വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇരയായവരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ഏറെ വിമര്‍ശനങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടയാക്കിയിരിക്കുകയാണ്. ”എല്‍3 കാറ്റഗറിയില്‍ ഒരു ദുരന്തമുണ്ടാകുമ്പോള്‍ എല്ലാത്തരത്തിലും ഇടപെടേണ്ട ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. എന്നാല്‍ അത് പാലിക്കപ്പെട്ടിട്ടില്ലെന്ന്” വയനാട് എംഎല്‍എ ടി സിദ്ദിഖ് അഴിമുഖത്തോട് പറഞ്ഞു.
”എല്‍ 3 കാറ്റഗറിയിലാണ് വയനാട് ദുരന്തത്തെ പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വലുതായതുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പുനരധിവാസ പ്രക്രിയകള്‍ പൂര്‍ത്തിയാക്കേണ്ടതിനാലാണ് അതിതീവ്ര ദുരന്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അതും പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട് സന്ദര്‍ശിച്ച് മാസങ്ങള്‍ പിന്നിട്ടശേഷം. ആ കാലതാമസം തന്നെ മനുഷ്യത്വരഹിതമായ കാര്യമായിരുന്നു. വലിയൊരു ദുരന്തമുഖത്ത് വയനാട് നില്‍ക്കുമ്പോഴും കേരളം ആവശ്യപ്പെട്ട തുക സംബന്ധിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രി നടപടികള്‍ കൈക്കൊണ്ടിട്ടില്ല. 2221 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിതീവ്രമായ ഒരു ദേശീയ ദുരന്തം ഉണ്ടാകുമ്പോള്‍ ചെയ്യേണ്ട ഭരണഘടനാപരമായ ബാധ്യതകളില്‍ നിന്ന് പാര്‍ലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ച് രക്ഷപ്പെടാനുള്ള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ദുരന്തത്തില്‍ പെട്ട മനുഷ്യരോട് ചെയ്യേണ്ട കാര്യമല്ല പാര്‍ലമെന്റില്‍ പാസാക്കിയിരിക്കുന്നത്. 13-ാം വകുപ്പ് എടുത്ത് കളയുന്നതിന് മുമ്പാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തം ഉണ്ടായത്. പാര്‍ലമെന്റ് അതിന് ശേഷമാണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്ന ദിവസം മുതലാണ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വരിക എന്നിരിക്കെയാണ് മുന്‍കാല പ്രാബല്യത്തോടെ വയനാടിനെ ഒഴിവാക്കിയിരിക്കുന്നത്.” സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസമായിരുന്നു ഹൈക്കോടതിയെ അറിയിച്ചത്. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് ഒഴിവാക്കിയെന്ന കാരണമാണ് കേന്ദ്രം കോടതിയെ അറിയിച്ചത്.
”മുണ്ടക്കൈ ചൂരല്‍മല ദുരന്തം നടന്നിട്ട് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. ദുരന്തം പ്രദേശവാസികളുടെ ജീവിതത്തെയും തൊഴിലിനെയും വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പ്രസ്താവന മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണെന്നും” വയനാട് ദുരന്തബാധിതയും ആശാ പ്രവര്‍ത്തകയുമായ ഷൈജ ബേബി അഴിമുഖത്തോട് പറഞ്ഞു.
”ദുരന്തം ഉണ്ടായിരുന്ന ഭാഗത്ത് നിന്നെല്ലാം ആളുകള്‍ ഒഴിഞ്ഞ് വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് താമസിക്കുന്നത്. ദുരന്തം ആളുകളുടെ ജീവിതത്തെ മാത്രമല്ല ജോലിയെയും താറുമാറാക്കി. തൊഴിലുറപ്പ് തൊഴിലാളികളും എസ്‌റ്റേറ്റ് ജോലികള്‍ ചെയ്യുന്നവരും ക്ഷീരകര്‍ഷകരുമാണ് ദുരന്തബാധിതരായവരില്‍ 95 ശതമാനവും. ദുരന്തം നാശംവിതച്ച പ്രദേശത്ത് ഇനിയൊരു തൊഴില്‍ ചെയ്യാന്‍ സാധിക്കാത്തതുകൊണ്ട് തന്നെ അവരെല്ലാം വലിയ പ്രതിസന്ധിയിലാണ്. അവരുടെയൊക്കെ തൊഴില്‍ മാര്‍ഗങ്ങള്‍ കൂടിയാണ് ദുരന്തത്തോടെ ഇല്ലാതായത്.
വലിയ ആഘാതത്തില്‍ നിന്നും കരകയറിവന്ന ഞങ്ങളുടെ ഏകപ്രതീക്ഷ ലോണുകള്‍ എഴുതിത്തള്ളുമെന്നതായിരുന്നു. ബാങ്കുകളില്‍ നിന്നെടുത്ത ലോണുകളും പലിശയുമൊക്കെ അടയ്ക്കാനായി വിളിക്കുമ്പോഴും ഇതൊക്കെ എഴുത്തള്ളുമെന്ന് പ്രതീക്ഷിച്ചായിരുന്നു ഞങ്ങള്‍ ജീവിച്ചത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മറ്റൊരു ദുരന്തമായി മാറിയിരിക്കുകയാണ്’ ഷൈജ അഴിമുഖത്തോട് വ്യക്തമാക്കി.
എന്നാല്‍ കേന്ദ്ര നിലപാടിനെതിരെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശനമാണ് നടത്തിയിരിക്കുന്നത്. നിയമപരമായി അധികാരമില്ലെന്ന് പറയാന്‍ കേന്ദ്രത്തിന് സാധിക്കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
”പ്രദേശവാസികളില്‍ ഭൂരിഭാഗവും അംഗീകൃത ബാങ്കുകളില്‍ നിന്നായി വിവിധ ലോണുകള്‍ എടുത്തിട്ടുള്ളവരാണ്. അത് ഏകദേശം 35 കോടി രൂപയോളം വരും. ദേശീയ ദുരന്ത നിവാരണ നിയമത്തിലെ 13-ാം വകുപ്പ് എടുത്ത് മാറ്റിയതോടെ ഇത്തരം ദുരന്തബാധിതരോട് കാണിക്കേണ്ട ഉത്തരവാദിത്തവും ഇവരുടെ കടബാധ്യതകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകളോട് നടപടി എടുക്കണമെന്ന് ആവശ്യപ്പെടാനുള്ള അധികാരവും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ദുരന്തനിവാരണ അതോറിറ്റിക്കാണ് ഉള്ളത്. ആ ചുമതല അവര്‍ ഇതുവരെ നിര്‍വഹിച്ചില്ലെന്ന് മാത്രമല്ല, അതിനായി ശക്തമായ സമ്മര്‍ദം ഉണ്ടായ സാഹചര്യത്തിലാണ് 13-ാം വകുപ്പ് എടുത്തുമാറ്റിയിരിക്കുന്നത്.
ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ 2025 മാര്‍ച്ചില്‍ വരുത്തിയ ഭേദഗതി ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളാന്‍ നിയമം അനുവദിക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. 2024 ജൂലൈ 30 ന് നടന്ന ദുരന്തമായതുകൊണ്ട് തന്നെ അന്നത്തെ നിയമമനുസരിച്ച് ദേശീയ ദുരന്ത നിവാരണ അതോറിക്കും കേന്ദ്രസര്‍ക്കാരിനും വയനാടിന് മേല്‍ ഉത്തരവാദിത്തമുണ്ട്. കേരള ഹൈക്കോടതി ഇടപെട്ട് ഇതില്‍ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ” സിദ്ദിഖ് പറഞ്ഞു.
വായ്പ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ അധികാരമില്ലെന്ന് പറഞ്ഞ് ദേശീയ ദുരന്തനിവാരണ അതോറിറ്റി ഒഴിയുമ്പോള്‍ പൂര്‍ണാധികാരം കേന്ദ്രസര്‍ക്കാരിനാണ്.
”ദുരന്തത്തില്‍ അകപ്പെട്ട ഭൂരിഭാഗം പേര്‍ക്കും സ്വന്തമായൊരു വീടോ ജോലിയോയില്ല. വാടകവീട്ടില്‍ താമസിക്കുന്നവരില്‍ പലരും, വീട്ടുടമ വാടക കൂട്ടിയത് കൊണ്ടോ ഒഴിയാന്‍ ആവശ്യപ്പെട്ടതുകൊണ്ടോ ഇതിനോടകം തന്നെ മൂന്നും നാലും വീടുകളില്‍ മാറിമാറി താമസിക്കേണ്ടി വന്നവരാണ്. ഇത്തരത്തില്‍ പലവിധ പ്രതിസന്ധികള്‍ ഒന്നൊഴിയാതെ ഞങ്ങളെ വേട്ടയാടുകയാണെന്ന്” ഷൈജ പറയുന്നു
”ദുരന്തം ഉണ്ടായത് മുതല്‍ പ്രദേശത്ത് നിന്ന് മാറിത്താമസിച്ച എല്ലാവര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ 6000 രൂപ വാടക നല്‍കുന്നുണ്ട്. കൂടാതെ ദുരന്തം നേരിട്ട് ബാധിച്ച വീടുകളിലെ രണ്ടുപേര്‍ക്ക് ദിവസം 300 രൂപ വീതം 18,000 രൂപ മാസത്തിലും സര്‍ക്കാര്‍ നല്‍കും. സ്വന്തമായൊരു വീടും തൊഴിലും ഉണ്ടായാല്‍ മാത്രമേ ജീവിതം സാധാരണ നിലയിലായെന്ന് പറയാന്‍ കഴിയൂ.
കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ ഞങ്ങള്‍ ആകെ പരിഭ്രാന്തരാണ്. ഇത്രയും വലിയ ഒരു ദുരന്തമുണ്ടായിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. അല്ലാതെ യാതൊരുവിധ സഹായവും വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതമേഖലയിലെ ആളുകള്‍ക്ക് കേന്ദ്രത്തില്‍ നിന്നും കിട്ടിയിട്ടില്ല. ആ ഒരു വിഷമം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയമത്തില്‍ കൂടി ഭേദഗതി വരുത്തിയിരിക്കുന്നത്” ഷൈജ പറഞ്ഞു.
അതേസമയം, നിയമഭേദഗതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. തികച്ചും മാനുഷികപരമായ പരിഗണനയോടെ ദേശീയ ദുരന്ത നിവാരണ നിയമത്തില്‍ ഉള്‍പ്പെടുത്തിയ 13-ാം വകുപ്പ് നീക്കം ചെയ്യുന്നത് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇരയായവരെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന് മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.
”കേന്ദ്രം വയനാടിനെ കൈയ്യൊഴിഞ്ഞാല്‍ വീടും ജീവനോപാധിയും ഉറ്റവരും നഷ്ടപ്പെട്ട ആളുകളുടെ മേല്‍ സാമ്പത്തിക ബാധ്യത കെട്ടിവച്ച് പുനരധിവാസം നടത്തിയിട്ട് കാര്യമില്ല. അതുകൊണ്ട് തന്നെ ദുരിതബാധിതരുടെ പുനരധിവാസത്തിന്റെ ഭാഗമായി ഇവരുടെ ബാധ്യത കേന്ദ്രം എഴുതിത്തള്ളിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ എഴുതിത്തള്ളാനുള്ള നടപടിയെടുക്കണമെന്നും” സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.wayanad disaster victims loans; central government waives off liabilities
Content Summary: wayanad disaster victims loans; central government waives off liabilities
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.