June 26, 2026 |
ഷൗക്കത്ത്
ഷൗക്കത്ത്
Share on

മനുഷ്യരാകുക, മനുഷ്യത്വമുള്ളവരാകുക എന്നതാണ് വെളിച്ചം

യുദ്ധങ്ങളായ യുദ്ധങ്ങളെല്ലാം അറ്റുവീഴട്ടെ

രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പൂര്‍ണ്ണ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ ‘ആധുനിക മനുഷ്യനും പുതിയ മാനവികതയും’ എന്ന വിഷയം സംസാരിച്ചു തുടങ്ങിയത് ഇസ്രയേലിന്റെ അതിക്രൂരവും മനുഷ്യത്വരഹിതവുമായ പലസ്തീന്‍ ആക്രമണത്തെ പറഞ്ഞുകൊണ്ടായിരുന്നു. പ്രഭാഷണം കഴിഞ്ഞ് അടുത്തുവന്ന ഒരു സുഹൃത്ത് പറഞ്ഞു: ‘പ്രഭാഷണം വളരെ നന്നായി. ആ ഇസ്രയേലിന്റെ പരാമര്‍ശം ഒഴിവാക്കാമായിരുന്നു.’

അദ്ദേഹത്തിന്റെ മുഖത്ത് നോക്കി വേദനയോടെ ചിരിക്കുക മാത്രമേ ചെയ്തുള്ളൂ. എന്നെ സംബന്ധിച്ചിടത്തോളം ഹമാസ് ആയാലും ഇസ്രയേല്‍ ആയാലും ഇന്ത്യയായാലും പാക്കിസ്ഥാനായാലും മുറിവേല്ക്കുന്ന മനുഷ്യര്‍ക്കൊപ്പമാണ് മനസ്സ്. മുറിവേല്പിക്കുന്നവര്‍ക്കെതിരെയാണ് മനസ്സ്.

ഹമാസ് ആക്രമിച്ചപ്പോള്‍ ഞാന്‍ അവര്‍ക്കെതിരെയാണ് സംസാരിച്ചത്. ഇപ്പോഴത് പലസ്തീനൊപ്പമാണ്. ആശുപത്രിക്ക് മുകളില്‍ ബോംബിടുകയും പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മനുഷ്യരെയെല്ലാം നിഷ്‌ക്കരുണം കൊന്നൊടുക്കുകയും ചെയ്യുമ്പോള്‍ ഹമാസ് തുടക്കമിട്ടതുകൊണ്ടല്ലേ എന്നു പറഞ്ഞ് സമാധാനിക്കാന്‍ ഹൃദയമുള്ള ആര്‍ക്കുമാവില്ല.

തുടക്കമിട്ടത് ആരെന്ന ചോദ്യവുമായി പിന്നിലോട്ട് പോയാല്‍ അതെത്തി നില്ക്കുക നാം വിചാരിക്കുന്നിടത്തൊന്നുമാവില്ല. നമുക്കിഷ്ടമുള്ള ഇടത്തു നിന്ന് തുടങ്ങുന്നതു കൊണ്ടാണ് നാം വിചാരിക്കുന്നവരെ പ്രതികളാക്കാന്‍ നമുക്കാവുന്നത്.

യുദ്ധങ്ങള്‍ എന്നും വേദനയാണ്. നിഷ്‌ക്കളങ്കരായ കുഞ്ഞുങ്ങളുള്‍പ്പെടെ നിരപരാധികള്‍ ഇരുപക്ഷത്തും മരിച്ചു വീഴുമ്പോള്‍ സങ്കടമാണ്. അതുകൊണ്ടുതന്നെ യുദ്ധത്തില്‍ ഒരു പക്ഷത്തും നില്ക്കാന്‍ കഴിയാറില്ല. യുദ്ധവിരുദ്ധ പക്ഷത്തേ നില്ക്കാനാവുന്നുള്ളൂ.

ധര്‍മ്മത്തിനായാലും അധര്‍മ്മത്തിനായാലും യുദ്ധം അധമം തന്നെയാണ്. യുദ്ധം ഇല്ലാത്ത ഒരു സാമൂഹികത രൂപപ്പെടാന്‍ സമാധാനത്തിനായി ചിന്തിച്ചും പറഞ്ഞും പ്രവര്‍ത്തിച്ചും ജീവിക്കുന്ന മനുഷ്യര്‍ എല്ലായിടത്തും നിറയട്ടെ എന്ന പ്രാര്‍ത്ഥനയേ മനസ്സിലുള്ളൂ. അതിനായി ചിന്തിച്ചും പറഞ്ഞും പ്രവര്‍ത്തിച്ചുമാണ് എന്നും കഴിയുന്നത്.

ഗുജറാത്ത് കലാപത്തെ കുറിച്ച് പറയുമ്പോള്‍ കാശ്മീരിലെ പണ്ഡിറ്റുകളെ കുറിച്ച് പറയുന്നില്ലല്ലോ എന്നും വാളയാറിലെ കുഞ്ഞിനെ കുറിച്ച് പറയുമ്പോള്‍ വടക്കേ ഇന്ത്യയില്‍ അമ്പലത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ട കുഞ്ഞിനെ നീ കണ്ടില്ലല്ലോ എന്നും ഇസ്ലാം തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ഗുജറാത്ത് കലാപമെന്ന് പറയാതെ ഹിന്ദുത്വ തീവ്രവാദമെന്ന് നീ എന്തുകൊണ്ട് എടുത്തു പറയുന്നില്ല എന്നും ലോകസ്‌നേഹത്തെ കുറിച്ച് പറയുമ്പോള്‍ സ്വദേശസ്‌നേഹത്തെ കുറിച്ച് പറയാനാവില്ലെങ്കില്‍ നാടുവിട്ടു പോ എന്നുമൊക്കെ പറയുന്നവരോട് ഒന്നേ പറയാനുള്ളൂ.

ഹിന്ദുവിന് നോവുമ്പോള്‍ മാത്രം നോവുന്ന, മുസ്ലിമിന് നോവുമ്പോള്‍ മാത്രം നോവുന്ന, ക്രിസ്ത്യാനിക്കും ബുദ്ധിസ്റ്റിനും കമ്മ്യൂണിസ്റ്റിനും കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും ഇന്ത്യക്കും അങ്ങനെയങ്ങനെ ഒരു പക്ഷത്തിനു വേണ്ടി മാത്രം നോവുന്ന ഹൃദയമല്ല ഗുരുക്കന്മാര്‍ പകര്‍ന്നത്. ഈ ലോകത്തെ മുഴുവന്‍, ലോകരെ മുഴുവന്‍ സ്വന്തമായും സ്വന്തക്കാരായും കാണുന്ന ഹൃദയത്തെയാണ് അവര്‍ തൊട്ടുതന്നത്. മനുഷ്യരാകുക, മനുഷ്യത്വമുള്ളവരാകുക എന്ന വെളിച്ചമാണ് വെളിച്ചമെന്നാണ് അവര്‍ ജീവിച്ചനുഭവിപ്പിച്ചത്.

ഇസ്രയേലിലേയും പലസ്തീനിലെയും മുറിവേറ്റ, കൊല്ലപ്പെട്ട നിഷ്‌ക്കളങ്കരായ മനുഷ്യരുടെ വേദനയില്‍ വേദനിച്ചു കൊണ്ട്, യുദ്ധങ്ങളായ യുദ്ധങ്ങളെല്ലാം അറ്റുവീഴട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട്… war solves nothing, it only brings destruction 

Content Summary: war solves nothing, it only brings destruction

ഷൗക്കത്ത്

ഷൗക്കത്ത്

ഗുരു നിത്യചൈതന്യയുടെ ശിഷ്യനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഷൗക്കത്ത്. നാരായണ ഗുരുവിന്റെയും യതിയുടെയും നടരാജ ഗുരുവിന്റെയും ആത്മീയ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ് ഷൗക്കത്ത് നിര്‍വഹിക്കുന്നത്.

More Posts

Leave a Reply

Your email address will not be published. Required fields are marked *

×