്സുള്ള കുഞ്ഞിനെയും ഗര്‍ഭിണിയായ ഒരു സ്ത്രീയെയുമുള്‍പ്പെടെ അതിക്രൂരമായി മര്‍ദ്ദിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് സേനയില്‍ വെച്ചുപൊറുപ്പിക്കാനാവില്ല.  പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്തേണ്ടത് പാവപ്പെട്ട ജനങ്ങളെ ഭീതിയിലാഴ്ത്തിക്കൊണ്ടാവരുത്.  ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മര്‍ദ്ദനോപാധിയല്ല കേരളാ പോലീസ് എന്ന് പോലീസുകാരും തിരിച്ചറിയണം.  ഇത് ഇടതുപക്ഷ ഭരണമാണ്.  പോലീസ് സ്‌റ്റേഷനിലെ ഉരുട്ടിക്കൊലയുടെ കാലം കഴിഞ്ഞിരിക്കുന്നു.

ദളിതരും ആദിവാസികളും എഴുത്തുകാരും കലാകാരന്മാരും സ്വതന്ത്രമായും നിര്‍ഭയമായും കഴിയുന്ന സംസ്ഥാനമാണ് കേരളം.  കല്‍ബുര്‍ഗിയുടെയും പന്‍സാരയുടെയും ഗതി കേരളത്തിലെ എഴുത്തുകാര്‍ക്കുണ്ടാവില്ല എന്ന് ഉറപ്പുവരുത്താന്‍ നിയുക്തരാണ് കേരളത്തിലെ പോലീസ്.  തന്റെ നോവലില്‍ ദേശീയഗാനത്തെ അവഹേളിച്ചു എന്ന കുറ്റം ചുമത്തി കമല്‍ സി ചവറ എന്ന എഴുത്തുകാരനെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കസ്റ്റഡിയിലെടുക്കുകയും നട്ടെല്ല് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാര്‍ത്ത വന്നിട്ടുണ്ട്.  യുവമോര്‍ച്ച പ്രവര്‍ത്തകന്‍ ഡിജിപിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നുള്ള നടപടിയാണെന്നാണ് പോലീസ് പറയുന്നത്.  ഇത് സത്യമാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.  ഭരണകൂടം ഫാസിസ്റ്റ് സ്വഭാവത്തിലേക്ക് നീങ്ങുന്നു എന്ന തോന്നല്‍ ജനങ്ങളിലുണ്ടാക്കാനേ ഇത്തരം ഉദ്യോഗസ്ഥരുടെ നടപടികള്‍ സഹായിക്കൂ.  ഈ ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുകയാണ് വേണ്ടത്.  അങ്ങനെ മാത്രമേ പോലീസ് സേനയുടെ മനോവീര്യം നിലനിര്‍ത്താനാവൂ എന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

×