യാത്രാമൊഴിയേകി കേരളം; വിപ്ലവമണ്ണിലലിഞ്ഞ് വിഎസ്

ഒരു നൂറ്റാണ്ടിന്റെ സമരജീവിതം

വിഎസ് എന്ന വിപ്ലവനക്ഷത്രത്തിന് യാത്രാമൊഴിയേകി കേരളം. മുദ്രാവാക്യങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പെരുമഴയെ അവഗണിച്ച് വന്‍ ജനാവലിയെ സാക്ഷിയാക്കി സമരനായകന്‍ വിപ്ലവമണ്ണില്‍ അലിഞ്ഞുചേര്‍ന്നു. മകന്‍ അരുണ്‍കുമാറാണ് വിഎസിന്റെ ഭൗതിക ശരീരത്തിന് അഗ്നി പകര്‍ന്നത്. ഒരു നൂറ്റാണ്ടിന്റെ സമരജീവിതമാണ് ഇതോടെ യാത്രയായത്.

ആലപ്പുഴ ബീച്ചിനടുത്തുള്ള റിക്രിയേഷന്‍ ഗ്രൗണ്ടില്‍ കനത്ത മഴയെയും അവഗണിച്ചാണ് വിഎസിനെ ഒരു നോക്ക് കാണാന്‍ ജനം ആര്‍ത്തിരമ്പിയത്. അവസാന നോട്ടത്തിനായി ജനം തിക്കിത്തിരക്കുകയായിരുന്നു. റിക്രിയേഷന്‍ ഗ്രൗണ്ടിലേക്ക് അണമുറിയാത്ത ജനപ്രവാഹമാണ് കാണപ്പെട്ടത്. കണ്ടേ പോകൂവെന്ന ചങ്കുറപ്പോടെയായിരുന്നു ജനപ്രവാഹം.

റിക്രിയേഷന്‍ ഗ്രൗണ്ടില്‍ ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വിഎസിനെ വലിയ ചുടുകാട്ടിലേക്ക് യാത്രയാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ വിഎസിനെ യാത്രയാക്കാന്‍ വലിയ ചുടുകാട്ടില്‍ എത്തിയിരുന്നു. പൊതുജനത്തിന് പ്രവേശനം ഉണ്ടായിരുന്നില്ലെങ്കിലും പ്രവര്‍ത്തകര്‍ തങ്ങളുടെ സമരനേതാവിനെ യാത്രയാക്കാന്‍ ഇരച്ചുകയറി. അപ്പോഴും വിപ്ലവാഭിവാദ്യങ്ങള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

മുന്‍നിശ്ചയിച്ച പ്രകാരമുള്ള സമയക്രമങ്ങളെയെല്ലാം പാടെ തെറ്റിച്ചായിരുന്നു വിഎസിന്റെ അന്ത്യയാത്ര. അതുകൊണ്ട് തന്നെ ഏറെ വൈകിയാണ് പൊതുദര്‍ശനം പൂര്‍ത്തിയായി സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് അഞ്ച് മണിയോടെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍, വിപ്ലവ നായകനെ കാത്ത് വലിയ ജനക്കൂട്ടമായിരുന്നു വിലാപയാത്രയില്‍ ഉടനീളം ഒഴുകിയെത്തിയത്.

വികാരഭരിതമായ നിമിഷങ്ങള്‍ക്കായിരുന്നു വിഎസിന്റെ വേലിക്കകത്ത് വീടും അന്ത്യനിമിഷങ്ങളും സാക്ഷ്യം വഹിച്ചത്. പെരുമഴയ്‌ക്കൊപ്പം ഇടിമുഴക്കം പോലെയായിരുന്നു വലിയ ചുടുകാട്ടില്‍ ഉള്‍പ്പെടെ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നത്. കണ്ഠമിടറി മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരമാണ് ഒഴുകിയെത്തുന്നത്. VS plunges into the heart of valiya chudukaadu

Content Summary: VS plunges into the heart of valiya chudukaadu

This post was last modified on July 23, 2025 11:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment