2024 ജൂലായ് 30. പുലര്‍ച്ചെ ഒരു മണി. വയനാട്ടിലെ മലമുകളില്‍നിന്ന് ഉയര്‍ന്നു കേട്ട ഭീകരശബ്ദം ആ നാടിന്റെ വിധി മാറ്റിയെഴുതി. കണ്ണടച്ച് തുറക്കും മുമ്പേ, മൂന്ന് കിലോമീറ്റര്‍ വനമേഖല പിന്നിട്ടെത്തിയ ഉരുള്‍പൊട്ടല്‍, ആദ്യം തുടച്ചെറിഞ്ഞത് പുഞ്ചിരിമട്ടം ഗ്രാമത്തെയാണ്. മലവെള്ളവും പാറക്കെട്ടുകളും മരങ്ങളും കുതിച്ചെത്തിയപ്പോള്‍ തുടച്ചു നീക്കപ്പെട്ടത് കുറെയധികം മനുഷ്യരും വീടുകളുമാണ്. സമാനമായ ഉരുള്‍ മുണ്ടക്കൈയിലും പതിച്ചു.
പുലര്‍ച്ചെ നാലേ പത്തോടെ മുണ്ടക്കൈയുടെ മണ്ണ് പിളര്‍ന്ന് വീണ്ടും ഉരുള്‍പൊട്ടിയപ്പോള്‍, ആ ഗ്രാമം പൂര്‍ണമായും തുടച്ചുമാറ്റപ്പെട്ടു. കാവലായി നിന്ന പുന്നപ്പുഴപോലും ഉരുള്‍പൊട്ടലിന്റെ ശക്തിയില്‍ രണ്ടായി പിരിഞ്ഞൊഴുകി. പേമാരിയുടെ അകമ്പടിയോടെ ഭൂമി പിളര്‍ന്ന് പതിച്ചപ്പോള്‍, മുണ്ടക്കൈയില്‍ നിന്ന് ചൂരല്‍മലയിലേക്കെത്തിയ ഉരുള്‍ നൂറുകണക്കിന് മനുഷ്യരെയും തലമുറകളുടെ അധ്വാനത്തില്‍ കെട്ടിപ്പടുത്ത തേയിലത്തോട്ടങ്ങളെയും ഒന്നിച്ച് താഴ്ത്തി. ദുരന്തത്തിന്റെ വേദന ഉള്‍ക്കൊണ്ട്, ദൂരെ ചാലിയാര്‍ പുഴയും ഒരു സങ്കടക്കടലായി മാറി. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം അന്നവിടെ സംഭവിച്ചു.
ഒരു ജനതയുടെ സ്വപ്നങ്ങള്‍ പുതഞ്ഞുപോയ ആ ചെളി കുണ്ടിലൂടെ, ജീവന്റെ അവസാന തുടിപ്പും താങ്ങിയെത്തിയവരെയും, സകല പ്രതീക്ഷകളും അറ്റുപോയ മൃതദേഹങ്ങളെയും വഹിച്ച്, ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തകരുടെ വാഹനങ്ങളും ഒഴുകി നീങ്ങി. ആംബുലന്‍സിന്റെ സൈറണ്‍ നിലയ്ക്കാതെ മുഴങ്ങിയ ആ ദുരന്ത നാളിന്റെ ഓര്‍മ്മകള്‍ ഒരു വിങ്ങലായി വയനാട് അമ്പലവയല്‍ സ്വദേശി സുബിന്റെ മനസില്‍ തങ്ങി നില്‍ക്കുന്നുണ്ട്. മഴ പെയ്തിറങ്ങുമ്പോള്‍ സുബിന്റെ കണ്ണുകളില്‍ ആ ദുരന്തക്കാഴ്ചകള്‍ വീണ്ടും മിന്നിമറയും. ഉള്ളു പിടയും. ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പാഞ്ഞെത്തിയ ആംബുലന്‍സ് ഡ്രൈവര്‍മാരില്‍ ഒരാളാണ് അദ്ദേഹം.
ദുരന്തമുഖത്തേക്ക്…
‘ഞാന്‍ വീട്ടിലായിരുന്നു, പുലര്‍ച്ചെ ഒരു രണ്ടുമണി സമയത്താണ് ഉരുള്‍പൊട്ടിയെന്നുള്ള വിവരം ലഭിക്കുന്നത്. അപ്പോഴേക്കും ആംബുലന്‍സ് ഗ്രൂപ്പുകളിലൊക്കെ സന്ദേശങ്ങള്‍ വന്നിരുന്നു. ദുരന്തവിവരം അറിഞ്ഞ ഉടന്‍ തന്നെ നിരവധി ആളുകള്‍ ആംബുലന്‍സുകളുമായി അങ്ങോട്ടേക്ക് യാത്ര തിരിച്ചിരുന്നു. ചൂരല്‍മല ടൗണ്‍ വരെ മാത്രമാണ് വണ്ടികള്‍ക്ക് പോകാന്‍ കഴിഞ്ഞിരുന്നത്. മുണ്ടക്കൈയിലെ റോഡ് തകര്‍ന്നിരുന്നു. പോകുന്ന വഴിയില്‍ വീണുകിടന്ന മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഞങ്ങള്‍ ദുരന്തമുഖത്തേക്ക് എത്തിയത്. ഏതാണ്ട് അഞ്ചരയോടെയാണ് അവിടെയെത്തുന്നത്. രക്ഷിക്കാന്‍ പറ്റുന്നവരെ ഞങ്ങള്‍ മാറ്റി. പാലം തകര്‍ന്നതിനാല്‍ അപ്പുറത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. രക്ഷപ്പെട്ടവരെ അടുത്തുള്ള പള്ളിയിലേക്കും ആശുപത്രികളിലേക്കും ക്യാമ്പുകളിലേക്കും മാറ്റിത്തുടങ്ങിയിരുന്നു. ചൂരല്‍മല ടൗണ്‍ മുഴുവന്‍ അവശിഷ്ടങ്ങളും ചെളിയും അടിഞ്ഞുകൂടി കിടക്കുകയായിരുന്നു. ഇപ്പോള്‍ ബെയ്ലി പാലം വരെയുള്ള ഭാഗത്ത് അന്ന് വണ്ടികള്‍ എത്തിച്ചേര്‍ന്നിരുന്നു.
കഴിഞ്ഞ കുറച്ചുദിവസമായി മഴ പെയ്യുമ്പോള്‍ അന്ന് നടന്ന സംഭവങ്ങളാണ് ഓര്‍മ്മ വരുന്നത്. ഞങ്ങള്‍ അവിടെ ചെല്ലുമ്പോള്‍ മഴയുണ്ടായിരുന്നില്ല. ഉച്ചയ്ക്ക് ശേഷമാണ് മഴ ശക്തമായതും പുഴയിലെ ഒഴുക്ക് കൂടിയതും. ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സില്‍ നിന്ന് മായാത്ത ചില അനുഭവങ്ങളുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറം മുഴുവന്‍ പൊളിഞ്ഞ നിലയില്‍ കണ്ടെത്തിയ ഏഴുമാസം ഗര്‍ഭിണിയായ സ്ത്രീയെ ആംബുലന്‍സില്‍ കൊണ്ടുപോകേണ്ടി വന്നു. വളരെ കുറച്ച് ആളുകളെ മാത്രമാണ് ജീവനോടെ രക്ഷിക്കാന്‍ സാധിച്ചത്. എനിക്ക് മൂന്നുപേരെ മാത്രമാണ് ജീവനോടെ കൊണ്ടുപോകാന്‍ കഴിഞ്ഞത്. ലഭിച്ച മൃതദേഹങ്ങളില്‍ ഭൂരിഭാഗവും തിരിച്ചറിയാന്‍ കഴിയാത്ത നിലയിലുള്ള ഭാഗങ്ങളായിരുന്നു. ആദ്യമൊക്കെ കുറച്ച് വാഹനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് വാര്‍ത്ത അറിഞ്ഞ് കൂടുതല്‍ വാഹനങ്ങള്‍ സ്ഥലത്തെത്തി. വാഹനങ്ങളില്‍ നിന്ന് വാഹനങ്ങളിലേക്ക് കൈമാറിയാണ് മൃതദേഹങ്ങള്‍ ആശുപത്രിയിലെത്തിച്ചത്. അങ്ങനെ മൃതദേഹങ്ങള്‍ കൈമാറിയ വണ്ടികളില്‍ ഒന്ന് എന്റേതായിരുന്നു.
ദുരിതത്തിന്റെ നേര്‍ചിത്രം
രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമായിരുന്നു. അന്ന് ഒരു ഭാഗത്തുനിന്ന് മറുഭാഗത്തേക്ക് ആളുകളെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായിരുന്നു. ചൂരല്‍മലയും പത്താം വാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ഒലിച്ച് പോയിരുന്നു. സൈനികര്‍ കയര്‍ കെട്ടി, സ്‌ട്രെക്ച്ചറിലാണ് ആളുകളെ മാറ്റിയിരുന്നത്. കാലുറപ്പിച്ചു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു അവിടെ.
ആദ്യത്തെ രണ്ട് മൂന്ന് ദിവസങ്ങളില്‍ ഞങ്ങള്‍ ഏതാണ്ട് 24 മണിക്കൂറും ജോലിയിലായിരുന്നു. വൈകുന്നേരമായാല്‍ പിന്നെ തിരച്ചില്‍ തുടരാനാവില്ല, പിന്നെ നേരെ ആശുപത്രിയിലേക്കുള്ള ഓട്ടമാണ്. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ നടന്നത്. വൈകുന്നേരമാകുമ്പോള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹങ്ങള്‍ കമ്മ്യൂണിറ്റി ഹാളിലെ ഫ്രീസറുകളിലേക്ക് മാറ്റും. വാഹനങ്ങള്‍ കൂടിയപ്പോള്‍ ഷിഫ്റ്റുകളായി ജോലി ക്രമീകരിച്ചു. എന്താണ്ട് പത്തു ദിവസത്തോളം അവിടെ ഉണ്ടായിരുന്നു.
ആദ്യത്തെ ദിവസങ്ങളില്‍ മാത്രമാണ് മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി ലഭിച്ചത്. പിന്നീട് കിട്ടിയതെല്ലാം ശരീരഭാഗങ്ങളായിരുന്നു. ചെളിയില്‍ പുതഞ്ഞും അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കിട്ടിയ കഷണങ്ങള്‍. പലതും ഹിറ്റാച്ചി ഉപയോഗിച്ച് എടുത്തപ്പോള്‍ പൊട്ടിപ്പോയിരുന്നു. മൃതദേഹങ്ങളുടെ എണ്ണം കൂടിയപ്പോള്‍ ഫ്രീസര്‍ സൗകര്യം തികയാതെ വന്നു, അപ്പോള്‍ പലപ്പോഴും ഈ ശരീരഭാഗങ്ങള്‍ ഫ്രീസറില്ലാതെ കൊണ്ടുപോകേണ്ടി വന്നു.
വയനാടിനെ പിടിച്ചുലച്ച പുത്തുമല ദുരന്തവും മറ്റൊരു കണ്ണീരോര്‍മയാണ്. അവിടെയും രക്ഷാപ്രവര്‍ത്തനത്തിന് സുബിന്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനേക്കാള്‍ ഭീകരമായിരുന്നു മുണ്ടക്കൈയിലേത്. അന്ന് ഉരുളെടുത്തവരുടെ കൂട്ടത്തില്‍ തന്റെ സുഹൃത്തിന്റെ കുടുംബവും ഉണ്ടായിരുന്നതായി സുബിന്‍ വേദനയോടെ ഓര്‍ക്കുന്നു. കാലമെത്ര കഴിഞ്ഞാലും മനസ്സില്‍ നിന്നും മായാത്ത ഓര്‍മ്മകളും ഉണങ്ങാത്ത മുറിവുകളുമായി കഴിയുകയാണ് മുണ്ടക്കൈയിലെ ജനങ്ങള്‍. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി നിന്ന സുബിനെപ്പോലുള്ള രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഉള്ളു കൊണ്ട് നന്ദി പറയാതെ നമുക്ക് ഈ ദുരന്തദിനം കടന്നുപോകാന്‍ സാധിക്കില്ല.
content summary: An Ambulance Driver’s Account of the Mundakkai Disaster
This post was last modified on July 29, 2025 7:41 am
Leave a Comment