June 26, 2026 |
Share on

സമൂഹമാധ്യമത്തില്‍ നമ്മളെല്ലാം നഗ്നരാണ്; ‘നേക്കഡ്’ യൂ ടൂബില്‍

സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്

ദേവ് ഡി എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയയായ അഭിനേത്രിയായ കല്‍ക്കി കൊയേഷ്‌ലിന്റെ പുതിയ ഹൃസ്വചിത്രം ‘നേക്കഡ്’ സമൂഹമാധ്യമങ്ങളില്‍ റിലീസ് ചെയ്തു. സമൂഹമാധ്യമങ്ങളില്‍ വ്യക്തികളുടെ സ്വകാര്യതയ്ക്ക് നേരെയുണ്ടാകുന്ന കടന്നുകയറ്റമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ കല്‍ക്കിയ്‌ക്കൊപ്പം ബംഗാളി അഭിനേത്രി റിതാഭരി ചക്രബര്‍ത്തിയും നേക്കഡില്‍ അഭിനയിക്കുന്നുണ്ട്.

‘സമൂഹമാധ്യമത്തിന്റെ ലളിതമായ വേദിയില്‍ നാമെല്ലാം നഗ്നരാണ്’ എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ സാന്‍ഡി എന്ന നടയായാണ് കല്‍ക്കി അഭിനയിക്കുന്നത്. ജീവിതത്തെ ലാഘവത്തോടെ കാണുമ്പോളും വളരെ കരുത്തുറ്റ സ്ത്രീയാണ് അവള്‍. അവളുടെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രത്തിലെ ഒരു ലൈംഗിക രംഗം ചോരുകയും അത് സമൂഹമാധ്യമത്തില്‍ വൈറലാകുകയും ചെയ്യുന്നു.

ലീക്ക് ആയ വീഡിയോയെ ലക്ഷ്യം വച്ച് തന്റെ ബോസ് തയ്യാറാക്കിയ ചോദ്യാവലിയുമായി റിയ എന്ന മാധ്യമപ്രവര്‍ത്തക സാന്‍ഡിയെ അഭിമുഖം ചെയ്യാനെത്തുന്നു. ‘പുരുഷന്മാര്‍ നിങ്ങളുടെ നഗ്നത കണ്ടു, ഇനിയും അവര്‍ നിങ്ങളെ ബഹുമാനിക്കുമെന്ന് കരുതുന്നുണ്ടോ?’ തുടങ്ങിയ ചോദ്യങ്ങളാണ് റിയ ചോദിക്കുന്നത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ആത്യന്തികമായി സാന്‍ഡി പറയുന്ന മറുപടിയാണ് സമൂഹമാധ്യമത്തിന്റെ ലളിതമായ വേദിയില്‍ നാമെല്ലാം നഗ്നരാണെന്നത്.

രാകേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. എന്‍ജിഒയായ സ്‌കഡ് ആണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. റിതാഭരിയുടെ അമ്മ സതരുപ സന്യാല്‍ ആണ് ഇതിന്റെ മേധാവി. എഴുത്തുകാരി കൂടിയായ കല്‍ക്കിയും റിതാഭരിയും ചേര്‍ന്നാണ് ചിത്രത്തിന്റെ ആശയം വികസിപ്പിച്ചെടുത്തത്. ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടിനാണ് ചിത്രം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

×