2024 ജൂലൈ 30… സമയം അര്‍ദ്ധരാത്രി 12.30… കോരിച്ചൊരിയുന്ന മഴ. പെയ്ത് വീഴുന്ന ഓരോ തുള്ളിയും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നു. ആകാശം നെഞ്ചുപൊട്ടി കരയുന്നതുപോലെ പേമാരി തുടര്‍ന്നുകൊണ്ടേയിരുന്നു. ആ രാത്രിയുടെ ദൈര്‍ഘ്യത്തിന് ദുഃസ്വപ്നത്തേക്കാള്‍ ഭീകരതയായിരുന്നു. പിന്നീട് ചുറ്റും നിലവിളികളും തേങ്ങലുകളും മാത്രമായി. നേരം പുലര്‍ന്നത് ചങ്ക് തകര്‍ന്ന വേദനയോടെയായിരുന്നു. എല്ലാം നഷ്ടപ്പെട്ട് നിലവിളിക്കുന്ന കുറേയധികം മനുഷ്യര്‍… ഉറ്റവരെ തേടി മണ്ണായ മണ്ണെല്ലാം അരിച്ചുപെറുക്കുന്നവര്‍…
വയനാട് ദുരന്തത്തില്‍ ഷഹീന് നഷ്ടമായത് വെറും ഉറ്റവരെയായിരുന്നില്ല, അവന്റെ ലോകം തന്നെയായിരുന്നു. ജീവന്റെ ഭാഗമായിരുന്ന ഉപ്പ, ഉമ്മ, മൂത്ത സഹോദരി, പതിനാറ് ദിവസം മാത്രം പ്രായമുള്ള സഹോദരിയുടെ കുഞ്ഞ്… കുത്തിയൊലിച്ച മലവെള്ളം ആ ജീവിതങ്ങളെ അവന്റെ ഓര്‍മ്മകളില്‍ മാത്രമാക്കി.
മഴ ദുരന്തമായി മണ്ണിനോട് ചേര്‍ന്നപ്പോള്‍ ഷഹീൻ കണ്ണൂരിലെ മദ്രസയില്‍ ഉസ്താദാകാന്‍ പഠിക്കുകയായിരുന്നു. മുണ്ടക്കൈയിലെ ഹാരിസണ്‍ എസ്‌റ്റേറ്റ് തൊഴിലാളിയായിരുന്നു ഷഹീന്റെ ഉപ്പ സുബൈര്‍ മുണ്ടശേരി. അമ്മ ഹാജിറ ഏലം എസ്‌റ്റേറ്റിലെ തൊഴിലാളിയുമായിരുന്നു. മണ്ണിന്റെ മണമുള്ള പാഡിയിലെ ചെറിയ വീട്ടിലായിരുന്നു ഷഹീന്റെ കുടുംബം താമസിച്ചിരുന്നത്. പ്രസവത്തിനായി വീട്ടിലെത്തിയതായിരുന്നു സഹോദരി സുഹൈന. ഒരു കുഞ്ഞ് ജീവനും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ചോരയുടെ ചൂടുമണം മാറിയിട്ടില്ലാത്ത ആ കുഞ്ഞുവാവയെ ലാളിക്കാന്‍ പോലും ഷഹീന് കഴിഞ്ഞിട്ടില്ല. അതിനുമുമ്പേ രൗദ്രഭാവം പൂണ്ട മഴ മലയിറങ്ങി പാഡിയെയും അതിലെ നിസ്സഹായരായ ജീവിതങ്ങളെയും അപ്പാടെ കവര്‍ന്നെടുത്തു. ആര്‍ത്തലച്ചുവന്ന മലവെള്ളപ്പാച്ചിലിന് മുന്നില്‍ അവരുടെ സ്വപ്നങ്ങളും വീടുകളും മണ്‍കൂനകളായി മാറി.
ഉരുള്‍പൊട്ടിയതറിഞ്ഞയുടന്‍ നെഞ്ചുരുകുന്ന പ്രാര്‍ത്ഥനയോടെയാണ് ഷഹീൻ ജനിച്ച മണ്ണിലേക്ക് ഓടിയെത്തിയത്. ആ നിമിഷം അവന്റെ ഹൃദയം ഉച്ചത്തില്‍ നിലവിളിക്കുന്നുണ്ടായിരുന്നു… ‘ഉറ്റവര്‍ക്ക് ഒന്നും സംഭവിക്കല്ലേ എന്ന്…’. എന്നാല്‍ പ്രാര്‍ത്ഥനകളെയെല്ലാം വിഫലമാക്കി, അതുവരെ താന്‍ ജീവിച്ച പാഡി, പാറക്കല്ലുകളും ചെളിയും മണ്ണും വീണ് തരിശായി മാറിയിരുന്നു. ചുറ്റിനും പച്ചപ്പ് വിരിച്ച് നിന്ന തേയിലത്തോട്ടങ്ങള്‍ പോലും ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായി. വീടിരുന്ന ഭാഗം പോലും കണ്ടാല്‍ മനസ്സിലാകാത്ത വിധം മാറിപ്പോയിരുന്നു. ഒരാഴ്ച മുമ്പ് പനിയായി വീട്ടില്‍ വന്നുപോയതായിരുന്നു ഷഹീൻ. അന്ന് അവരെല്ലാം അവനെ യാത്രയാക്കിയത് ചിരിച്ചുകൊണ്ടായിരുന്നു. പിന്നീട് ആ മണ്ണിലേക്ക് അവനെത്തിയത് വിറങ്ങലിച്ച മനസ്സോടെയായിരുന്നു, കണ്ടതൊന്നും വിശ്വസിക്കാനാവാതെ.
വലിയ പരിക്കുകളില്ലാതെ തന്നെ സഹോദരി സുഹൈനയുടെ മൃതദേഹം കണ്ടെത്താനായി. അത് അവന്റെ മനസ്സില്‍ ചെറിയൊരു ആശ്വാസത്തിന്റെ നൊമ്പരം പടര്‍ത്തി. പിന്നെ ഉപ്പയ്ക്കും ഉമ്മയ്ക്കും, പതിനാറ് ദിവസം മാത്രം പ്രായമുള്ള ആ കുഞ്ഞുവാവയ്ക്കും വേണ്ടിയുള്ള തിരച്ചിലായിരുന്നു. മണിക്കൂറുകള്‍ ദിവസങ്ങളായി മാറി. ഓരോ ദിവസവും കഴിയുന്തോറും അവന്റെ പ്രതീക്ഷകള്‍ മങ്ങിത്തുടങ്ങി. ഒടുവില്‍, തിരിച്ചറിയാന്‍ സാധിക്കാത്ത, ചിതറിത്തെറിച്ച മൃതദേഹങ്ങള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാനേ ഈ ഇരുപതുകാരന് കഴിഞ്ഞുള്ളൂ. അപ്പോഴേക്കും അവന്റെ കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നിരുന്നു. തന്റെ പ്രിയപ്പെട്ടവരുടെ ശരീരഭാഗങ്ങള്‍ ഏതെന്ന് തിരയുമ്പോള്‍ അവന്റെ കണ്ണുകളിലെ കണ്ണീര്‍ വറ്റിയിരുന്നു. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയിലാണ് ഷഹീന് തന്റെ ഉപ്പയുടെയും ഉമ്മയുടെയും ശരീരഭാഗങ്ങള്‍ തിരികെ ലഭിച്ചത്. ആ നിമിഷം അവനില്‍ നിസംഗതയുടെ നേര്‍ത്തശ്വാസം മാത്രമായിരുന്നു…
പിന്നീട് അതുവരെ കണ്ടപോലെയായിരുന്നില്ല ആ ഗ്രാമം. വീശുന്ന ഓരോ കാറ്റിനും മരണത്തിന്റെ ഗന്ധമായിരുന്നു, ഹൃദയം നുറുങ്ങുന്ന നിലവിളികളുടെ അലര്‍ച്ചകള്‍. ചുറ്റിനും മരണത്തിന്റെ മണമുള്ള പൂക്കള്‍… അരുവികളിലൊഴുകുന്നത് അവിടുത്തെ മനുഷ്യരുടെ കണ്ണുനീരും… മഴ ശേഷിപ്പിച്ച ചോരയുടെ ഗന്ധമുള്ള ആ മണ്ണിനടിയിലെവിടെയോ, ആ പതിനാറ് ദിവസം മാത്രം പ്രായമുള്ള ചോരക്കുഞ്ഞിന്റെ ശരീരവും ഒരു ഓര്‍മ്മയായി അലിഞ്ഞു ചേര്‍ന്നിരുന്നു.
വയനാട് മുട്ടില്‍ വാടകയ്ക്ക് എടുത്ത വീട്ടില്‍ ആരോടും പരാതികളോ പരിഭവമോ ഇല്ലാതെ, പങ്കുവയ്ക്കലുകളില്ലാതെ… ഒറ്റപ്പെടലിന്റെ, വേര്‍പാടിന്റെ, ശൂന്യതയുടെ നികത്താനാകാത്ത നഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് ഷഹീൻ സ്വയം ജീവിക്കുന്നു. രാത്രിയുടെ ഏകാന്തതയില്‍ ഓര്‍മകള്‍ വീര്‍പ്പുമുട്ടിക്കുമ്പോള്‍ തന്നെത്തന്നെ പഴിച്ച് കാലം കഴിക്കുന്നു. കേള്‍ക്കാനൊരാളില്ലാതെ, കയറിച്ചെല്ലാനൊരിടമില്ലാതെ തീര്‍ത്തും ഒറ്റപ്പെട്ട്… ”ആരേയും ബുദ്ധിമുട്ടിക്കാതെ ഒറ്റയ്ക്ക് ജീവിക്കുന്നതല്ലേ നല്ലത്” ഷഹീൻ ചോദിക്കുന്നു.
ഷഹീൻ മാത്രമല്ല, അച്ഛനേയും അമ്മയേയും സഹോദരിയെയും നഷ്ടപ്പെട്ട ജിജേഷ്, അച്ഛനും അമ്മയും നഷ്ടമായ ശില്പയും, സ്‌നേഹയും, ഭര്‍ത്താവും രണ്ട് മക്കളും ഇല്ലാതായ റെജീന ജോണി ഇങ്ങനെ നിരവധി പേരാണ് ബന്ധുക്കള്‍ പലരുമുണ്ടെങ്കിലും അനാഥത്വത്തിന്റെ ഭാരംപേറി വയനാടന്‍ മലനിരകളില്‍ ജീവിച്ചുതീര്‍ക്കുന്നത്. ഉരുള്‍പൊട്ടലിനെക്കാള്‍ വലിയ നിസംഗതയും വേദനയുമാണ് അവരുടെയെല്ലാം കണ്ണുകളില്‍ കാണാന്‍ കഴിയുക.
മഴ വീണ്ടും ആര്‍ത്തിരമ്പുമ്പോള്‍ തന്നില്‍ നിന്നും കവര്‍ന്നെടുത്തവരെ ഇനി ഒരിക്കലും കാണാനാകില്ലെന്ന സത്യത്തോട് ഇവരെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു. നഷ്ടപ്പെട്ട വേദനകള്‍ മൂടിവയ്ക്കാന്‍ പറ്റാത്തതാണെങ്കിലും ആരെങ്കിലുമൊന്ന് ചേര്‍ത്ത് പിടിക്കാന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് മാത്രമാണ് ഇവരുടെയൊക്കെ ആശയറ്റ മനസ്സുകളിലെ ഏക സ്വപ്നം.
എന്നാല്‍ ഇവരുടെ തേങ്ങലുകള്‍ ഓരോ മഴയിലും ആരുമറിയാതെ കടലിനൊപ്പം അലിഞ്ഞുചേരുന്നു. എന്താണ് ഇനി ഇവര്‍ ആഗ്രഹിക്കുന്നത്? നല്ലൊരു ജോലിയോ… സുരക്ഷിതമായ വീടോ… അതോ ഉറ്റവരുമായുള്ള കുടുംബമോ… എന്നാല്‍ അതൊന്നുമായിരുന്നില്ല അവരുടെ ഉത്തരം… തങ്ങള്‍ ഒറ്റയ്ക്കല്ലെന്ന് പറഞ്ഞ് ചേര്‍ത്ത് നിര്‍ത്തുന്നവര്‍… ഈ ലോകം തങ്ങളെ ഉപേക്ഷിക്കുന്നില്ല എന്ന് മനസ്സിലാക്കി തരുന്നവര്‍… എവിടെയാണ് ഇവര്‍ തേടുന്ന ആ മനുഷ്യര്‍?…
content summary: Wayanad’s Year of Tears: Shaheen Grapples with Irreparable Loss
This post was last modified on July 30, 2025 10:56 am
Leave a Comment